കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കൊ-വിന്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍
Covid Update
കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കൊ-വിന്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 7:03 pm

കോഴിക്കോട്: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കൊ-വിന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ വാക്‌സിന്‍ എത്തിക്കുന്നതുമുതല്‍ സ്റ്റോക്ക്, വിതരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആണ് ഉണ്ടാവുക.

ഐ.സി.എം.ആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ ഏജന്‍സികളും സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമുള്ള ഡാറ്റകള്‍ ക്രോഡീകരിക്കാനും ആപ്പ് ഉപയോഗിക്കും.

രാജ്യത്ത് 20,000 വാക്‌സീന്‍ സംഭരണ കേന്ദ്രങ്ങളാണ് ഇതിന് വേണ്ടി സജ്ജമാക്കുന്നത്. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വാക്‌സീന്‍ ഷെഡ്യൂള്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഈ ആപ്പ് വഴിയാണ് നോക്കുക.

ഡിസംബര്‍ മാസത്തോടെ ഇന്ത്യയില്‍ 10 കോടി ഡോസ് കൊവിഡ് വാക്സിന്‍ എത്തിക്കാനായേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവല്ല നേരത്തെ പറഞ്ഞിരുന്നു.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സ്റ്റിയുടെ കീഴില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് എന്ന വാക്സിന്‍ രാജ്യത്ത് 2-3 ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്.

അതേസമയം രാജ്യത്തെ സാധാരണക്കാരായ ജനങ്ങളിലേക്ക് വാക്സിനെത്താന്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടറും രാജ്യത്തെ കൊവിഡ് ടാസ്‌ക് ഫോഴ്സ് മാനേജ്മെന്റ് ഗ്രൂപ്പിലെ അംഗവുമായ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നു. ഒരു വര്‍ഷത്തിന് ശേഷം കൊവിഡ് വാക്സിന്‍ ഇന്ത്യന്‍ വിപണിയില്‍ സുലഭമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Govt launches Co-Win app to distribute Covid vaccine