നിന്റെ വാപ്പച്ചിയുടെ ഫാന്‍ബോയ്, നിന്നില്‍ നിന്നും പഠിക്കുന്നു; ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍
Film News
നിന്റെ വാപ്പച്ചിയുടെ ഫാന്‍ബോയ്, നിന്നില്‍ നിന്നും പഠിക്കുന്നു; ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th July 2022, 8:57 am

ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍. നിന്റെ വാപ്പച്ചിയുടെ ഒരു കടുത്ത ആരാധകനാണെന്നും നിന്നില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണെന്നും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

‘ഡി.ക്യൂ. ബോയ്, നീ എനിക്ക് ആരാണെന്ന് പറയാന്‍ വാക്കുകളില്ല. നിന്റെ വാപ്പച്ചിയുടെ ഒരു ഫാന്‍ബോയ് ആണ് ഞാന്‍. ഇനി അങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും. ഒരു വ്യക്തി എന്ന നിലയിലും നടന്‍ എന്ന നിലയിലും അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ നിന്നില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. ഒരു സുഹൃത്തെന്ന നിലയില്‍, നല്ല മനുഷ്യന്‍ എന്ന നിലയില്‍, എന്താണ് അല്ലാത്തത്.

സുഹൃത്ബന്ധത്തിലും സിനിമയിലും കുടുംബത്തിലും എനിക്ക് നീ ടോപ്പ് ലിസ്റ്റിലാണ്. പൊളിക്കെടാ. ലോകത്തെവിടെ പോയാലും നീ ആ സ്വാഗ് കൈകാര്യം ചെയ്യുന്നതിനെ ഞാന്‍ ആരാധിക്കുന്നു. നിനക്ക് ജീവിതത്തില്‍ ദൈവം നല്ലത് മാത്രം വരുത്തട്ടെ.

പിറന്നാള്‍ ആശംസകള്‍ ഡി.ക്യൂ. ബോയ്. നിന്റെ സ്വന്തം ചാക്കോ മാഷില്‍ നിന്നും ഒരുപാട് സ്‌നേഹം. അത്ഭുതപ്പെടുത്തുന്ന ഈ നടന് ന്നാ താന്‍ കേസ് കൊട് ടീം പിറന്നാള്‍ ആശംസകള്‍ നേരുന്നു,’ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ അടക്കമുള്ള താരങ്ങള്‍ ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

അതേസമയം അടുത്തിടെ വൈറലായ കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാടി എന്ന പാട്ടിലെ സ്റ്റെപ്പുകള്‍ ദുല്‍ഖറും ചെയ്തിരുന്നു. ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന പാട്ടിന് കുഞ്ചാക്കോ ബോബന്‍ ചുവട് വെച്ചത്. ഉത്സവപറമ്പിലെ കുടിയന്മാരെ പോലെ ആസ്വദിച്ച് ഡാന്‍സ് കളിച്ച കുഞ്ചാക്കോ ബോബന്റെ ചുവടുകളാണ് സീതാ രാമത്തിന്റെ പ്രൊമോഷനില്‍ ദുല്‍ഖര്‍ അനുകരിച്ചത്.

ജൂലൈ അഞ്ചിനാണ് സീതാരാമം റിലീസ് ചെയ്യുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ നായികമാരാവുന്ന ചിത്രം ഹനു രാഘവപുടിയാണ് സംവിധാനം ചെയ്യുന്നത്.

Content Highlight: Kunchako Boban wishes Dulquer Salmaan on his birthday