എന്തുകൊണ്ട് അല്ലു അര്‍ജുനും പ്രഭാസും ചെയ്യുന്ന പോലുള്ള സിനിമകള്‍ ചെയ്യുന്നില്ല? വ്യക്തമായ മറുപടി നല്‍കി ദുല്‍ഖര്‍
Entertainment
എന്തുകൊണ്ട് അല്ലു അര്‍ജുനും പ്രഭാസും ചെയ്യുന്ന പോലുള്ള സിനിമകള്‍ ചെയ്യുന്നില്ല? വ്യക്തമായ മറുപടി നല്‍കി ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd September 2022, 8:58 am

മറ്റ് ഭാഷകളില്‍ നായകനായെത്തി നേട്ടങ്ങള്‍ കൊയ്ത് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ പദവി നേടിയെടുത്ത മലയാളി നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡിലെ മൂന്നാമത്തെ ചിത്രമായ ചുപ്പിന്റെ റിലീസ് തിരക്കുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍.

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിളിയോട് വലിയ താല്‍പര്യം കാണിക്കാത്ത ദുല്‍ഖറിനോട് വ്യത്യസ്തമായ ചോദ്യമായിരുന്നു ഇപ്രാവശ്യം ബോളിവുഡ് മാധ്യമങ്ങള്‍ ചോദിച്ചത്.

അല്ലു അര്‍ജുന്‍, പ്രഭാസ്, രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയ സൗത്ത് ഇന്ത്യയിലെ മറ്റ് താരങ്ങള്‍ ചെയ്യുന്നത് പോലുള്ള പാന്‍ ഇന്ത്യന്‍ മാസ് പടങ്ങള്‍ എന്തുകൊണ്ടാണ് ദുല്‍ഖര്‍ ചെയ്യാത്തത് എന്നായിരുന്നു ഇവരുടെ ചോദ്യം. ബോളിവുഡ് ലൈഫ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനുള്ള മറുപടിയും ദുല്‍ഖര്‍ നല്‍കി.

‘ഈ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ അല്ലെങ്കില്‍ നിങ്ങള്‍ പറയുന്ന പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്നതുകൊണ്ട് എന്താണ് ശരിക്കും ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ശരിക്കും മനസിലായിട്ടില്ല. ഒരുപക്ഷെ ഞാന്‍ നിങ്ങള്‍ പറയുന്ന പോലെയുള്ള ഒരു സ്റ്റാര്‍ അല്ലാത്തത് കൊണ്ടായിരിക്കാം അത്തരം സിനിമകള്‍ ചെയ്യാത്തത്.

അല്ലെങ്കില്‍ അത്തരം മാസ് പടങ്ങള്‍ ഞാന്‍ ഇതുവരെ തെരഞ്ഞെടുക്കാത്തത് കൊണ്ടാകാം, അത്തരം പടങ്ങള്‍ എന്നെ തേടി വരാത്തത് ആയിരിക്കും. പിന്നെ എന്നെ വെച്ച് അത്തരം പടങ്ങള്‍ ചെയ്ത് കാശ് വാരാന്‍ പറ്റാത്തത് കൊണ്ടുമാകാം. അങ്ങനെ കുറെ കാരണങ്ങളുണ്ടെന്ന് തോന്നുന്നു.

ഞാന്‍ വളരെ യാഥാര്‍ത്ഥ്യബോധമുള്ളയാളാണ്. ഒരു നിര്‍മാതാവ് എന്ന നിലയിലും എനിക്ക് കാര്യങ്ങളെ നോക്കികാണാനും മനസിലാക്കാനും കഴിയും.

പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യുക എന്നത് വലിയ ആഗ്രഹമായി കൊണ്ടുനടക്കുന്ന ആളുമല്ല ഞാന്‍. നല്ല സിനിമ ചെയ്യുമ്പോള്‍ അതിന്റെ സ്‌കെയിലോ ബജറ്റോ സൈസോ ഒന്നും ഞാന്‍ നോക്കാറില്ല.

ഞാന്‍ സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ഓരോ സിനിമ കഴിയുംതോറും പടിപടിയായി വലിയ സ്‌കെയിലിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. നിര്‍മാതാക്കള്‍ എന്നെ വെച്ച് കുറച്ചു കൂടെ റിസ്‌ക് എടുക്കാന്‍ തയ്യാറാകുന്നുണ്ട്.

ഞാന്‍ ചെയ്യുന്ന സിനിമകള്‍ക്ക് കുറച്ചു കൂടെ സ്വീകാര്യതയും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. അത് വളരെ സന്തോഷവും സംതൃപ്തിയും നല്‍കുന്ന കാര്യമാണ്. എന്നെങ്കിലും ഒരു റീജിയണല്‍ ആങ്കിളില്‍ നില്‍ക്കാത്ത ഒരു ഇന്ത്യന്‍ സ്റ്റോറി എന്നെ തേടി വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

കര്‍വാന്‍, ദി സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ചുപ്. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം ഫ്രീ പ്രിവ്യുവിന് ശേഷം മികച്ച അഭിപ്രായം നേടിയിരുന്നു.

‘ചുപ് : റിവഞ്ച് ഓഫ് ദ ആര്‍ടിസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. സംവിധായകന്‍ ഗുരു ദത്തിനുള്ള സമര്‍പ്പണമായിരിക്കും ഈ ചിത്രമെന്ന് ബാല്‍കി പറഞ്ഞിരുന്നു.

വളരെ വ്യത്യസ്തമായ, ഒരു ഡാര്‍ക് മോഡിലാണ് ദുല്‍ഖര്‍ ഈ സിനിമയിലെത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ സൈക്കോ മൂഡിലുള്ള കഥാപാത്രമായിരിക്കും ഇതെന്നും നടന്റെ പ്രകടനം ഇപ്പോള്‍ തന്നെ ചെറുതായി പേടിപ്പിക്കാന്‍ തുടങ്ങിയെന്നുമായിരുന്നു ട്രെയ്‌ലര്‍ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. ദുല്‍ഖറിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള റോളായിരിക്കും ചിത്രത്തിലേതെന്നും കമന്റുകളുണ്ടായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. സെപ്റ്റംബര്‍ 23നാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Dulquer Salmaan about why he is not doing movies like Allu Arjun or Prabhas