'ആകാശിന് ട്രോഫി കൊടുത്തതില്‍ രാത്രി 12.30ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ എന്നെ വിളിച്ചു, ഞാന്‍ ഉറങ്ങിയിരുന്നു'; വിശദീകരണവുമായി ഷാജര്‍
Kerala News
'ആകാശിന് ട്രോഫി കൊടുത്തതില്‍ രാത്രി 12.30ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ എന്നെ വിളിച്ചു, ഞാന്‍ ഉറങ്ങിയിരുന്നു'; വിശദീകരണവുമായി ഷാജര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th February 2023, 10:26 pm

കണ്ണൂര്‍: ലോക്കല്‍ വാര്‍ത്തയാകേണ്ട തില്ലങ്കേരിയിലെ വിഷയം മാധ്യമങ്ങള്‍ കേരളമാകെ ആഘോഷിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഷാജര്‍. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പരസ്യം കൊടുക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തനത്തിന്റെ മോശം മാതൃകയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കണ്ണൂര്‍ തില്ലങ്കേരിയില്‍ സി.പി.ഐ.എം വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാജര്‍. ആകാശ് തില്ലങ്കേരിക്ക് പൊതുവേദിയില്‍ ട്രോഫി സമ്മാനിച്ചത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു.

‘ഞാന്‍ ട്രോഫി കൊടുത്ത ഫോട്ടോ ഇവര്‍ വിവാദമാക്കി. അങ്ങനെ ആരങ്കിലും എപ്പോഴെങ്കിലും ഇവരുടെ(ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും) കൂടെ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് നടക്കുകയാണ് ഈ മാധ്യമങ്ങള്‍.

ട്രോഫി കൊടുത്ത ഫോട്ടോയില്‍ പ്രതികരിക്കാന്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകന്‍ രാത്രി 12.30 എന്നെ വിളിച്ചു. ഞാന്‍ ഉറങ്ങിപ്പോയിരുന്നു. രാവിലെ നോക്കിയിട്ട് പറയാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പിറ്റേന്ന് വാര്‍ത്ത കണ്ടത് ‘പ്രതികരിക്കാനില്ലാതെ’ എന്നാണ്. ഇതാണ് ഇവരുടെ മാധ്യമപ്രവര്‍ത്തനം. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇതേ ഏഷ്യാനെറ്റുകാരന്‍ ഈ സംഭവം നിങ്ങളെ കുടുക്കാന്‍ നോക്കിയതാണ് എന്ന് എന്നോട് പറഞ്ഞു. അന്ന് അവര്‍ക്കത് അങ്ങനെ തോന്നിയില്ല.

തമിഴ്‌നാട്ടിലെ തിരിട്ടുഗ്രാമമെന്ന നിലയിലാണ് തില്ലങ്കേരിയെ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പരസ്യം കൊടുക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. എന്നിട്ട് രോമാഞ്ചം കൊള്ളുകയാണിവര്‍. മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണ്,’ ഷാജര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് നേരെ തിരിഞ്ഞാല്‍ സി.പി.ഐ.എം എന്താണെന്ന് അറിയുമെന്നും ആകാശ് തില്ലങ്കേരിക്ക് ഷാജര്‍ മുന്നറിയിപ്പ് നല്‍കി.

‘ആകാശേ, ഏതെങ്കിലുമൊരു പാര്‍ട്ടി സഖാക്കളെ അധിക്ഷേപിക്കാന്‍ നിങ്ങള്‍ ഇനി ഒരുങ്ങിയാല്‍, പാര്‍ട്ടി കുടുംബങ്ങളെ വെല്ലുവിളിക്കാന്‍ നിങ്ങള്‍ തയ്യാറായാല്‍, എന്താണ് ഈ പ്രസ്ഥാനം എന്ന് നിങ്ങള്‍ അറിയും. അത് നിങ്ങളെ ഈ നാട് പഠിപ്പിച്ചുതരും. ഈ പ്രസ്ഥാനം പറഞ്ഞ ഒന്നിലും പങ്കെടുക്കാത്തവനാണ് നീ(ആകാശ് തില്ലങ്കേരി),’ ഷാജര്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം ഒരിക്കലും ക്വട്ടേഷന്‍ സംഘങ്ങളുടെ ഒപ്പം പോയിട്ടില്ലെന്ന് പരിപാടിയില്‍ സംസാരിച്ച പി. ജയരാജനും പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധം പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത സംഭവമായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.