ഈ അമ്മച്ചിക്ക് ഭാവിയുണ്ടെന്ന് രാജു എന്നോട് പറഞ്ഞു, ഭാവിയുണ്ടാക്കി തന്നയാള്‍ കേള്‍ക്കണ്ടെന്ന് ഞാനും പറഞ്ഞു: മല്ലിക സുകുമാരന്‍
Entertainment news
ഈ അമ്മച്ചിക്ക് ഭാവിയുണ്ടെന്ന് രാജു എന്നോട് പറഞ്ഞു, ഭാവിയുണ്ടാക്കി തന്നയാള്‍ കേള്‍ക്കണ്ടെന്ന് ഞാനും പറഞ്ഞു: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th February 2023, 9:57 pm

നടന്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മല്ലിക സുകുമാരന്‍. അദ്ദേഹത്തിന്റെ പല സിനിമകളും താന്‍ ഇന്നും കാണാറുണ്ടെന്നും, അപ്പോള്‍ എവിടെയോ ഷൂട്ടിന് പോയിരിക്കുകയാണ് എന്ന തോന്നലാണ് ഉണ്ടാകുന്നതെന്നും മുറിയില്‍ ഒറ്റക്കിരിക്കുമ്പോള്‍ മാത്രമാണ് കൂടെയില്ല എന്ന തോന്നല്‍ വരുന്നതെന്നും മല്ലിക പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ രസകരമായ ഒരു സംഭവത്തെ കുറിച്ചും താരം പറഞ്ഞു. തന്റെ അഭിനയം കണ്ടിട്ട് ഈ അമ്മച്ചിക്ക് നല്ല ഭാവിയുണ്ടെന്നാണ് പൃഥ്വി പറഞ്ഞതെന്നും സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞു.

‘എപ്പോഴും എവിടെയെങ്കിലും സുകുവേട്ടന്റെ ഫോട്ടോ കാണും. ചെവിയിലൊക്കെ ചൊറിഞ്ഞ് എന്താടാ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പല സിനിമയിലും കാണും. സുകുവേട്ടന്റെ ശ്രദ്ധിക്കപ്പെട്ട പല കഥാപാത്രങ്ങളെ കുറിച്ചും ഞാന്‍ ഇങ്ങനെ ആലോചിക്കാറുണ്ട്. സി.ബി.ഐ ഡയറികുറിപ്പ് പോലെയുള്ള സിനിമകളാണ് ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത്.

‘അണിയാത്ത വളകള്‍’ എന്ന സിനിമയിലെ ‘കണ്ണാ എന്തോ’ എന്ന ഡയലോഗൊക്കെ ഞാന്‍ എപ്പോഴും ഓര്‍ക്കും. ഇതൊക്കെ വീണ്ടും കാണുമ്പോള്‍ എവിടെയോ ഷൂട്ടിങ്ങിന് പോയിരിക്കുകയാണെന്ന തോന്നലാണ് നമുക്ക് വരുന്നത്. പിന്നെ ഒറ്റക്ക് മുറിക്കകത്ത് വരുമ്പോഴാണ് എല്ലാം നമ്മുടെ തോന്നലുകളാണെന്നും കൂടെയില്ലെന്നുമൊക്കെ ഓര്‍ക്കുന്നത്.

പിന്നെ അതൊക്കെ പോട്ടെയെന്ന് ചിന്തിക്കും. അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്നെ മക്കളെ ഒരു നിലയില്‍ എത്തിക്കാന്‍ എനിക്ക് സാധിച്ചല്ലോ എന്ന് അപ്പോള്‍ ഞാന്‍ ചിന്തിക്കും. ഇട്ടിമാണി സിനിമയില്‍ വരെ സുകുവേട്ടന്റെ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ ഉപയോഗിക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്.

ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ സുകുവേട്ടന്റെ ഫോട്ടോയാണ് ഉപയോഗിക്കുന്നത് എങ്കില്‍ എനിക്ക് വലിയ സന്തോഷമാണ്. ബ്രോ ഡാഡി സിനിമ ഷൂട്ട് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ഒരു സീന്‍ കഴിഞ്ഞ് രാജു കട്ട് പറഞ്ഞു.

ഈ അമ്മച്ചിക്ക് ഭാവിയുണ്ടെന്നാണ് എന്നെ നോക്കി രാജു അന്ന് പറഞ്ഞത്. ഭാവിയുണ്ടാക്കി തന്നയാളുടെ ഫോട്ടോയാണ് അവിടെയിരിക്കുന്നത്, പതുക്കെ പറയടാ പുള്ളി കേള്‍ക്കേണ്ടെന്നും ഞാന്‍ രാജുവിനോട് പറഞ്ഞു,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

content highlight: mallika sukumaran shares funny experience with prithviraj