മോഹന്‍ലാലിനൊപ്പം എന്നേയും കാസ്റ്റ് ചെയ്യുമോയെന്ന് പ്രിയദര്‍ശനോട് ചോദിക്കണം: അക്ഷയ് കുമാര്‍
Film News
മോഹന്‍ലാലിനൊപ്പം എന്നേയും കാസ്റ്റ് ചെയ്യുമോയെന്ന് പ്രിയദര്‍ശനോട് ചോദിക്കണം: അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th August 2022, 11:22 am

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം രക്ഷാ ബന്ധന്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അക്ഷയ് നടത്തിയ പരാമര്‍ശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മോഹന്‍ലാലിനൊപ്പം തന്നെ സിനിമയില്‍ കാസ്റ്റ് ചെയ്യണമെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. പ്രൊമോഷന്‍ പരിപാടി കാണാനെത്തിയ മലയാളിയായ യുവാവ് രക്ഷാബന്ധന്‍ മലയാളത്തില്‍ റീക്രിയേറ്റ് ചെയ്ത താങ്കള്‍ അതില്‍ അഭിനയിക്കുമോ എന്നാണ് ചോദിച്ചത്.

താങ്കള്‍ നിരവധി മലയാളം സിനിമകള്‍ ബോളിവുഡില്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. രക്ഷാബന്ധന്റെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ ഈ സിനിമയിലേക്ക് ആര്‍ക്കും കണക്റ്റ് ചെയ്യാന്‍ പറ്റുമെന്നാണ് തോന്നിയത്. ഈ സിനിമ മലയാളത്തില്‍ റീക്രിയേറ്റ് ചെയ്ത് അതില്‍ നിങ്ങളും അഭിനയിക്കുന്നതിനോട് എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം.

‘മലയാളത്തില്‍ അഭിനയിക്കുന്നതില്‍ എനിക്ക് ഇഷ്ടമാണ്. പക്ഷേ എനിക്ക് മലയാളം പറയാന്‍ അറിയില്ല. മറ്റൊരാള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? എന്റെ ശബ്ദത്തില്‍ തന്നെ അത് കേള്‍ക്കാനാണ് എനിക്ക് ഇഷ്ടം.

രജനികാന്തിനൊപ്പം തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു കന്നഡ സിനിമയും ചെയ്തിട്ടുണ്ട്. എന്തായാലും ഇതിനെ പറ്റി പ്രിയദര്‍ശനോട് സംസാരിക്കണം, എന്നിട്ട് മോഹന്‍ലാലിനൊപ്പം എന്നെ കൂടി കാസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കണം,’ അക്ഷയ് കുമാര്‍ പറഞ്ഞു.

ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന രക്ഷാ ബന്ധന്‍ ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്യുന്നത്. സഹോദരിമാര്‍ക്കായി ജീവിതം മാറ്റിവെച്ച സഹോദരന്റെ കഥയാണ് രക്ഷാ ബന്ധന്‍. സാദിയ, ഭൂമി പട്‌നേക്കര്‍, ദീപിക ഖന്ന, സഹില്‍ മേത്ത, അമര്‍ദീപ് ചഹല്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിഷേക് ശര്‍മയുടെ രാമ സേതുവാണ് അണിയറയിലൊരുങ്ങുന്ന അക്ഷയ് കുമാറിന്റെ മറ്റൊരു ചിത്രം. രാമസേതു പാലം ഒരു മിഥ്യയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിക്കാന്‍ പുറപ്പെട്ട പുരാവസ്തു ഗവേഷകനെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുങ്ങുന്നത്. അക്ഷയ് കുമാറിന് പുറമേ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നുഷ്രത്ത് ഭരുച്ച, സത്യ ദേവ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാവുന്നത്.

Content Highlight: Akshay Kumar says he should ask Priyadarshan if he will cast me along with Mohanlal