പാലക്കാട്: പുതുശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കരോള്‍ സംഘത്തെ ആക്രമിച്ച പശ്ചാത്തലത്തില്‍ പാലക്കാട്ടെ 2,500 യൂണിറ്റുകളിലും കരോള്‍ നടത്തുമെന്ന് ഡി.വൈ.എഫ്.ഐ. എല്ലാ ആഘോഷങ്ങളും മതങ്ങള്‍ക്കപ്പുറത്ത് ഒന്നായി ആഘോഷിക്കുമെന്നും ആരെങ്കിലും തടുത്താല്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആക്രമിച്ച വിദ്യാര്‍ത്ഥികളടങ്ങുന്ന കരോള്‍ സംഘത്തെ അധിക്ഷേപിച്ച ബി.ജെ.പി നേതാവ് സി. കൃഷ്ണകുമാറിനെയും ഡി.വൈഎഫ്.ഐ വിമര്‍ശിച്ചു. കൃഷ്ണകുമാര്‍ പാലക്കാട്ടെ പ്രവീണ്‍ തൊഗാഡിയയെന്ന് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ അധ്യക്ഷന്‍ ജയദേവന്‍ പെരുമാട്ടി പറഞ്ഞു.
ഒരുവശത്ത് ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് ക്യാമ്പെയ്നുമായി കേക്കുമായി അരമനകള്‍ കയറിയിറങ്ങുന്ന കൃഷ്ണകുമാറിന്റെ യഥാര്‍ത്ഥ മുഖം കരോള്‍ സംഘത്തെ അധിക്ഷേപിച്ചതിലൂടെ വ്യക്തമായെന്നും ജയദേവന്‍ പറഞ്ഞു.
കേരളത്തില്‍ എവിടെയെങ്കിലും ക്രിസ്മസ് കരോള്‍ ആര്‍.എസ്.എസ് തടസപ്പെടുത്തിയാല്‍ ഡി.വൈ.എഫ്.ഐ പ്രതിരോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞിരുന്നു.
‘ഓണം ആഘോഷിക്കാന്‍ പാടില്ല എന്ന കാഴ്ച്ചപ്പാടാണ് ആര്‍.എസ്.എസിന്റേത്. വാമന ജയന്തി ആഘോഷിക്കണം എന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴിതാ കരോളില്‍ പങ്കെടുത്ത കുട്ടികളെ ആര്‍.എസ്.എസ് ആക്രമിച്ചിരിക്കുകയാണ്. ആര്‍.എസ്.എസ് വെറുപ്പ് പ്രചരിപ്പിക്കുകയാണ്. ആര്‍.എസ്.എസിന്റെ ആസൂത്രിത നീക്കമായിരുന്നു അത്. ഒരു കാരണവശാലും ഇത് അനുവദിക്കാനാവില്ല,’ വി.കെ. സനോജ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളായ 14 പേരടങ്ങുന്ന ക്രിസ്മസ് കരോള്‍ സംഘത്തെയാണ് പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അശ്വിന്‍ രാജ് ആക്രമിക്കാന്‍ ശ്രമിച്ചത്. മൂന്നംഗ സംഘമാണ് ഇവരെ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ഈ പ്രദേശത്ത് കാരള്‍ സംഘം വരരുതെന്ന് ആവശ്യപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. കരോള്‍ സംഘത്തിന്റെ ബാന്‍ഡ് സെറ്റും മറ്റ് വാദ്യോപകരണങ്ങളും ആര്‍.എസ്.എസുകാര്‍ തല്ലിത്തകര്‍ത്തിരുന്നു. കുട്ടികളെ മര്‍ദിക്കാന്‍ ശ്രമിച്ച അശ്വിന്‍ രാജിനെ അറസ്റ്റ് ചെയ്തിരുന്നു.