'മഹിളാ കോണ്‍ഗ്രസ് സമരവും, ചാനല്‍ ചര്‍ച്ചയിലെ ഗോപാലകൃഷ്ണന്റെ പ്രസ്താവനയും'; വെളിവാകുന്നത് കോണ്‍ഗ്രസ്- ബി.ജെ.പി കൂട്ടുസംഘത്തിന്റെ മുസ്‌ലിം വിരുദ്ധത: വി.കെ. സനോജ്
Kerala News
'മഹിളാ കോണ്‍ഗ്രസ് സമരവും, ചാനല്‍ ചര്‍ച്ചയിലെ ഗോപാലകൃഷ്ണന്റെ പ്രസ്താവനയും'; വെളിവാകുന്നത് കോണ്‍ഗ്രസ്- ബി.ജെ.പി കൂട്ടുസംഘത്തിന്റെ മുസ്‌ലിം വിരുദ്ധത: വി.കെ. സനോജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th June 2022, 3:15 pm

കോഴിക്കോട്: ബിരിയാണിച്ചെമ്പ് നാടകം വീണ്ടും അവതരിപ്പിക്കുക വഴി വെളിവാകുന്നത് കോണ്‍ഗ്രസ്- ബി.ജെ.പി കൂട്ടുസംഘത്തിന്റെ മുസ്‌ലിം വിരുദ്ധതയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. മഹിളാ കോണ്‍ഗ്രസ് സമരത്തില്‍ തലയില്‍ ബിരിയാണി ചെമ്പ് വച്ചു നടന്ന സ്ത്രീ പരമ്പരാഗത മുസ്‌ലിം വേഷത്തിന്റെ ചലച്ചിത്ര മാതൃകയിലാണ് തെരുവില്‍ പ്രത്യക്ഷപ്പെട്ടതെന്ന് സനോജ് വിമര്‍ശിച്ചു.

ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന സ്വപ്ന സുരേഷിന്റെ പരിഹാസവാദത്തെ ഏറ്റുപിടിച്ചു കോണ്‍ഗ്രസ് -ബി.ജെ.പി സംയുക്ത മുന്നണി നടത്തിയ കോപ്രായങ്ങള്‍ നമ്മള്‍ മുന്നേ കണ്ടതാണ്. ഇപ്പോള്‍ അത് നിയമസഭയില്‍ കൂടി ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ മുസ്‌ലിം വിരുദ്ധത മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്.

സ്വപ്ന സുരേഷിന്റെ കെട്ടുകഥകളില്‍ എവിടെയെങ്കിലും സ്വര്‍ണക്കടത്തുമായി മുസ്‌ലിം സമുദായത്തിന് ബന്ധമുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നോ? ഒരു ചാനല്‍ ചര്‍ച്ചയില്‍ വന്ന് ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന്‍ ബിരിയാണി ചെമ്പ് കഥയും സ്വര്‍ണക്കടത്ത് വിഷയവും ഹീനമായ മുസ്‌ലിം വിരുദ്ധത പടര്‍ത്താനാണ് ഉപയോഗിച്ചത്. അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു സി.പി.ഐ.എം പ്രതിനിധി ചര്‍ച്ചയില്‍ തുടരില്ലെന്ന് അറിയിക്കുക പോലുമുണ്ടായി.

സ്വപ്ന ചമച്ചുവിട്ട ബിരിയാണിച്ചെമ്പിന്റെ കഥ ഉപ്പുതൊടാതെ വിഴുങ്ങി സ്വര്‍ണക്കടത്തു വിഷയത്തില്‍ മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താനും പരിഹസിക്കാനും അവമതിയ്ക്കാനുമാണ് ഇരു പാര്‍ട്ടികളും ശ്രമിച്ചതെന്നും വി.കെ. സനോജ് പറഞ്ഞു.

വിശുദ്ധഗ്രന്ഥവും ഈന്തപ്പഴവും വിവാദമാക്കിയ സ്വര്‍ണക്കടത്തിന്റെ മുന്‍ എപ്പിസോഡുകളുടെ പിന്തുടര്‍ച്ച തന്നെയാണ് ഈ ബിരിയാണിച്ചെമ്പു വഴി കോണ്‍ഗ്രസും- ബി.ജെ.പിയും അല്‍പ ദിവസം മുന്നേ നടത്തിയത്. ഇപ്പോള്‍ ആ അശ്ലീലത്തെ നിയമ സഭയ്ക്കുള്ളിലേക്കും കൊണ്ടുവന്നിരിക്കുകയാണ്.

തിരുതമീന്‍ എന്ന സൂചകം പ്രയോഗിച്ച് മത്സ്യബന്ധനം നടത്തി ജീവിക്കുന്ന സമൂഹത്തെയാകെ കോണ്‍ഗ്രസുകാര്‍ വംശീയാധിക്ഷേപം നടത്തിയ അനുഭവം അധികം പഴയതല്ല. അതേ രീതിയില്‍ ആണ് ബിരിയാണി ചെമ്പിനെ മുന്‍നിര്‍ത്തി ഇപ്പോള്‍ മുസ്‌ലിം സമുദായത്തെ നിഴലില്‍ നിര്‍ത്തുന്ന കോപ്രായങ്ങള്‍ അവര്‍ നടത്തിയത്. ഇത് കോണ്‍ഗ്രസുകാരുടെ ഉള്ളിലെ ദളിത്-മുസ്‌ലിം വിരുദ്ധ ബോധത്തില്‍ നിന്ന് ഉടലെടുക്കുന്നതും ബി.ജെ.പിയുടെ മുസ്‌ലിം വിരുദ്ധ പ്രചരണത്തെ സഹായിക്കുന്നതുമാണെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ എന്ന പോലെ കേരളത്തിലും വര്‍ഗീയതയുടെ കാര്യത്തില്‍ ബി.ജെ.പിയോട് മത്സരിച്ച് പൂര്‍ണമായും ബി.ജെ.പി ആയി മാറുകയാണ് കോണ്‍ഗ്രസ്. ദിനംപ്രതി പരിഹാസ്യമായിക്കൊണ്ടിരിക്കുന്ന സ്വര്‍ണക്കടത്ത് സമര നാടകങ്ങളുടെ രണ്ടാം സീസണില്‍ കോണ്‍ഗ്രസ്- ബി.ജെ.പി കൂട്ടുമുന്നണിയുടെ ഉള്ളിലുള്ള സവര്‍ണബോധത്തിന്റെ ‘ചെമ്പ് കൂടുതല്‍ വ്യക്തമാകുകയാണെന്നും വി.കെ. സനോജ് വിമര്‍ശിച്ചു.

CONTENT HIGHLIGHTS: DYFI State Secretary V.K. Sanoj Says the Congress-BJP coalition’s anti-Muslim sentiment is revealed in Gold smuggling case