പോളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത എനിക്കില്ല: ഇ.പി. ജയരാജന്‍
Kerala News
പോളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത എനിക്കില്ല: ഇ.പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th April 2022, 11:02 am

കണ്ണൂര്‍: പോളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് മുന്‍ മന്ത്രി ഇ.പി. ജയരാജന്‍. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കാന്‍ പൂര്‍ണമായി കഴിഞ്ഞിട്ടില്ലെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു.

പോളിറ്റ് ബ്യൂറോ എന്ന് പറയുന്നത് ലളിതമായ കാര്യമല്ല. പി. ബിയിലെത്താന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മഹാ ചുമതലയാണ് അത്, അതിനൊന്നും ഞാനായിട്ടില്ല, സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാത്തത് പാര്‍ട്ടിക്ക് സംഭവിച്ച അപചയത്തിന്റെ ലക്ഷണമാണ്. കോണ്‍ഗ്രസിനെ ബി.ജെ.പിയുടെ പ്രേതം ബാധിച്ചിരിക്കുകയാണ്. നെഹ്റുവിന്റെ പാര്‍ട്ടി എത്ര ചെറുതായാണ് ചിന്തിക്കുന്നത്,’ ഇ.പി. ജയരാജന്‍ പറഞ്ഞു.

23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ചൊവാഴ്ചയാണ് പതാക ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തുക. ബുധനാഴ്ച രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.

815 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്, പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ ദിശ എങ്ങോട്ട് എന്ന് തീരുമാനിക്കുന്നത് കൂടിയാവും ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ്.

Content Highlights:  ​​E.P. Jayarajan says he is not qualified to go to the Politburo