പാരീസ്: അവിശ്വാസ വോട്ടെടുപ്പില്‍ പുറത്തായ മുന്‍ പ്രധാന മന്ത്രിയുടെ സാമ്പത്തിക നയത്തില്‍ മാറ്റം ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. ട്രേഡ് യൂണിയനുകളുടെ ആഹ്വാനം ഏറ്റെടുത്ത് എട്ട് ലക്ഷത്തിലധികം ജനങ്ങൾ ഇന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ഉയര്‍ന്ന സാമ്പത്തിക കമ്മിയും കടബാധ്യതയും ഫ്രാന്‍സ് നേരിടുന്നതിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചതിനെതിരെയാണ് പ്രതിഷേധം.
ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കിക്കൊണ്ടുള്ള ബജറ്റ് വെട്ടിച്ചുരുക്കലിന് പകരം സമ്പന്നര്‍ക്ക് കൂടതല്‍ നികുതി ചുമത്തണമെന്നും പെന്‍ഷന്‍ പ്രായം 64 ആയി ഉയര്‍ത്തിയത് പിന്‍വലിക്കണമെന്നും അവധി ദിനങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പൊതുമേഖലാ ജീവനക്കാരും അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും കര്‍ഷകരുമുള്‍പ്പെടെ എട്ട് ലക്ഷത്തോളം പേരാണ് ട്രേഡ് യൂണിയനുകളുടെ ആഹ്വാനം ഏറ്റെടുത്ത് പ്രതിഷേധത്തിന് ഇറങ്ങിയത്.
80000 പോലീസുകാരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്. ഫാര്‍മസികള്‍ അടച്ചിട്ടും, വൈദ്യുതോല്‍പ്പാദനം കുറച്ചും, പാരിസിലെ മെട്രോ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും നടത്തിയ പ്രതിഷേധം ട്രെയിന്‍ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു.
കടബാധ്യത മറികടക്കാന്‍ ബജറ്റ് വെട്ടിച്ചുരുക്കല്‍ നിര്‍ദ്ദേശിച്ച സാമ്പത്തിക നയത്തില്‍ ഒരു വര്‍ഷത്തിനിടെ രണ്ട് പ്രധാനമന്ത്രിമാരാണ് ഫ്രാന്‍സില്‍ സ്ഥാനമേറ്റത്.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂ പ്രതിപക്ഷത്തിന്റെ അവിശ്വാസ വോട്ടെടുപ്പില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മാക്രോണ്‍, സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ഇത് രാജ്യത്തെ ജനങ്ങളുടെ രോഷം വര്‍ദ്ധിപ്പിച്ചു
ബജറ്റ് പാസാക്കുന്നതിന് ആഴ്ചകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ബജറ്റില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ മുന്‍ പ്രധാനമന്ത്രികളെ പോലെ ലെകോര്‍ണുവിനും അവിശ്വാസ പ്രമേയം നേരിടേണ്ടി വരും.
Content Highlight: Economic policies need to change; Millions take to the streets in France, heeding the call of trade unions