വരികളിലുള്ളത് പിണറായി സ്തുതിയല്ല, മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ്; മെഗാ തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരി
Kerala News
വരികളിലുള്ളത് പിണറായി സ്തുതിയല്ല, മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ്; മെഗാ തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th January 2022, 10:39 am

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിര വിവാദമാക്കേണ്ടതില്ലെന്ന് തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ.വി.ടി. നമ്പൂതിരി.

പാര്‍ട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സി.പി.ഐ.എം ആവശ്യപ്പെട്ടതെന്നും പിണറായിയെ പുകഴ്ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിവാദം ഒട്ടും പ്രതീക്ഷിച്ചില്ല. വിവാദത്തിനുള്ള വകുപ്പൊന്നും വരികളില്ല. പിണറായി വിജയനെ പുകഴ്ത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടില്ല. പിണറായി സ്തുതിയല്ല വരികളിലുള്ളത്. ഒറ്റ നോട്ടത്തില്‍ അങ്ങനെ തോന്നുമെങ്കിലും
മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്,’ അദ്ദേഹം പറഞ്ഞു.

തന്നെ ഏല്‍പ്പിച്ച കാര്യം ചെയ്യുക മാത്രമാണ് ചെയ്‌തെന്നും പിന്നീടുള്ള കാര്യങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരുവാതിരകളി നടത്തിയതില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ജില്ലാ നേതൃത്വവും പറഞ്ഞിരുന്നു. ഒമിക്രോണ്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മെഗാ തിരുവാതിരകളി നടത്തിയതില്‍ പ്രതിഷേധം ശക്തമാകുകയാണ്.

ആള്‍ക്കൂട്ടം ഉണ്ടാവരുതെന്നും ഒമിക്രോണിനെ തടയാന്‍ എല്ലാവരും മുന്‍കരുതലുകള്‍ എടുക്കണമെന്നും പറയുന്ന സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

അതേസമയം, തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പാറശാല പൊലീസാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.

മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെതിരെയായിരുന്നു പരാതി.

മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെതിരെയായിരുന്നു പരാതി.

മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സി.പി.ഐ.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനവും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

പൊതുയോഗങ്ങള്‍ ഒഴിവാക്കണമെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ ശാരീരിക അകലം പാലിക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശവും പാലിക്കപ്പെട്ടില്ല.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തില്‍ ബീച്ച് കേന്ദ്രീകരിച്ച് റാലിയുണ്ടായിരിക്കില്ലെന്ന് സി.പി.ഐ.എം നേതൃത്വം നേരത്തെ അറിയിച്ചതാണ്.

ഓണ്‍ലൈന്‍ വഴി എല്ലാവര്‍ക്കും അവരവരുടെ വീടുകളിലിരുന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. ആരും നേരിട്ട് ബീച്ചിലേക്ക് എത്തേണ്ടെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, മൂവായിരത്തോളം കേസരകള്‍ പ്രസംഗവേദിയിലിട്ടിരുന്നു. പ്രത്യേകം ഒരുക്കിയ ബസുകളിലും മറ്റുമാണ് പ്രവര്‍ത്തകര്‍ ബീച്ചിലേക്കെത്തിയത്.

സദസിന്റെ മുന്‍നിരയിലും വേദിയിലും കസേരകള്‍ അകലം പാലിച്ച് നിരത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കായുള്ള ഇരിപ്പിടങ്ങളില്‍ ഒരുതരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിരുന്നില്ല.

മാസ്‌ക് വെക്കാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. കടപ്പുറത്തിനരികില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ നിരവധി പേരാണ് തിങ്ങികൂടിയത്.

CONTENT HIGHLIGHTS:  lyricist of Thiruvathira, said that there should be no controversy over the mega Thiruvathira at the CPI (M) Thiruvananthapuram district conference