തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം 18 ദിവസത്തിനുള്ളില്‍ 250 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. 200 കോടി ക്ലബ്ബില്‍ ഇടംനേടുന്ന നാലാമത്തെ മലയാളചിത്രമായി ഇതോടെ ലോകഃ മാറി. മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം ലോകഃ സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ലോകഃയുടെ നിര്‍മാതാക്കള്‍. അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ചിത്രത്തെ കൂടുതല്‍ മനോഹരമാക്കിയ അതിഥിവേഷങ്ങളായിരുന്നു ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടേത്. ചാത്തനായി ടൊവിനോയും ഒടിയനായി ദുല്‍ഖറും വേഷമിട്ടു.
എന്നാല്‍ ഈ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും ശക്തന്‍ ഇവരാരുമല്ലെന്ന് ചിത്രം സൂചന നല്‍കുന്നുണ്ട്. എല്ലാവരെയും നിയന്ത്രിക്കുന്ന മൂത്തോന്‍ എന്ന കഥാപാത്രത്തിന്റെ ശബ്ദം മാത്രമായി ചെറിയൊരു സാമ്പിള്‍ സംവിധായകന്‍ നല്‍കിയിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയാണ് മൂത്തോനായി വേഷമിടുന്നത്. ലോകഃയുടെ അടുത്ത ഭാഗങ്ങളില്‍ മൂത്തോന്റെ സാന്നിധ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
‘പടം ഹിറ്റായി. പക്ഷേ, അടുത്ത പാര്‍ട്ടിലേക്കൊക്കെ മൂത്തോന്‍ എന്ന കഥാപാത്രമായി എങ്ങനെ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യുമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. അതിന് തക്ക കഥയുമായി ചെന്നാല്‍ മാത്രമേ സമ്മതിക്കുള്ളൂ. ഇതിപ്പോള്‍ ഈ സിനിമ ഹിറ്റായി എന്ന് പറഞ്ഞപ്പോള്‍ ‘നല്ല കാര്യം, സന്തോഷം’ എന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ.
ഇനി വരാന്‍ പോകുന്ന സിനിമകളിലേക്ക് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യുക എന്നത് വലിയൊരു ടാസ്‌കാണ് ഞങ്ങള്‍ക്ക്. അദ്ദേഹത്തെ ചുമ്മാ കൊണ്ടുവന്ന് നിര്‍ത്തുക എന്നതിനോട് ഒരിക്കലും എനിക്ക് യോജിപ്പില്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും പുള്ളിയുടെ അടുത്തേക്ക് കടന്നുചെല്ലാം. പക്ഷേ, ആ ഒരു കാരണം കൊണ്ട് നമ്മള്‍ പറയുന്നത് ചെയ്യാമോ എന്ന് ചോദിക്കാനാകില്ല,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവരാണ് ലോകഃ ചാപ്റ്റര്‍ വണ്ണിലെ പ്രധാന താരങ്ങള്‍. ഐതിഹ്യമാലയില്‍ കേട്ടുവളര്‍ന്ന കള്ളിയങ്കാട്ട് നീലിയുടെ കഥ ഇന്നത്തെ കാലത്തേക്ക് ബ്ലെന്‍ഡ് ചെയ്ത് ഒരുക്കിയ ചിത്രമാണ് ലോകഃ. ടൊവിനോ തോമസ് അവതരിപ്പിച്ച ചാത്തനെ പ്രധാന കഥാപാത്രമാക്കിയാണ് രണ്ടാം ഭാഗം ഒരുങ്ങുകയെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കിയിട്ടുണ്ട്.
Content Highlight: Dulquer Salmaan about Mammootty’s presence in next parts of Lokah franchise