സാമ്പത്തിക മേഖലയില്‍നിന്നും പ്രതിസന്ധിയുടെ വാര്‍ത്തകള്‍ തുടരുന്നു; നിര്‍മ്മാണ മേഖല 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
Economic Crisis
സാമ്പത്തിക മേഖലയില്‍നിന്നും പ്രതിസന്ധിയുടെ വാര്‍ത്തകള്‍ തുടരുന്നു; നിര്‍മ്മാണ മേഖല 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 5:33 pm

15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വിപണി കൂപ്പുകുത്തുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ചെറുകിട ഉല്‍പാദന മേഖലയും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്.

ഉല്‍പാദന രംഗം കഴിഞ്ഞ 15 മാസങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ് നിലവിലെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2018 ആദ്യപകുതിക്ക് ശേഷമുള്ള കണക്ക് വിലയിരുത്തിയാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ കമ്പനികള്‍ ഉല്‍പാദനപ്രവര്‍ത്തനത്തിനായി ചെലവിട്ട തുക താരതമ്യേന വളരെ കുറവാണ്. വിപണിയില്‍ പണമില്ലായ്മയും പണമൊഴുക്കിന്റെ അപര്യാപ്തതയും പ്രകടമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നെന്ന സൂചനകള്‍ വ്യക്തമാക്കി ഓഹരിവിപണിയും കൂപ്പുകുത്തുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എൗസ് ആന്റ് പി ,ബി.എസ്.ഇ സെന്‍സെക്സും എന്‍.എസ്.ഇ നിഫ്റ്റി 50 സൂചികകളും കുത്തനെ താഴ്ന്നു. കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും യു.എസ്-ചൈന വ്യാപാരബന്ധം വഷളായതും വിപണിയെ ബാധിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

രാജ്യം കടുത്ത് സാമ്പത്തിക പ്രതിസന്ധിയിലേക്കെന്നതിന്റെ വലിയ സൂചനയായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയിലും ടെക്സറ്റയില്‍ മേഖലയിലും അടക്കം രാജ്യത്തെ വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലാണ്.