മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സിനിമയില്‍ എത്തുന്നതിന് മുമ്പ് മുംബൈയിലെ ആക്ടിങ് സ്റ്റുഡിയോയില്‍ പഠിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അവിടുത്തെ ക്ലാസുകളുടെ ഭാഗമായി ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കണമായിരുന്നുവെന്നും അങ്ങനെ കഥാപാത്രങ്ങളെ കണ്ടെത്താനായി ദിവസങ്ങളോളം തെരുവില്‍ അലഞ്ഞുവെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
‘അഭിനയം പഠിപ്പിക്കുന്ന ആക്ടിങ് സ്റ്റുഡിയോയാണ് മുംബൈയിലെ ബാരി ജോണ്‍, നാല് മാസത്തോളം അവിടെ കഴിഞ്ഞു. സിനിമയെ പ്രണയിക്കുന്ന ഒരു കുട്ടം ആളുകളുടെ ഒത്തുചേരലുകളായിരുന്നു അവിടത്തെ ക്ലാസുകള്‍. പഠനത്തിന്റെ ഭാഗമായി മുംബൈയിലെ തെരുവുകളില്‍ പോയി ഞാന്‍ നാടകം കളിച്ചിട്ടുണ്ട്.
എല്ലാ ആഴ്ച്ചയും ഒരു പ്രൊജക്ട് ചെയ്യണം എന്നത് ഭാഗമായിരുന്നു. കഥാപാത്രപഠനങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടത്. കഥാപാത്രങ്ങളെ കണ്ടെത്താനായി ദിവസങ്ങളോളം തെരുവില്‍ അലഞ്ഞു. പലരെയും കണ്ട് മണിക്കൂറുകളോളം സംസാരിച്ചും അവരുടെ ചെറുചലനങ്ങളും പെരുമാറ്റരീതികളും നോക്കിക്കണ്ടുമാണ് പഠനം മുന്നോട്ടുപോയത്.
നമ്മുടെ ജീവിതരീതിയുമായി യാതൊരു രീതിയില്‍ അടുത്തു നില്‍ക്കാത്തവരുമായി ഇടപഴകി, അവരുടെ മാനറിസങ്ങള്‍ അവതരിപ്പിക്കേണ്ടത് ഒരു പ്രധാന പ്രൊജക്റ്റായിരുന്നു. തെരുവിലെ ഒരു ചെരുപ്പുകുത്തിയെയാണ് ഞാന്‍ കഥാപാത്രപഠനത്തിനായി തെരഞ്ഞെടുത്തത്. മൂന്നുദിവസത്തോളം ഞാന്‍ അയാള്‍ക്കൊപ്പം ചെലവിട്ടു. എന്തിനാണ് ഞാനെത്തിയതെന്ന് അയാള്‍ ആദ്യം സംശയിച്ചു.
ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കിയതോടെ ഞങ്ങള്‍ ചങ്ങാത്തത്തിലായി, എനിക്ക് ജോലിയുടെ രീതികള്‍ പഠിപ്പിച്ചുതന്നു. അയാളുടെ പെരുമാറ്റത്തിലെ കയറ്റിറക്കങ്ങള്‍ ഞാന്‍ പകര്‍ത്തിയെടുത്തു.
മൂന്നാം നാള്‍ യാത്രപറഞ്ഞ് മടങ്ങുമ്പോള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ജോലികിറ്റ് ആ മനുഷ്യന്‍ എനിക്ക് തന്നു. ഞാന്‍ തെല്ല് മടിച്ചപ്പോള്‍ കഥാപാത്രത്തിന്റെ അവതരണം നന്നാകട്ടെയെന്നും ആവശ്യം കഴിഞ്ഞ് തിരിച്ചുതന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കള്‍ മുതല്‍ വ്യാഴം വരെ കഥാപാത്രങ്ങളെ പഠിക്കാന്‍ ഞങ്ങള്‍ തെരുവിലിറങ്ങി, വെള്ളിയാഴ്ച അവയെല്ലാം അവതരിപ്പിക്കും. അങ്ങനെയായിരുന്നു അവിടത്തെ രീതി. അന്ന് പഠിച്ച അഭിനയത്തിന്റെ സൂക്ഷ്മപാഠങ്ങള്‍ പിന്നീട് ഏറെ ഗുണം ചെയ്തിട്ടുണ്ട്,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.