'ഏറ്റവും വലിയ ഫ്‌ളാറ്റ് ട്രാക്ക് ബുള്ളി, പ്രിന്‍സ് എന്ന് പറയുന്നത് നിര്‍ത്തിക്കോ; അവന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടാണ്'
Asia Cup
'ഏറ്റവും വലിയ ഫ്‌ളാറ്റ് ട്രാക്ക് ബുള്ളി, പ്രിന്‍സ് എന്ന് പറയുന്നത് നിര്‍ത്തിക്കോ; അവന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടാണ്'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd September 2023, 8:29 pm

ഏറെ കാത്തിരുന്ന ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യ പ്രതീക്ഷിച്ച പോലെ ഒന്നുമല്ലായിരുന്നു കാര്യങ്ങള്‍. ഇന്ത്യന്‍ ആരാധകര്‍ പേടിച്ചത് പോലെ തന്നെ പാകിസ്ഥാന്റെ പേസ് ബൗളിങ് നിര ഇന്ത്യയുടെ ടോപ് ഓര്‍ഡറിന്റെ മേല്‍ ആളികത്തുകയായിരുന്നു. മുന്‍ നിരയിലെ മൂന്ന് ബാറ്റര്‍മാര്‍ക്കും പാക് ബൗളിങ്ങിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല.

ഇന്ത്യന്‍ ഓപ്പണ്‍മാരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തുടക്കത്തില്‍ തന്നെ പതറിയിരുന്നു. പാകിസ്ഥാന്‍ പേസ് ത്രയോ ആയ ഷഹീന്‍ അഫ്രിദി ഹാരിസ് റൗഫ് നസീം ഷാ എന്നിവരുടെ മുമ്പില്‍ ഇരുവരും വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

രോഹിത്തിനെ ബൗള്‍ഡാക്കി മടക്കിയ ഷഹീന്‍ പിന്നാലെ വന്ന വിരാടിനെയും അതേ നാണയത്തില്‍ പുറത്താക്കുകയായിരുന്നു. രോഹിത് 22 പന്ത് നേരിട്ട് 11 റണ്‍സ് നേടിയപ്പോള്‍ വിരാട് ഏഴ് പന്തില്‍ നാല് റണ്‍സ് നേടി പുറത്തായി.

എന്നാല്‍ പാകിസ്ഥാന്‍ ബൗളിങ്ങിനെതിരെ ശരിക്കും വയിര്‍ത്തത് ശുഭ്മന്‍ ഗില്ലായിരുന്നു. ഐ.പി.എല്ലിലും മറ്റ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഗില്‍ പാകിസ്ഥാനെതിരെ അക്ഷാര്‍ത്ഥത്തില്‍ വിറക്കുകയായിരുന്നു. 32 പന്ത് നേരിട്ട് വെറും 10 റണ്‍സ് മാത്രമാണ് താരം നേടിയത്.

ഇന്ത്യന്‍ ടീമിന്റെ പ്രിന്‍സെന്നും ജെനറേഷനല്‍ ടാസെന്റുമെന്നൊക്കെ വിളിപ്പേരുള്ള ഗില്ലിന് പക്ഷെ യഥാര്‍ത്ഥ പരീക്ഷണം വിജയിക്കാന്‍ സാധിച്ചില്ല.

താരത്തിന്റെ ഈ മോശം പ്രകടനത്തെ കളിയാക്കിയും വിമര്‍ശിച്ചും ഇപ്പോള്‍ തന്നെ ഒരുപാട് ട്രോളുകളുണ്ട്. ശുഭ്മന്‍ ഗില്‍ വെറും ഫ്‌ളാറ്റ് ട്രാക്ക് ബുള്ളിയും കുഞ്ഞന്‍ ടീം മര്‍ദകനുമാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. താരത്തിനെ ക്രിക്കറ്റിലെ പ്ലിന്‍സാണെന്ന് പറയുന്നത് ക്രിക്കറ്റിന് തന്നെ നാണക്കേടാണെന്നും കമന്റുകളുണ്ട്.

അഹമ്മദാബാദ് പിച്ചില്‍ മാത്രം തിളങ്ങുന്നവനാണ് ഈ ‘ജെനറേഷനല്‍ ടാലെന്റെന്നും’ തുറന്നു പറയുന്നവരുണ്ട്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഗില്ലിന് മികച്ച ഇന്നിങ്‌സ് കളിച്ചുകൊണ്ട് തിരിച്ചുവരേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സ് നേടി ഓള്‍ഔട്ടായി. അഞ്ചാമനായി ഇറങ്ങിയ ഇഷാന്‍ കിഷനും വൈസ് ക്യാപ്റ്റന്‍ ഹര്ദിക് പാണ്ഡ്യയുമാണ് ഇന്ത്യക്കായി തിളങ്ങിയത്. 81 പന്ത് നേരിട്ട് കിഷന്‍ 82 റണ്‍സ് നേടിയപ്പോള്‍ 90 പന്തില്‍ 87 റണ്‍സാണ് ഹര്‍ദിക് സ്വന്തമാക്കിയത്. 66-4 എന്ന നിലയില്‍ ഇന്ത്യ ഇഴയുമ്പോഴായിരുന്നു ഇരുവരും ക്രീസില്‍ ഒന്നിക്കുന്നത്.

138 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റ് കൂട്ടിച്ചേര്‍ത്തത്. പിന്നിടെത്തിയ മറ്റ് താരങ്ങള്‍ക്ക് മൊമെന്റം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യ ഓള്‍ഔട്ടാകുകയായിരുന്നു.

Content Highlight: Shubman Gill gets trolles for his bad performance  against pakistan in asai cup