കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ബാങ്കിലും പ്രതികളുടെ വീട്ടിലും ഇ.ഡി റെയ്ഡ്
Kerala News
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ബാങ്കിലും പ്രതികളുടെ വീട്ടിലും ഇ.ഡി റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2022, 11:50 am

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെത്തുടര്‍ന്ന് ബാങ്ക് ഹെഡ് ഓഫീസിലും കേസിലെ പ്രതികളുടെ വീട്ടിലും ഇ.ഡി റെയ്ഡ്. ഒരേസമയം പ്രതികളുടെ വീട്ടിലും ബാങ്കിലുമായാണ് പരിശോധന നടത്തുന്നത്.

സഹകരണ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ വീട്ടിലും മുഖ്യപ്രതി ബിജോയി, പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം എന്നിവരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്

കൊച്ചിയില്‍ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനായാണ് പരിശോധനയെന്നാണ് വിവരം.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. നിക്ഷേപകര്‍ക്ക് കേരള ബാങ്ക് പണം കൊടുക്കുമോയെന്നും കോടതി ചോദിച്ചു. നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഈട് നല്‍കി വായ്പയെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്നും, ടോക്കണ്‍ അനുസരിച്ച് പണം തിരികെ നല്‍കുന്ന സംവിധാനം നിര്‍ത്തിവെക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇനിയും കുറ്റപത്രം നല്‍കാനായിട്ടില്ല. നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കുമെന്ന സഹകരണ വകുപ്പ് മന്ത്രിയും ഉറപ്പു നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 219 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

Content Highlight: ED Raid in Karuvannur bank and culprits houses