'ദസറക്കിടെ കുഴപ്പമുണ്ടാക്കിയാല്‍ ഒരു ദയയുമില്ലാതെ നടപടി'; 'ഐ ലവ് മുഹമ്മദ്' ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിന് കേസെടുത്തതിന് പിന്നാലെ യോഗിയുടെ മുന്നറിയിപ്പ്
India
'ദസറക്കിടെ കുഴപ്പമുണ്ടാക്കിയാല്‍ ഒരു ദയയുമില്ലാതെ നടപടി'; 'ഐ ലവ് മുഹമ്മദ്' ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിന് കേസെടുത്തതിന് പിന്നാലെ യോഗിയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 4:13 pm

ലഖ്‌നൗ: ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമായതിന് പിന്നാലെ ആക്രമണസംഭവങ്ങളില്‍ ഒരു ദയയുമില്ലാതെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ആഘോഷ പരിപാടികള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നവരെ കണ്ടെത്താനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും അവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനും യോഗി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അധികാരം നല്‍കി.

കാണ്‍പൂരില്‍ ‘ഐ ലവ് മുഹമ്മദ്’ എന്ന ബോര്‍ഡ് സ്ഥാപിച്ചതിന്റെ പേരില്‍ 20ലധികം പേര്‍ക്കെതിരെ കേസെടുത്ത സംഭവം വിവാദമായതിനിടെയാണ് യോഗിയുടെ പുതിയ നീക്കം.

സെപ്റ്റംബര്‍ ഒമ്പതിനാണ് കാണ്‍പൂരില്‍ യു.പി zപാലീസ് 12 മുസ്‌ലിം യുവാക്കള്‍ക്കും തിരിച്ചറിയാത്ത 14 പേര്‍ക്കുമെതിരെയും കേസെടുത്തത്. ഐ ലവ് മുഹമ്മദ് എന്ന ബോര്‍ഡ് സ്ഥാപിക്കുന്ന് പുതിയ ട്രെന്‍ഡാണെന്നും പൊലീസ് പറഞ്ഞിരുന്നു.

അതേസമയം, തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തെ സൂചിപ്പിക്കുന്ന ദസറ ആഘോഷത്തിനിടെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിയും അത്തരത്തിലായിരിക്കും. അരാജകത്വമോ ജാതി സംഘര്‍ഷങ്ങളോ ഉണ്ടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു.

‘എല്ലാ കുഴപ്പക്കാരേയും തിരിച്ചറിയും, ആരേയും ഒഴിവാക്കില്ല. സോഷ്യല്‍മീഡിയ മോണിറ്ററിങ്ങിലൂടെയും വീഡിയോ ഫൂട്ടേജിലൂടെയും അവരെ കണ്ടെത്തും’, യോഗി പറഞ്ഞു. ആഘോഷനാളുകളില്‍ കനത്ത സുരക്ഷ ഒരുക്കുന്നതിന് മുന്നോടിയായാണ് പ്രസ്താവന പുറത്തിറക്കിയതെന്നാണ് വിശദീകരണം.

സ്ത്രീ സുരക്ഷയും ഗതാഗത നിയന്ത്രണത്തിനും മതപരമായ ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ക്രമസമാധാന പാലനത്തിനുമായി പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അറവുശാലകളില്‍ മിന്നല്‍ പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുമ്പ് മിഷന്‍ ശക്തി 5.0 എന്ന പേരില്‍ പ്രത്യേക സുരക്ഷാപദ്ധതിയും യോഗി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. സ്ത്രീ സുരക്ഷമുന്‍നിര്‍ത്തിയാണ് പദ്ധതി പ്രഖ്യാപനം.

ഗര്‍ബ, ഡാന്‍ഡിയ നൃത്ത പരിപാടികളിലേക്ക് കടന്നുകയറുന്ന ആള്‍മാറാട്ടക്കാരെ കണ്ടെത്തി ഉടനടി മിഷന്‍ ശക്തി പ്രകാരം കേസെടുക്കണമെന്നും ഉദ്യോഗസ്ഥരോട് യോഗി നിര്‍ദേശിച്ചു.

Content Highlight: Dussehra: UP CM Yogi Adityanath Warns miscreants will  not be  spared