മലയാള സിനിമയിലെ അമരക്കാരിലൊരാളായ സൂപ്പര്‍ താരം മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ സ്വപ്രയത്നത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു. തെലുങ്കിലും ഹിന്ദിയിലും തമിഴിലും വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി കൊണ്ടാണ് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ദുല്‍ഖര്‍ സ്വന്തമാക്കിയത്.

സീതാരാമം, കണ്ണും കണ്ണും കൊള്ളയടിത്താല്‍, കാന്ത, ലക്കി ഭാസ്‌കര്‍ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് ദുല്‍ഖര്‍ അന്യഭാഷയില്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ വലിയ ഫാന്‍ബേസ് സൃഷ്ടിക്കാനും ദുല്‍ഖറിന് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങി പരാജയമായ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് സെപ്റ്റംബര്‍ 3ന് തിയേറ്ററുകളിലേക്കെത്തുന്ന ഐ ആം ഗെയിം.

ദുല്‍ഖര്‍ സല്‍മാന്‍. Photo: Dulquer Salmaan/ Facebook.com

ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലായി വമ്പന്‍ റിലീസായാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയാണ് റിലീസിനെത്തുന്നത്. റിലീസിന് മുന്നോടിയായി ഹൈദരാബാദിലടക്കം വമ്പന്‍ പ്രൊമോഷന്‍ ഇവന്റുകളായിരുന്നു അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഇവന്റില്‍ താന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ സംസാരിച്ചിരുന്നു. കഥ കേള്‍ക്കുമ്പോള്‍ എങ്ങനെ ചെയ്യുമെന്ന് ഭയം തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഐ ആം ഗെയിമിലെ കഥാപാത്രം അത്തരത്തിലൊന്നാണെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്.

‘കുറച്ച് കാലം മുമ്പ് ഞാന്‍ ഒരു തീരുമാനമെടുത്തിരുന്നു. ഏറ്റവും കൂടുതല്‍ ഭയക്കുന്ന, ഏറ്റവും കൂടുതല്‍ പേടിക്കുന്ന റോളുകളായിരിക്കും ഇനി ചെയ്യാന്‍ തെരഞ്ഞെടുക്കുക. കഥാപാത്രത്തോട് എനിക്കെന്തെങ്കിലും പരിചയം തോന്നിയാല്‍ ഞാനത് ഈസിയായി എടുക്കും എന്ന് വിചാരിക്കുന്നത് കൊണ്ടാണത്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ഞാനിത് എങ്ങനെ അഭിനയിക്കുമെന്നും പ്രേക്ഷകരെ എങ്ങനെ കണ്‍വിന്‍സ് ചെയ്യുമെന്നും തോന്നലുണ്ടാക്കുന്ന കഥാപാത്രങ്ങളാണ് ഇനി ചെയ്യുക.

ഐ ആം ഗെയിം. Photo: Dulquer Salmaan/ Facebook.com

ഐ ആം ഗെയിമിന്റെ കഥ ആദ്യം കേട്ടപ്പോള്‍ ഞാനങ്ങനെ വിചാരിച്ചിരുന്നു. ഇത് എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് എനിക്ക് മാത്രമല്ല ഞങ്ങളാര്‍ക്കും തന്നെ ധാരണയില്ലായിരുന്നു. ഓരോ ദിവസവും ഷൂട്ട് ചെയ്തപ്പോഴാണ് കൂടുതല്‍ ചിത്രത്തെ കുറിച്ച് മനസിലായത്. അതിന്റെ കാരണം നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ മനസിലാകും,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer Salmaan talks about his character Selection