അമിത് ഷായുടെ മകനെ ബി.സി.സി.ഐയുടെ തലപ്പത്തിരുത്തിയാണോ മറ്റുള്ളവര്‍ക്കെതിരെ കുടുംബവാഴ്ചയെന്ന് പറഞ്ഞുനടക്കുന്നത്; കോണ്‍ഗ്രസിനെതിരായ ബി.ജെ.പി ആരോപണത്തില്‍ യെച്ചൂരി
national news
അമിത് ഷായുടെ മകനെ ബി.സി.സി.ഐയുടെ തലപ്പത്തിരുത്തിയാണോ മറ്റുള്ളവര്‍ക്കെതിരെ കുടുംബവാഴ്ചയെന്ന് പറഞ്ഞുനടക്കുന്നത്; കോണ്‍ഗ്രസിനെതിരായ ബി.ജെ.പി ആരോപണത്തില്‍ യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th February 2021, 8:35 pm

കൊല്‍ക്കത്ത: കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ കുടുംബവാഴ്ചയുടെ പേരില്‍ വിമര്‍ശിക്കുന്ന ബി.ജെ.പിയ്‌ക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അമിത് ഷായുടെ മകനെ ബി.സി.സി.ഐയുടെ തലപ്പത്തിരുത്തിയാണ് ബി.ജെ.പി കുടുംബവാഴ്ചയെപ്പറ്റി സംസാരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.

ബംഗാളില്‍ ഇടതുമുന്നണിയുടെ പീപ്പിള്‍സ് ബ്രിഗേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേരിട്ടു. ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍. എന്നിട്ടും അഴിമതിയെക്കുറിച്ചും കുടുംബവാഴ്ചയെപ്പറ്റിയുമാണ് ബി.ജെ.പി പറയുന്നത്’, യെച്ചൂരി പരിഹസിച്ചു.

ഇടതുമുന്നണിയും മറ്റ് മതേതരകക്ഷികളും ചേര്‍ന്നുള്ള മഹാസഖ്യം തൃണമൂല്‍ സര്‍ക്കാരിനേയും ബി.ജെ.പിയേയും സംസ്ഥാനത്ത് നിന്ന് തൂത്തെറിയുമെന്നും യെച്ചൂരി പറഞ്ഞു.

‘ബംഗാളില്‍ ഈ വര്‍ഗീയവാദികളെ പാഠം പഠിപ്പിക്കാന്‍ നമുക്കായാല്‍ രാജ്യത്തും അത് പറ്റും’, യെച്ചൂരി പറഞ്ഞു. കേന്ദ്രത്തില്‍ എന്താണോ മോദി ചെയ്യുന്നത് അതാണ് സംസ്ഥാനത്ത് മമത ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ നിരവധി പേരാണ് സമ്മേളനത്തിനെത്തിയത്. ഇടതുമുന്നണിയ്‌ക്കൊപ്പം കോണ്‍ഗ്രസും ഐ.എസ്.എഫും സമ്മേളനത്തിലുണ്ടായിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൂക്കുമന്ത്രിസഭയാണ് വരുന്നതെങ്കില്‍ മമതാ ബാനര്‍ജി ബി.ജെ.പിയ്‌ക്കൊപ്പം സഖ്യം ചേരുമെന്നും യെച്ചൂരി പറഞ്ഞു.

‘ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള പോരാട്ടം പരിഹാസ്യമാണ്. പി.എം കെയറിലെ തുകയെടുത്ത് തെരഞ്ഞെടുപ്പുകളില്‍ നേതാക്കന്‍മാരെ വിലക്ക് വാങ്ങുകയാണ് ബി.ജെ.പി’, യെച്ചൂരി പറഞ്ഞു.

ദല്‍ഹിയില്‍ മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി കര്‍ഷകര്‍ പോരാടുകയാണെന്നും നമ്മള്‍ വെറുതെയിരിക്കരുതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ അന്നദാതാക്കള്‍ക്ക് ഇത്തരത്തിലൊരു വലിയ പോരാട്ടം നടത്താന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്ക് പറ്റില്ല’, അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dynasty Politics BJP Amith Shah Sitaram Yechury Congress Rahul Gandhi