സ്ഥലം വാങ്ങാനുണ്ട്, ഫ്ളാറ്റ് വാങ്ങാനുണ്ട്, ഫ്ളാറ്റ് മെയിന്റനന്‍സുണ്ട് എന്നൊക്കെ പറഞ്ഞ് ഷാജോണ്‍ പൈസ വാങ്ങും; രസകരമായ കമന്റുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
Entertainment news
സ്ഥലം വാങ്ങാനുണ്ട്, ഫ്ളാറ്റ് വാങ്ങാനുണ്ട്, ഫ്ളാറ്റ് മെയിന്റനന്‍സുണ്ട് എന്നൊക്കെ പറഞ്ഞ് ഷാജോണ്‍ പൈസ വാങ്ങും; രസകരമായ കമന്റുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th June 2022, 1:48 pm

ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് കടുവ. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ജൂലൈ ഏഴിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

സംയുക്ത മേനോന്‍ നായികയാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് വില്ലനായെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് ശേഷം വിവേക് അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവക്കുണ്ട്.

ചിത്രത്തില്‍ വിവേക് ഒബ്രോയ് കാണിച്ച ഡെഡിക്കേഷനെക്കുറിച്ച് പറയുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന കടുവയുടെ പ്രൊമോഷന്‍ പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാഭവന്‍ ഷാജോണ്‍ ചിത്രത്തിന് പ്രതിഫലം വാങ്ങിയതിനെക്കുറിച്ചും ലിസ്റ്റിന്‍ സ്റ്റീഫന്‍ രസകരമായി സംസാരിക്കുന്നുണ്ട്.

”ഈ സിനിമയില്‍ രാജുവിനെ പോലെ തന്നെ ഏറ്റവും ഡെഡിക്കേറ്റഡായി അഭിനയിച്ച ആളാണ് വിവേക് ഒബ്രോയ്. ആളുകള്‍ പറയും സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞ്, ഡബ്ബിങ്ങിന് മുമ്പ് പൈസ വാങ്ങിപ്പോകുന്നവരാണ് പലരും എന്ന്. കാരണം അത് കഴിഞ്ഞാല്‍ അവര്‍ക്കൊരു ആത്മവിശ്വാസമില്ല.

പക്ഷെ, വിവേക് ഒബ്രോയ് കംപ്ലീറ്റ് അഭിനയിച്ച് കഴിഞ്ഞാണ്, എല്ലാം തീര്‍ന്ന് കഴിഞ്ഞാണ് ഫുള്‍ പൈസ പോലും വാങ്ങിയത്. അതൊക്കെ ഞങ്ങളെ സംബന്ധിച്ച് ഒരു വണ്ടറിങാണ്.

ഷാജോണിനൊക്കെ ചിലപ്പൊ സംശയമുണ്ടാകും. കാരണം ഒരു പിടിയുമില്ലല്ലോ, ചിലപ്പൊ കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ച്, എന്തെങ്കിലുമൊക്കെ പറഞ്ഞ്, സ്ഥലം വാങ്ങാനുണ്ട്, ഫ്ളാറ്റ് വാങ്ങാനുണ്ട്, ഫ്ളാറ്റ് മെയിന്റനന്‍സുണ്ട് എന്നൊക്കെ പറഞ്ഞ് ഷാജോണ്‍ പൈസ വാങ്ങും.

അതുകൊണ്ട് ഒരു വ്യത്യസ്ത അനുഭവമായിരുന്നു വിവേക് ഒബ്റോയിയില്‍ നിന്ന്,” ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്.

ജിനു എബ്രഹാം രചന നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ജേക്സ് ബിജോയ്‌യുടേതാണ്.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് കടുവ റിലീസ് ചെയ്യുന്നത്.

Content Highlight: Producer Listin Stephen about Kalabhavan Shajohn during Kaduva movie promotions