'കിങ് ഓഫ് കൊത്ത ലൈഗര്‍ പോലെയാവാതിരിക്കട്ടെ, സീതാരാമം പോലെ ഖുഷി ഹിറ്റാവട്ടെ'; ചര്‍ച്ചയായി പഴയ സംഭാഷണം
Film News
'കിങ് ഓഫ് കൊത്ത ലൈഗര്‍ പോലെയാവാതിരിക്കട്ടെ, സീതാരാമം പോലെ ഖുഷി ഹിറ്റാവട്ടെ'; ചര്‍ച്ചയായി പഴയ സംഭാഷണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st September 2023, 3:42 pm

വിജയ് ദേവരകൊണ്ട- സാമന്ത കൂട്ടുകെട്ടിലൊരുങ്ങിയ ഖുഷി സെപ്റ്റംബര്‍ ഒന്നിന് റിലീസായിരിക്കുകയാണ്. റിലീസ് ദിനം മുതല്‍ തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ സല്‍മാനും വിജയ് ദേവരകൊണ്ടയും മുമ്പ് നടത്തിയ സംഭാഷണം ശ്രദ്ധ നേടുകയാണ്. ഖുഷിയുടെയും കിങ് ഓഫ് കൊത്തയുടെയും പ്രൊമോഷന്‍ സമയത്ത് ഇരു സിനിമയുടെയും ടീമുകള്‍ അപ്രതീക്ഷിതമായി ഹൈദരബാദില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. കിങ് ഓഫ് കൊത്ത ലൈഗര്‍ പോലെയാവാതിരിക്കട്ടെയെന്നും ഖുഷി സീതാരാമം പോലെയാവട്ടെയെന്നുമാണ് ഈ സമയം ദുല്‍ഖറും വിജയ്‌യും പരസ്പരം പറഞ്ഞത്.

ഇരുവരുടേയും സംഭാഷണം ചിത്രീകരിച്ച വീഡിയോയില്‍ ലവ് സ്‌റ്റോറിയില്‍ നിന്നുമല്ലേ നിങ്ങള്‍ ആക്ഷന്‍ ചിത്രത്തിലേക്ക് വരുന്നതെന്നാണ് ദുല്‍ഖറിനോട് വിജയ് ചോദിച്ചത്.

വിജയ് : നീ ഇപ്പോള്‍ ഒരു ലവ് സ്‌റ്റോറിയില്‍ (സീതാരാമം) നിന്നുമല്ലേ ആക്ഷന്‍ സിനിമയിലേക്ക് പോകുന്നത്.

ദുല്‍ഖര്‍ : നീ ആക്ഷന്‍ സിനിമയില്‍ (ലൈഗര്‍) നിന്നുമല്ലേ ലവ് സ്‌റ്റോറിയിലേക്ക് പോകുന്നത്.

വിജയ് : നിന്റെ ആക്ഷന്‍ സിനിമ എന്റേതിനെക്കാളും നന്നാവട്ടെ.

ദുല്‍ഖര്‍ : (ചിരിക്കുന്നു) നിന്റെ ലവ് സ്‌റ്റോറി എന്റേത് പോലെ നന്നായി വരട്ടെ.

വമ്പന്‍ ഹൈപ്പിലാണ് എത്തിയതെങ്കിലും കിങ് ഓഫ് കൊത്തക്ക് പ്രതീക്ഷകള്‍ക്കൊത്ത് പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താനായില്ല എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. കിങ് ഓഫ് കൊത്തക്ക് സമ്മിശ്ര പ്രതികരണവും ഖുഷിക്ക് ആദ്യദിനത്തില്‍ തന്നെ പോസിറ്റീവും വന്നതോടെയാണ് ഈ സംഭാഷണം വീണ്ടും ശ്രദ്ധ നേടുന്നത്.

തന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടിയില്‍ വിജയ്‌യും സാമന്തയും നല്‍കിയ പിന്തുണയെ പറ്റിയും ദുല്‍ഖര്‍ സംസാരിച്ചിരുന്നു.

‘നീയും സാമന്തയും തമ്മില്‍ നല്ല ബോണ്ടിങ് ഉണ്ട്. എന്റെ ആദ്യത്തെ ചിത്രമായ മഹാനടി വന്നപ്പോള്‍ നിങ്ങള്‍ രണ്ട് പേരും എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നു. നിങ്ങള്‍ രണ്ട് പേരും അപ്പോള്‍ തന്നെ വലിയ താരങ്ങളായിരുന്നു. എന്നിട്ടും മഹാനടിയിലെ കഥാപാത്രങ്ങള്‍ വന്ന് ചെയ്തു,’ ദുല്‍ഖര്‍ പറഞ്ഞു.

ശിവ നിര്‍വാണ സംവിധാനം ചെയ്ത ഖുഷി ഒരു റൊമാന്റിക് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. പ്ലോട്ട്, മ്യൂസിക്, പെര്‍ഫോമന്‍സ് എന്നീ മേഖലകളിലെല്ലാം തൃപ്തികരമാണ് സിനിമ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സാമന്തയും വിജയ്‌യും തമ്മിലുള്ള കെമിസ്ട്രിയും വര്‍ക്ക് ഔട്ടായെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ പാട്ടുകള്‍ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. സിനിമാറ്റോഗ്രഫിയും എഡിറ്റിങ്ങും ഉള്‍പ്പെടുന്ന ടെക്നിക്കല്‍ സൈഡിനും പ്രശംസ ലഭിക്കുന്നുണ്ട്.

Content Highlight: Dulquer Salmaan and Vijay Devarakonda’s earlier conversation is gaining attention