കാള്‍ മാര്‍ക്‌സിനെക്കാളും ചെ ഗുവേരയെക്കാളും വലിയവരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം; പറയാനുള്ളത് തുറന്ന് പറയണം; അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളി ഡി.വൈ.എഫ്.ഐ
Kerala News
കാള്‍ മാര്‍ക്‌സിനെക്കാളും ചെ ഗുവേരയെക്കാളും വലിയവരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം; പറയാനുള്ളത് തുറന്ന് പറയണം; അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളി ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 8:49 am

കണ്ണൂര്‍: ഡി.വൈ.എഫ്.ഐയെ മറയാക്കിക്കൊണ്ട് ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ സംഘടനയുടെ നേതൃത്വം എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ അതിനോട് പ്രതികരിച്ചിട്ടുണ്ടെന്ന് മുന്‍ ഡി.വൈ.എഫ്.ഐ ജില്ലാ അധ്യക്ഷനും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസ്.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇവരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുകള്‍ ഇവരെ തിരിച്ചറിയുകയും ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക് എന്താണ് പറയാനുള്ളതെന്നാല്‍ തുറന്ന് പറയണമെന്നും മനു തോമസ് പറഞ്ഞു.

‘ബ്ലാക്ക് മെയില്‍ ചെയ്ത് അതിന് പിന്നില്‍ തലയൊളിപ്പിച്ച് നില്‍ക്കുന്ന ഒരു പ്രസ്ഥാനമല്ല ഡി.വൈ.ഫ്.ഐ. ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ല. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലാത്തതുകൊണ്ടാണല്ലോ ഞങ്ങള്‍ ഇത് പറയുന്നത്.

ഇവര്‍ക്ക് ഏതെങ്കിലും കാലത്ത് സംഘടനയുമായി ബന്ധമുണ്ടായിരുന്നിരിക്കാം, ഇത്തരത്തിലുള്ള ആളുകള്‍ക്ക് എന്തെങ്കിലും പിശക് ഉണ്ടെന്ന് മനസിലായാല്‍ അവരെ തിരുത്താന്‍ ശ്രമിക്കും അതിന് തയ്യാറായില്ലെങ്കിലും ഒഴിവാക്കുകയാണ് ചെയ്യുക,’ മനു തോമസ് പറഞ്ഞു.

സി.പി.ഐ.എം ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിക്കുകയോ ഇവരെ അതിന് പറഞ്ഞുവിട്ടിട്ടോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ നേതാക്കളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുക, ആ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക. ഇത് കാണുമ്പോള്‍ ജില്ലയ്ക്കകത്തും പുറത്തും ഉള്ള ആളുകള്‍ ധരിക്കുന്നതെന്താ, ഇവര്‍ നേതാക്കളുടെ പ്രധാനപ്പെട്ട ആളുകളാണെന്നാണ് ധരിക്കുന്നത്.

പാര്‍ട്ടി നേതാവ് എന്ന നിലയില്‍ ആ നേതാക്കളോട് ആളുകള്‍ക്ക് സ്‌നേഹവും ബഹുമാനവും ഉണ്ടാവും ആ സ്‌നേവും ബഹുമാനവും ഈ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തിയവന് കൂടി കിട്ടുകയാണ്,’ മനു തോമസ് പറയുന്നു.

പി.ജയരാജനെ പുകഴ്ത്തുന്നതോടെ ഇവര്‍ ഈ പാര്‍ട്ടിയല്ല എന്ന കാര്യം വ്യക്തമായെന്നും സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് ഒരു നേതാവിനെ പുകഴ്ത്താനോ ഇകഴ്ത്താനോ സാധിക്കില്ല. ഇതുതന്നെ ഇവര്‍ക്ക് പാര്‍ട്ടി ബോധ്യമില്ല എന്ന കാര്യം വ്യക്തമാവുകയാണെന്നും മനു കൂട്ടിച്ചേര്‍ത്തു.

പി.ജയരാജനെ ഇഷ്ടപ്പെടുന്നവര്‍ തങ്ങളുടെ കീശയിലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രമിക്കുന്നതെന്നും ഇതിലൂടെ സോഷ്യല്‍ മീഡിയയില്‍ അവര്‍ ചെ ഗുവേരെയേക്കാള്‍ വലിയ വിപ്ലവകാരികളാണെന്നും കാള്‍ മാര്‍ക്‌സിനെക്കാളും വലിയ ദാര്‍ശിനികരെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മനു തോമസ് പറഞ്ഞു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്കെതിരെയും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെയും ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മനു തോമസിനെതിരായി നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ക്യാമ്പെയ്ന്‍ നടത്തിയതാണ് വിരോധത്തിന് കാരണം. ഈ വിരോധത്തില്‍ സംഘടനക്കും നേതാക്കള്‍ക്കുമെതിരെ സോഷ്യല്‍മീഡിയയിലൂടെ സംഘാംഗങ്ങള്‍ നിരന്തരമായി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അന്വേഷണം നടത്തി ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ല സെക്രട്ടറി എം. ഷാജര്‍ കണ്ണൂര്‍ എ.സി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

Content Highlight: DYFI rejects Arjun Ayanki and Akash Thillankeri