മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് സുകുമാരന്‍ നായകനായ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ നായികയായി മലയാള സിനിമയിലേക്ക് എത്തുന്നത്. പ്രേതം 2, ഉടല്‍, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടാന്‍ ദുര്‍ഗക്ക് സാധിച്ചിരുന്നു.
ദുര്‍ഗ കൃഷ്ണ, കൃഷ്ണ ശങ്കര്‍, എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു കുടുക്ക് 2025. ചിത്രത്തിലെ ഒരു ഗാനത്തിലെ ലിപ് ലോക് രംഗം ഏറെ വിവാദമായിരുന്നു. അതിന്റെ പേരില്‍ നദി ദുര്‍ഗ കൃഷ്ണ മാത്രം നിരവധി വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അത്തരം വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദുര്‍ഗ കൃഷ്ണ.
‘പാട്ട് റിലീസായപ്പോള്‍ തന്നെ വിവാദങ്ങളും ചീത്ത വിളിയും കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായ സിനിമയാണ് കുടുക്ക് 2025. വീട്ടുകാരെവരെ ചിലര്‍ മോശം കമന്റ് ചെയ്തു. അത് കണ്ട് ‘കുടുക്ക്’ ടീമിനെ ഗ്രൂപ്പ് കോള്‍ ചെയ്ത് ഞാന്‍ വഴക്കുണ്ടാക്കി.
‘സിനിമ ചെയ്തതിന്റെ പേരില്‍ ഞാന്‍ നേരിടുന്ന ടെന്‍ഷന്‍ മാനേജ് ചെയ്യാന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലേ’ എന്ന് ഞാന്‍ അവരോട് ചോദിച്ചു. തൊട്ട് പിന്നാലെ ഓരോരുത്തരായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടു.
‘ലിപ് ലോക്കില്‍ ഒന്നിച്ചഭിനയിച്ച ഞാന്‍ സന്തോഷത്തോടെ കുട്ടിയെയും കളിപ്പിച്ച് വീട്ടിലിരിക്കുന്നു. കൂടെ അഭിനയിച്ച പെണ്‍കുട്ടി ഇപ്പോഴും വിമര്‍ശനങ്ങള്‍ക്ക് മറു പടി പറയുന്നു’ എന്ന കൃഷ്ണശങ്കറിന്റെ പോസ്റ്റ് വൈറലായി.
അതിന് താഴെ ഒരാള്‍ വന്നു ചോദിച്ചത്, ‘നിങ്ങളുടെ ഭാര്യയാണ് അന്യപുരുഷനെ ചുംബിച്ചതെങ്കിലോ’ എന്നാണ്. അപ്പോള്‍ പ്രശ്നം ഉമ്മയല്ല. സ്ത്രീയാണ്. ഏത് കാര്യവും പെണ്ണ് ചെയ്താലാണ് കുറ്റമാകുന്നത്. അതിന് പിന്നിലെ ചിന്ത എന്താണെന്ന് മനസിലാകുന്നില്ല,’ ദുര്‍ഗ കൃഷ്ണ പറയുന്നു.