ഓപ്പറേഷൻ നുംഖോർ: വാഹനം പിടിച്ചെടുത്തതിനെതിരെ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ
Kerala
ഓപ്പറേഷൻ നുംഖോർ: വാഹനം പിടിച്ചെടുത്തതിനെതിരെ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th September 2025, 3:39 pm

കൊച്ചി: ഭൂട്ടാനിൽ നിന്നും ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനായുള്ള ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനം പിടിച്ചെടുത്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നടൻ ദുൽഖർ സൽമാൻ.

ലാൻഡ് റോവർ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹരജി നൽകിയത്. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും തനിക്ക് വണ്ടി വിട്ടുകിട്ടണമെന്നും നടൻ കോടതിയിൽ ആവശ്യപ്പെട്ടു.

കസ്റ്റംസ് രേഖകൾ പരിശോധിച്ചില്ലെന്നും മുൻവിധിയോടെ പെരുമാറിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും ഉണ്ടെന്നും വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്നും കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തതെന്നും ഹരജിയിൽ പറയുന്നു.

തനിക്ക് സ്വർണക്കടത്തും ലഹരിമരുന്ന്, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുണ്ടെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. ഇത് തനിക്ക് കളങ്കമുണ്ടാക്കിയെന്നും ഹരജിയിൽ നടൻ പറയുന്നു.

ദുൽഖർ സൽമാന്റെ നാല് വാഹനങ്ങളാണ് കംസ്റ്റസിന്റെ അന്വേഷണത്തിലുള്ളത്. ഇതിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് നടന്റെ പനമ്പള്ളി നടന്റെ വീട്ടിലും പൃഥ്വിരാജിന്റെ പനമ്പള്ളി നഗറിലെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയത്. രാജ്യവ്യാപകമായി നടക്കുന്ന ഈ പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയത്.

നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും പരിശോധ നടത്തിയിരുന്നു. നടനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കേരളത്തിൽ നടത്തിയ പരിശോധനയിൽ 36 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മോഷ്ടിച്ചതടക്കമുള്ള ആഡംബര കാറുകൾ വ്യാജ രേഖകളുണ്ടാക്കി ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണി ഭൂട്ടാൻ റോയൽ ആർമിയിലെ മുൻ ഉദ്യോഗസ്ഥനാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

രാജ്യത്തിലെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂർ കണ്ണികളെ കസ്റ്റംസ് ഒരു വർഷം മുമ്പും തിരിച്ചറിഞ്ഞിരുന്നു.

കൊച്ചിക്ക് പുറമേ തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂർ, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോർവാഹന വകുപ്പ്, എ.ടി.എസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

Content Highlight: Dulquer Salmaan moves High Court against vehicle seizure