'ഓണം കഴിഞ്ഞാല്‍ പണിയുണ്ടാകുമോ എന്നറിയില്ല'; സാമ്പത്തിക പ്രതിസന്ധി ഭീഷണിയില്‍ കേരളത്തിലെ വാഹന ഷോറൂമുകള്‍
അനുശ്രീ

രാജ്യം കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കടന്നുപോയിരിക്കൊണ്ടിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. അതിന്റെ പ്രതിഫലനമെന്നോണം കേരളത്തിലെ ഓട്ടോ മൊബൈല്‍ ഇന്‍ഡസ്ട്രിയും ടെക്സ്റ്റയില്‍ ഇന്‍ഡസ്ട്രിയും വലിയ ഭീഷണിയിലാണ്. വാഹന വ്യവസായത്തില്‍ രാജ്യത്തിനകത്ത് നേരിടുന്ന ഈ തകര്‍ച്ച പ്രാദേശിക വിപണിയെയും ബാധിക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമാണ്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവാണ്. 2018 ഓഗസ്റ്റില്‍ 1,58,189 കാറുകള്‍ കമ്പനി വിറ്റിരുന്നെങ്കില്‍ ഈ വര്‍ഷം വിറ്റത് 1,06,413 കാറുകള്‍ മാത്രമാണ്. കമ്പനി തന്നെ പുറത്ത് വിട്ട കണക്കുകളാണിത്.

മാരുതിയുടെ പ്രാദേശിക വിപണിയില്‍ 34.3 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2018 ഓഗസ്റ്റില്‍ പ്രാദേശികമായി 1,47,700 കാറുകള്‍ വിറ്റിടത്ത് ഇത്തവണ 97,061 കാറുകള്‍ മാത്രമാണ് വിറ്റുപോയത്.

മഹീന്ദ്ര ആന്റ്് മഹീന്ദ്രയുടെയുടെയും സ്ഥിതി സമാനമാണ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം വില്‍പനയില്‍ 25 ശതമാനത്തിന്റെ ഇടിവുണ്ടായി. കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി 48324 കാറുകള്‍ വിറ്റിടത്ത് ഈ വര്‍ഷം അത് 36,085 ആയി കുറഞ്ഞു.

പ്രദേശിക വിപണിയില്‍ 2018 ഓഗസ്റ്റില്‍ 45,373 കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞ കമ്പനിക്ക് പക്ഷേ, ഇത്തവണ വില്‍ക്കാനായത് 33,564 കാറുകള്‍ മാത്രം. വില്‍പ്പനയില്‍ മാത്രമല്ല വാഹനങ്ങളുടെ കയറ്റുമതിയിലും 15 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇവരെക്കൂടാതെ മറ്റ് വാഹന നിര്‍മ്മാതാക്കളായ ഹ്യൂന്‍ഡായിയിലും ടാറ്റാ മോട്ടാര്‍സിലെയും സ്ഥിതി സമാനം.

വാഹന വില്‍പ്പനയിലും കയറ്റുമതിയിലും ഉണ്ടായ കുറവ് തൊഴിലാളികളുടെ നിലനില്‍പ്പിനെയും ബാധിച്ചു തുടങ്ങി. 3000 താല്‍ക്കാലിക തൊഴിലാളികളെയാണ് മാരുതി പിരിച്ചുവിടാനൊരുങ്ങുന്നത്.

നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ആഗോള സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന തകര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ