മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയിലൂടെ എഡിറ്റിങ് രംഗത്തേക്ക് കടന്നുവന്നയാളാണ് ഷമീര്‍ മുഹമ്മദ്. ഒമ്പത് വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ അദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട്. അങ്കമാലി ഡയറീസ്, ടര്‍ബോ, എ.ആര്‍.എം, തുടങ്ങിയ ചിത്രങ്ങള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച ഷമീര്‍ മുഹമ്മദ് റാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിംചേഞ്ചറിലൂടെ തെലുങ്കിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
ഗെയിം ചേഞ്ചറില്‍ വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ഷമീര്‍ മുഹമ്മദ്. ഫൈറ്റ് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് വഴിയാണ് താന്‍ ഗെയിം ചേഞ്ചറിലേക്ക് എത്തിയതെന്ന് ഷമീര്‍ പറഞ്ഞു. താന്‍ സ്‌പോട്ട് എഡിറ്ററായി വര്‍ക്ക് ചെയ്ത കാലം മുതല്‍ക്ക് അവരെ അറിയാമെന്നും അവരാണ് ഷങ്കറിനോട് തന്റേ പേര് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷം മാത്രമേ ആ സിനിമയുടെ വര്‍ക്ക് ഉണ്ടാകുള്ളൂ എന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും എന്നാല്‍ മൂന്ന് വര്‍ഷത്തോളം ആ സിനിമയില്‍ വര്‍ക്ക് ചെയ്യേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ താന്‍ ഏറ്റെടുത്ത സിനിമകള്‍ മുടങ്ങുമെന്ന ഘട്ടത്തില്‍ ആ സിനിമ മാറ്റിവെച്ച് തിരിച്ചുവന്നെന്നും വളരെ മോശം അനുഭവമായിരുന്നു ഷങ്കറില്‍ നിന്ന് നേരിട്ടതെന്നും ഷമീര്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ഷമീര്‍ മുഹമ്മദ്.
‘ഗെയിം ചേഞ്ചറിലേക്ക് എത്തിയത് ഫൈറ്റ് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് വഴിയാണ്. ഞാന്‍ സ്‌പോട്ട് എഡിറ്ററായി വര്‍ക്ക് ചെയ്യുന്ന കാലം മുതല്‍ അവരെ അറിയാം. ഷങ്കറിനോട് എന്റെ പേര് സജസ്റ്റ് ചെയ്തത് അവരാണ്. വലിയൊരു സിനിമയായതുകൊണ്ട് ഒരു വര്‍ഷത്തോളം ആ പടത്തില്‍ വര്‍ക്ക് ചെയ്യേണ്ടി വരുമെന്ന് കരുതിയാണ് പോയത്.
പക്ഷേ, മൂന്ന് വര്‍ഷത്തോളം ആ പടത്തില്‍ വര്‍ക്ക് ചെയ്യേണ്ടി വന്നു. പലപ്പോഴും ഷങ്കര്‍ എന്നെ ചെന്നൈയിലേക്ക് വര്‍ക്കുണ്ടെന്ന് പറഞ്ഞ് വിളിക്കും. അവിടെ ചെല്ലുമ്പോള്‍ പുള്ളി ഉണ്ടാകില്ല. എന്തെങ്കിലും തിരക്ക് ഉണ്ടെന്ന് പറഞ്ഞ് എന്നെ പോസ്റ്റാക്കും. കൊച്ചിയിലേക്ക് തിരിച്ച് വരാനും പറ്റില്ല. അങ്ങനെ 300 ദിവസത്തോളം പലപ്പോഴായി ചെന്നൈയില്‍ വെറുതെ ഇരിക്കേണ്ടി വന്നു. ഈ പടമാണെങ്കില്‍ തീരുന്നുമില്ല എന്ന അവസ്ഥ വന്നു.
എനിക്കാണെങ്കില്‍ ഇവിടെ എ.ആര്‍.എം, രേഖാചിത്രം, മാര്‍ക്കോ ഈ മൂന്ന് പടങ്ങളുടെ വര്‍ക്ക് പെന്‍ഡിങ്ങായി കിടക്കുകയായിരുന്നു. ഗെയിം ചേഞ്ചറിന് വേണ്ടി ഈ സിനിമകള്‍ ഒഴിവാക്കാന്‍ എനിക്ക് തോന്നിയില്ല. ഏഴ് മണിക്കൂര്‍ ഉണ്ടായിരുന്ന ഗെയിം ചേഞ്ചറിന്റെ ഫൂട്ടേജ് മൂന്ന് മണിക്കൂറാക്കി വെച്ചിട്ട് ഞാന്‍ തിരിച്ചുവന്നു. പിന്നീട് വേറൊരു എഡിറ്റര്‍ വന്നിട്ട് ആ പടം രണ്ടേമുക്കാല്‍ മണിക്കൂറാക്കി. ഷങ്കറില്‍ നിന്ന് വളരെ മോശം അനുഭവമായിരുന്നു കിട്ടിയത്. തിരിച്ചെത്തിയ ശേഷം ആദ്യം തന്നെ ഷങ്കറിനെ ബ്ലോക്ക് ചെയ്തു,’ ഷമീര്‍ മുഹമ്മദ് പറഞ്ഞു.
Content Highlight: Editor Shameer Muhammed shares the bad experience he faced from Director Shankar