'യോഗിയുടെ ബുള്‍ഡോസര്‍ കോണ്‍ഗ്രസിലൂടെ കര്‍ണാടകയിലെത്തി നില്‍ക്കുന്നു'; ലീഗോ ജമാഅത്തോ ഒരക്ഷരം മിണ്ടിയോ: വി.കെ സനോജ്
Kerala
'യോഗിയുടെ ബുള്‍ഡോസര്‍ കോണ്‍ഗ്രസിലൂടെ കര്‍ണാടകയിലെത്തി നില്‍ക്കുന്നു'; ലീഗോ ജമാഅത്തോ ഒരക്ഷരം മിണ്ടിയോ: വി.കെ സനോജ്
ശ്രീലക്ഷ്മി എ.വി.
Friday, 26th December 2025, 3:06 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ മൂവായിരത്തോളം വരുന്ന മനുഷ്യരുടെ വാസസ്ഥലങ്ങൾ ഇടിച്ചു നിരത്തിയ സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാരിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.

യോഗിയുടെ ബുൾഡോസർ രാജ് കോൺഗ്രസിലൂടെ കർണാടകയിലെത്തി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസുകാരും ലിബറലുകളും നിരന്തരം പാടുന്ന രാഹുൽ ഗാന്ധിയുടെ ‘സ്നേഹത്തിന്റെ കട’ ഇടിച്ചു നിരത്തിയാണ് സ്നേഹം പ്രകടിപ്പിക്കുന്നതെന്ന് വി.കെ. സനോജ് പറഞ്ഞു.

പതിറ്റാണ്ടുകളായി വൈദ്യുതി ബില്ലും, വെള്ളക്കരവുമൊക്കെ അടച്ച് പോരുന്ന ഈ മനുഷ്യർ അവിടെ അനധികൃത താമാസക്കാരാണെന്നുമാണ് സിദ്ധരാമയ്യ സർക്കാരിന്റെ വാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥ കാലത്ത് ദൽഹിയിലെ ചേരികളിൽ താമസിക്കുന്ന മനുഷ്യരെ ദരിദ്ര മനുഷ്യർ ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ്‌ ഗാന്ധി ഇതുപോലെ ആയിരക്കണക്കിന് മനുഷ്യരുടെ കൂരകൾ ഇല്ലാതാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത് സഞ്ജയ്‌ ഗാന്ധിയിലൊതുങ്ങുന്നതല്ലെന്ന് കോൺഗ്രസ് പലവട്ടം തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളത്തിൽ പട്ടിണി കിടക്കേണ്ടി വരുന്ന അവസാന മനുഷ്യനേയും കണ്ടെത്തി, അവർക്ക് ആവശ്യമായ രേഖകൾ നിർമ്മിച്ചു നൽകി അന്തസുള്ള ജീവിതം നൽകി പൊതുസമൂഹത്തിന്റെ ഭാഗമാക്കാൻ ഒരു സർക്കാർ സംവിധാനം ആകെ പ്രവർത്തിച്ചു. കേരളം അതി ദാരിദ്ര മുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിനെ പരിഹസിച്ചു നടന്ന കോൺഗ്രസുകാരുടെ സ്വന്തം സർക്കാരാണ് പാവപ്പെട്ട മൂവായിരത്തോളം മുസ്‌ലിം ജനതയെ ദയയില്ലാതെ തെരുവിലിറക്കി വിട്ടത് എന്നോർക്കണം,’ വി.കെ സനോജ് പറഞ്ഞു.

അവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ എല്ലാ ഉപജീവന സാമഗ്രികളും മണ്ണിനടിയിലാക്കി കൊണ്ടാണ് ജനതയെ തെരുവിലേക്കിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക കോൺഗ്രസ് അധ്യക്ഷനും ബെംഗളൂരു വികസന അതോറിറ്റിയുടെ ചുമതലക്കാരനും കർണാടക നിയമസഭയിൽ ആർ.എസ്‌.എസിന്റെ ഗണഗീതം പാടിയ ഡി.കെ ശിവകുമാറാണെന്നും അദ്ദേഹം പറഞ്ഞു.

‘കോർപ്പറേറ്റ് മാഫിയകൾക്ക് വേണ്ടി ആയിരക്കണക്കിന് പാവപ്പെട്ട ജനതയെ തെരുവിലിറക്കാൻ യു.പിയിലെ യോഗിക്കും കർണാടകയിലെ സിദ്ധുവിനും ഡി.കെക്കുമൊക്കെ ഒരേ ആവേശമാണ്. ഇവിടെ ഇരയാക്കപ്പെടുന്നവരിൽ ഭൂരിപക്ഷം പാവപ്പെട്ട മുസ്‌ലിം ജനതയും,’ വി.കെ സനോജ് പറഞ്ഞു.

ഇതിനെതിരെ മുസ്‌ലിം ലീഗോ,ജമാഅത്തെ മുന്നണി നേതാക്കളോ കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: DYFI state secretary V.K. Sanoj against Siddaramaiah’s Congress government

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.