സാമ്പത്തിക സംവരണം മെഡിക്കല്‍ മേഖലയിലേക്കും; മെഡിക്കല്‍ സീറ്റില്‍ പത്ത് ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക്
governance
സാമ്പത്തിക സംവരണം മെഡിക്കല്‍ മേഖലയിലേക്കും; മെഡിക്കല്‍ സീറ്റില്‍ പത്ത് ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2019, 2:00 pm

തിരുവനന്തപുരം: സാമ്പത്തിക സംവരണം മെഡിക്കല്‍ മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 10 ശതമാനം സീറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ചെയ്യും.

എം.സി.ഐ മാര്‍ഗ നിര്‍ദേശപ്രകാരമായിരിക്കും 10 ശതമാനം സംവരണം. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നാളെ ഉണ്ടാകും. സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിയാല്‍ സര്‍ക്കാര്‍ കോളേജുകളില്‍ 25 ശതമാനംവരെ സീറ്റ് വര്‍ധിപ്പിച്ച് നല്‍കാമെന്ന് എം.സി.ഐ നിര്‍ദേശമുണ്ട്. ഇത് ഓരോ കോളേജുകളിലെയും സൗകര്യങ്ങളെ അടിസ്ഥാനമാക്കി ഏതെല്ലാം കോളേജുകളില്‍ സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനാകുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിക്കും.

സാമ്പത്തികസംവരണം ഉത്തരവിറങ്ങിയശേഷം പ്രവേശന കമീഷണര്‍ കീം പ്രോസ്‌പെക്ടസില്‍ ആവശ്യമായ ഭേദഗതി വരുത്തി പ്രവേശന വിജ്ഞാപനം ഇറക്കും. 25 ശതമാനം സീറ്റ് വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ് പഠനം സാധ്യമാകുമെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമ്പത്തിക സംവരണം നടപ്പില്‍ വരുമ്പോള്‍ ജനറല്‍ വിഭാഗത്തിലും മറ്റ് സംവരണ വിഭാഗത്തിലും സീറ്റുകള്‍ കുറവ് വരാന്‍ ഇടയാക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ്. കുറവ് പരിഹരിക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

സംസ്ഥാനത്ത് ഇത്തവണ 550 എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അനുമതി ലഭ്യമാകാതിരുന്ന തൊടുപുഴ അല്‍ അസ്ഹര്‍, പത്തനംതിട്ട മൗണ്ട് സിയോണ്‍, ഒറ്റപ്പാലം പി.കെ ദാസ് മെഡിക്കല്‍ എന്നീ സ്വാശ്രയ കോളേജുകള്‍ക്കുകൂടി എം.സി.ഐ അനുമതി ലഭ്യമായ സാഹചര്യത്തിലാണിത്. ഇവയില്‍ അല്‍അസഹര്‍, മൗണ്ട് സിയോണ്‍ എന്നിവയില്‍ 150 സീറ്റ് വീതവും പി കെ ദാസില്‍ 100 സീറ്റുമാണുള്ളത്. വയനാട് ഡി.എം കോളേജിന് 150 സീറ്റിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം പ്രവേശനത്തിന് അനുമതിയുള്ള 19 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ആകെ സീറ്റുകളുടെ എണ്ണം 2150 ആയി.

എന്നാല്‍ ഇപ്പോള്‍ ഉയര്‍ത്തിയ സംവരണ സീറ്റിലെ ഫീസ് ഏത് തരത്തില്‍ നിശ്ചയിക്കുമെന്ന ആശയക്കുഴപ്പം നില നില്‍ക്കുകയാണ്. സ്വാശ്രയ കോളേജുകളില്‍ ഒരേ ഫീസ് ഘടന മാത്രമേ പാടുള്ളൂ, ക്രോസ് സബ്‌സിഡി പാടില്ലെന്നുമാണ് കോടതി ഉത്തരവെന്നിരിക്കെ ഇളവ് നല്‍കുന്ന ഫീസ് ആര് വഹിക്കുമെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ നിലപാട്.

കഴിഞ്ഞ വര്‍ഷം 15 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലായി 1600 സീറ്റുകളിലേക്കായിരുന്നു പ്രവേശനം. സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം ഉള്‍പ്പെടെ 10 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 1400 സീറ്റുകളും ചേര്‍ത്ത് ആകെ 3550 സീറ്റുകളുമുണ്ട്. പരിയാരം മെഡിക്കല്‍ സീറ്റുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ സീറ്റുകളായിട്ടുണ്ട്.

അതേസമയം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനായി എം.ബി.ബി.എസ് കോഴ്‌സിന് 10 ശതമാനം അധിക സീറ്റ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചൊല്ലി വിവാദം. സ്വാശ്രയ കോളേജുകള്‍ക്ക് ഉള്‍പ്പെടെ ബാധകമാക്കിയാണ് ഇന്നലെ ഉത്തരവിറക്കിയത്. എന്നാല്‍ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളേജുകളെ സീറ്റ് കൂട്ടുന്നതില്‍ നിന്ന് ഒഴിവാക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കുള്‍പ്പെടെ സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയത് വിവാദത്തിനും വഴിവച്ചു.

മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത വര്‍ക്കല എസ്ആര്‍ കോളേജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജ് എന്നിവയും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കുന്നു.

നേരത്തെ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയതും കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സംവരണത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തതും വിവാദമായിരുന്നു.