'ആ പെണ്‍കുട്ടിയ്ക്ക് അവള്‍ അമ്മയെ പോലെ'; ദ്യുതി ചന്ദിന്റെ സ്വവര്‍ഗാനുരാഗത്തിനെതിരെ അമ്മ
Gender Issue
'ആ പെണ്‍കുട്ടിയ്ക്ക് അവള്‍ അമ്മയെ പോലെ'; ദ്യുതി ചന്ദിന്റെ സ്വവര്‍ഗാനുരാഗത്തിനെതിരെ അമ്മ
ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2019, 11:32 am

ഭൂവനേശ്വര്‍: ഒരു പെണ്‍കുട്ടിയുമായി സ്‌നേഹബന്ധത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തിയ ദ്യുതി ചന്ദിനെതിരെ അഖോജി ചന്ദ്. മകളുടെ ബന്ധം അംഗീകരിക്കില്ലെന്ന് ഇവര്‍ പറഞ്ഞു.

‘ദ്യുതി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ അനന്തരവന്റെ മകളെയാണ്. അവളും എന്റെ പേരക്കുട്ടിയാണ്. അങ്ങനെ വരുമ്പോള്‍ ദ്യുതി ആ പെണ്‍കുട്ടിയ്ക്ക് അമ്മയെ പോലെയായിരിക്കും. ഒഡീഷ പോലുള്ള ഒരു സ്ഥലത്ത് ഇതെങ്ങനെ സാധ്യമാകും’ അഖോജി ചന്ദ് പറഞ്ഞു.

‘ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു. അപ്പോള്‍ കോടതി ഉത്തരവുണ്ടെന്നാണ് ദ്യുതി മറുപടി നല്‍കി. ഏത് കോടതിയാണെന്ന് ചോദിച്ചപ്പോള്‍ ഹൈക്കോടതിയെന്ന് അവള്‍ പറഞ്ഞു. പരിശീലകരുടെ പിന്തുണയും ഉണ്ടെന്ന് പറഞ്ഞു.’ അഖോജി ചന്ദ് പറഞ്ഞു.

പങ്കാളിയുടെ കുടുംബം ദ്യുതിയുടെ വിവാഹം നടത്താന്‍ ഭീഷണിപ്പെടുത്തിയെന്നും തീരുമാനം ദ്യുതിയുടേതല്ലെന്നും സഹോദരിയായ സരസ്വതി ചന്ദും ആരോപിച്ചിരുന്നു.

താന്‍ സ്വവര്‍ഗാനുരാഗിയാണെന്നും തന്റെ ആത്മസഖിയെ കണ്ടെത്തിയെന്നും ദ്യുതി ചന്ദ് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.
സെക്ഷന്‍ 377 നീക്കം ചെയ്ത് കൊണ്ടുള്ള സുപ്രീംകോടതി ചരിത്ര വിധിയുടെ പശ്ചാത്തലത്തിലാണ് താന്‍ ഇക്കാര്യം തുറന്നു പറയുന്നതെന്നും ദ്യുതി പറഞ്ഞിരുന്നു.