കിഫ്ബിയുടെ മസാല ബോണ്ടിലും ഇ.ഡി അന്വേഷണം; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജി തന്നെ ഇറങ്ങിയിരിക്കുകയാണെന്ന് ധനമന്ത്രി
Kerala News
കിഫ്ബിയുടെ മസാല ബോണ്ടിലും ഇ.ഡി അന്വേഷണം; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജി തന്നെ ഇറങ്ങിയിരിക്കുകയാണെന്ന് ധനമന്ത്രി
ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 11:29 am

തിരുവനന്തപുരം: കിഫ്ബി വഴി ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും മസാല ബോണ്ടുകള്‍ വാങ്ങിയ കേരള സര്‍ക്കാര്‍ നടപടിയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.

മസാല ബോണ്ടുകള്‍ വാങ്ങിയ കിഫ്ബി നടപടിക്കെതിരെ സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. കിഫ്ബിക്കും മസാല ബോണ്ടിനും നല്‍കിയ അനുമതികളെക്കുറിച്ച് ആര്‍.ബി.ഐയില്‍ നിന്നും ഇ.ഡി വിവരങ്ങള്‍ തേടിയെന്നാണ് റിപ്പോര്‍ട്ട്.

കിഫ്ബിയുടെ കടമെടുപ്പ് സര്‍ക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കും.

എന്നാല്‍ സി.എ.ജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമല്ലെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജി തന്നെ ഇറങ്ങിയിരിക്കുകയാണെന്നും വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

സി.എ.ജിയുടെ കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബി.ജെ.പിയുമായി ഒത്തുകളിച്ച് ഇ.ഡിയെ ഇറക്കി പ്രതിപക്ഷം കിഫ്ബിയെ തകര്‍ക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

സ്പീക്കറുടെ വിശദീകരണ കത്ത് ലഭിച്ചിട്ടുണ്ടെന്നും മറുപടി നല്‍കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

ചര്‍ച്ചയായ സി.എ.ജി റിപ്പോര്‍ട്ടില്‍ കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നതായിരുന്നു പ്രധാന കണ്ടെത്തല്‍. രാജ്യത്തിന് പുറത്ത് നിന്നും സംസ്ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സി.എ.ജി കാണുന്നത്.

സി.എ.ജി റിപ്പോര്‍ട്ടിലെ മറ്റൊരു ആക്ഷേപം കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പകളാണ് എന്നതാണ്. ഓഫ് ബജറ്റ് വായ്പകളെന്നാല്‍ ബജറ്റില്‍പ്പെടുത്താത്തതും എന്നാല്‍ ബജറ്റിന് ബാധ്യത വരുത്തുന്നതുമായ വായ്പകളാണ്. കിഫ്ബി വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാണ് എന്നാണ് മറ്റൊരു കണ്ടെത്തല്‍.

ഇതുവഴി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വായ്പ എടുക്കാന്‍ സാധിക്കില്ലെന്ന ഭരണഘടനയുടെ 293 അനുച്ഛേദം 1 നെ ലംഘിക്കുകയാണ് എന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഏതെല്ലാം പ്രൊജക്ടുകളാണ് കിഫ്ബി വഴി നടത്തുന്നതെന്ന് നിയമസഭയില്‍ അറിയിക്കുന്നത് കൊണ്ട് ഇത് ഓഫ് ബജറ്റ് ബോറോവിങ്ങ് ആകുന്നില്ല എന്നാണ് ധനമന്ത്രി വിഷയത്തില്‍ മറുപടി നല്‍കിയത്.

കിഫ്ബി പ്രൊജക്ട് അനുവദിക്കുന്നതിന് മുന്‍പ് ലയബിലിറ്റി പരിശോധിക്കും. കിഫ്ബി പ്രൊജക്ടുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ അസറ്റുകള്‍ വായ്പ തിരിച്ചടവിന് മുകളിലായിരിക്കുമെന്നും ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സി.എ.ജി, കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന് പറയുമ്പോള്‍ ഈ മോഡലിന്റെ പ്രശ്‌നങ്ങള്‍ എന്തെന്ന് കൂടി പറയണമെന്നാണ് ധനമന്ത്രി ആവശ്യപ്പെട്ടിരുന്നത്.

കിഫ്ബി ഒരു കോര്‍പ്പറേറ്റ് ബോഡിയാണ്. അത് സംസ്ഥാനത്തില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ കിഫ്ബിയുടെ വായ്പ സംസ്ഥാനം എടുക്കുന്ന വായ്പയല്ല അത് ഒരു കോര്‍പ്പറേറ്റ് ബോഡി എടുക്കുന്നതാണ്. കോര്‍പ്പറേറ്റ് ബോഡിക്ക് വിദേശ വായ്പ എടുക്കാനുള്ള അവകാശമുള്ളതുകൊണ്ട് തന്നെ അത് ഒരു നിയമത്തിന്റെ ലംഘനമാകുന്നുമില്ല എന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ED investigation on KIIFB Masala Bond