ഗീതുവിനെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധം: ഡി.വൈ.എഫ്.ഐ
Kerala News
ഗീതുവിനെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധം: ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd September 2023, 8:42 pm

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്റെ പങ്കാളി ഗീതുവിനെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി.വൈ.എഫ്.ഐ. ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താല്‍ സൈബറിടത്തില്‍ നിന്ദ്യമായ ആക്രമണം നേരിടുകയാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താല്‍ സൈബറിടത്തില്‍ നിന്ദ്യമായ ആക്രമണം നേരിടുകയാണ്.

പൂര്‍ണ്ണ ഗര്‍ഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങളും തെറിവിളികളും നടത്തുന്ന കോണ്‍ഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയും. ജെയ്ക്ക് സി. തോമസിന്റെ ഭാര്യക്കെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്,’ ഡി.വൈ.എഫ്.ഐ പ്രസ്തവനയില്‍ പറഞ്ഞു.

തനിക്ക് നേരെയുള്ള സൈബര്‍ അക്രമണത്തിനെതിരെ ഗീതു പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ഗര്‍ഭിണിയായ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോശമായി ചിത്രീകരിച്ചു എന്നാണ് പരാതി.

കോട്ടയം എസ്.പിക്ക് പരാതി നല്‍കിയതായി ഗീതു മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് അനുകൂലമായ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഗര്‍ഭിണിയെന്ന് പറയപ്പെടുന്ന ജെയ്ക്കിന്റെ ഭാര്യയെ വിട്ട് ജെയ്ക്ക് വോട്ട് ചോദിക്കുന്നു എന്ന ആക്ഷേപം വളരെയധികം വേദനിപ്പിച്ചു എന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight:  DYFI says Cyber ​​attack on Geethu extremely misogynistic