മമ്മൂക്ക എന്തെങ്കിലും ചെയ്താല്‍ അത് എന്റെ തലയില്‍ ഇടരുത്, സത്യമായിട്ടും ആ പോസ്റ്റ് ഞാനല്ല ഇട്ടത്: ദുല്‍ഖര്‍ സല്‍മാന്‍
Film News
മമ്മൂക്ക എന്തെങ്കിലും ചെയ്താല്‍ അത് എന്റെ തലയില്‍ ഇടരുത്, സത്യമായിട്ടും ആ പോസ്റ്റ് ഞാനല്ല ഇട്ടത്: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th July 2022, 12:37 pm

കൊവിഡിന് ശേഷം നഷ്ടത്തില്‍ മുങ്ങിയ തിയേറ്ററുകളെ കൈപിടിച്ചുയര്‍ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ കുറുപ്പ് തിയേറ്ററുകളില്‍ വന്‍വിജയമായിരുന്നു. വലിയ റിസ്‌ക് ഏറ്റെടുത്തായിരുന്നു ദുല്‍ഖര്‍ കുറുപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസിന് മുമ്പ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ കുറുപ്പിന്റെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്യപ്പെട്ടത് ശ്രദ്ധ നേടിയിരുന്നു.

ദുല്‍ഖറിന്റെ ഒരു ചിത്രങ്ങള്‍ക്കും അതിന് മുമ്പ് മമ്മൂട്ടി പ്രൊമോഷന്‍ ചെയ്തിട്ടില്ലായിരുന്നു. പിന്നീട് കുറുപ്പിന്റെ പ്രസ് മീറ്റില്‍ താന്‍ തന്നെയാണ് വാപ്പച്ചിയുടെ ഫോണ്‍ അടിച്ചു മാറ്റി ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തത് എന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് ദുല്‍ഖറിന്റെ ഏത് ചിത്രത്തിന്റെ പോസ്റ്റുകള്‍ മമ്മൂട്ടി ഷെയര്‍ ചെയ്താലും ഫോണ്‍ അടിച്ചുമാറ്റിയോ എന്ന ചോദ്യം ദുല്‍ഖറിന് നേരെ ഉയര്‍ന്നിരുന്നു. സീതാരാമത്തിന്റെ ട്രെയ്‌ലറും മമ്മൂട്ടിയുടെ ഫോണ്‍ അടിച്ചുമാറ്റി ലോഞ്ച് ചെയ്തതാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയാണ് ദുല്‍ഖര്‍.

‘അത് ഞാന്‍ ഒരിക്കലേ ചെയ്തിട്ടുള്ളൂ. ഇനി അങ്ങോട്ട് മമ്മൂക്ക എന്തെങ്കിലും സാധനം അങ്ങനെ ലോഞ്ച് ചെയ്താല്‍ അതെന്റെ തലയില്‍ ഇടരുത്, പ്ലീസ്. സീതാരാമത്തിന്റെ ട്രെയ്‌ലര്‍ ഫേസ്ബുക്കില്‍ ലോഞ്ച് ചെയ്തപ്പോള്‍ ഞാന്‍ ഇവിടെ ഇല്ലായിരുന്നു. സത്യമായിട്ടും വാപ്പച്ചി തന്നെയാണ് ലോഞ്ച് ചെയ്തത്. ആ പോസ്റ്റ് ഞാന്‍ കണ്ടിട്ട് പോലുമില്ല,’ സീതാരാമം പ്രസ് മീറ്റില്‍ ദുല്‍ഖര്‍ പറഞ്ഞു.

സീതാരാമം 100 കോടി നേടുമോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു. ‘സീതാരാമം 100 കോടി ക്ലബ്ബില്‍ കയറണമോയെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്. 100 കോടി നേടുന്ന സിനിമ ഒരു ഡയറക്ടര്‍ ഗ്യാരന്റി ചെയ്താല്‍ എനിക്ക് ഡേറ്റ് തരണമെന്നില്ല. എന്നെ പോലെ ഒരുപാട് പേര്‍ അവരെ ലോക്ക് ചെയ്യാന്‍ നോക്കുന്നുണ്ടാവും. സിനിമ നല്ലതാണെങ്കില്‍, നിങ്ങളെ എന്‍ടെര്‍ടെയ്ന്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ തന്നത്താനെ 100 കോടിയാവും.

പക്ഷേ 100 കോടി മനസില്‍ കണ്ടുകൊണ്ട് അത് റിവേഴ്‌സില്‍ ഡിസൈന്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. അത് ചിലപ്പോള്‍ ഒരു മിസ്‌റ്റേക്ക് ആയിരിക്കും. നല്ല സിനിമകള്‍ ചെയ്യണം, നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യണം. റിലീസ് ദിവസത്തില്‍ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നാല്‍ അതൊരു 100 കോടി പടമാവും,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Dulquer salmaan is answering the question that who launched the trailer of seetha ramam from mammootty’s phon