ഒരു പൊങ്ങച്ചക്കാരനാണെന്ന് വിചാരിക്കുമോ എന്ന് കരുതി ഇതുവരെ മിണ്ടാതിരുന്നതാ; കാര്‍ കളക്ഷന്‍ വീഡിയോയുമായി ദുല്‍ഖര്‍
Entertainment
ഒരു പൊങ്ങച്ചക്കാരനാണെന്ന് വിചാരിക്കുമോ എന്ന് കരുതി ഇതുവരെ മിണ്ടാതിരുന്നതാ; കാര്‍ കളക്ഷന്‍ വീഡിയോയുമായി ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th October 2022, 2:43 pm

കാറുകളോടുള്ള ദുല്‍ഖര്‍ സല്‍മാന്റെ അഭിനിവേശം ഏവര്‍ക്കും അറിയാവുന്നതാണ്. വിന്റേജ് കാറുകളുടെ വലിയ ശേഖരം തന്നെ ദുല്‍ഖറിന്റെ കൈവശമുണ്ട്.

കാറുകള്‍ വാങ്ങുന്നതിലും വണ്ടിയോടിക്കുന്നതിലുമുള്ള തന്റെ താല്‍പര്യത്തെ കുറിച്ച് നടന്‍ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. Car Enthusiast എന്നാണ് ദുല്‍ഖറിനെ കുറിച്ച് പല സഹതാരങ്ങളും വിശേഷിപ്പിക്കാറുള്ളത്.

ഇപ്പോള്‍ തന്റെ വിപുലമായ കാര്‍ ശേഖരം പരിചയപ്പെടുത്തുന്ന വീഡിയോയുമായി ദുല്‍ഖര്‍ തന്നെ എത്തിയിരിക്കുകയാണ്. ബി.എം.ഡബ്ല്യുയടക്കമുള്ള വിന്റേജ് കളക്ഷനിലെ കുറച്ച് കാറുകളാണ് താരം വീഡിയോയിലൂടെ കാണിച്ചുതരുന്നത്.

ഏറെ നാളായി ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു പൊങ്ങച്ചക്കാരാനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്കകൊണ്ടാണ് അത് ചെയ്യാതിരുന്നതെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

‘കുറെയേറെ നാളായി ഞാന്‍ ചെയ്യണമെന്ന് വിചാരിച്ചിരുന്ന ഒരു കാര്യമാണിത്. പക്ഷെ, പതിവ് പോലെ ഓവര്‍തിങ്ക് ചെയ്ത് മാറ്റിവെക്കുകയായിരുന്നു. ഞാന്‍ ഇന്‍സെന്‍സിറ്റീവായ ഒരാളാണെന്നോ പൊങ്ങച്ചക്കാരനാണെന്നോ കരുതുമെന്നായിരുന്നു എന്റെ ആശങ്ക.

പക്ഷെ എന്നെ പോലെ കാറിനോട് ഇഷ്ടവും അഭിനിവേശവും കാത്തുസൂക്ഷിക്കുന്ന ലക്ഷകണക്കിന് പേരുണ്ടല്ലോ. അവരുമായി ഇടപഴകാന്‍ ഇതാണ് ഏറ്റവും നല്ല വഴിയിതാണ് എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്.

അതുകൊണ്ട് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി എനിക്ക് കളക്ട് ചെയ്യാന്‍ പറ്റിയ കാറുകളിലെ ചിലത് നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

ബി.എം.ഡബ്ല്യുവിന്റെ 46ാം എഡിഷനായ ’02 BMW M3′ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട കാറുകളിലൊന്നെന്നും ദുല്‍ഖര്‍ പറയുന്നു. ഈ എഡിഷനെയാണ് താന്‍ ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറായി കണക്കാക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോയില്‍ പ്രിയപ്പെട്ട കാറുകളെ കുറിച്ചും താന്‍ കാറോടിക്കുന്ന രീതിയെ കുറിച്ചുമെല്ലാം ദുല്‍ഖര്‍ വിശദീകരിക്കുന്നുണ്ട്. കാറിന് എന്തെങ്കിലും പറ്റുമോയെന്ന് താന്‍ എപ്പോഴും ആശങ്കപ്പെടാറുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

ഡി.ക്യു ഫാന്‍സും വാഹന പ്രേമികളും ദുല്‍ഖറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ വീഡിയോകള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്.

Content Highlight: Dulquer Salmaan’s new video introducing his car collection