ട്രെയ്‌ലറില്‍ നിങ്ങള്‍ കണ്ടതല്ല സിനിമയുടെ കഥ, കുറെ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
Malayalam Cinema
ട്രെയ്‌ലറില്‍ നിങ്ങള്‍ കണ്ടതല്ല സിനിമയുടെ കഥ, കുറെ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
അമര്‍നാഥ് എം.
Monday, 31st August 2026, 6:40 pm

സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഐ ആം ഗെയിം. മൂന്ന് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവ് എന്നതിനപ്പുറം മോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് കൂടിയാണിത്. ഓണം റിലീസായി എത്തുമെന്നറിയിച്ച ചിത്രം അവസാനനിമിഷം മാറ്റിവെക്കുകയായിരുന്നു.

പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രത്തിനായി വലിയ പ്രൊമോഷനാണ് ദുല്‍ഖര്‍ നടത്തുന്നത്. കഴിഞ്ഞദിവസം കൊച്ചിയില്‍ ഗ്രാന്‍ഡ് ഓഡിയോ ലോഞ്ച് അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. ഇന്നിതാ, ഹൈദരബാദിലും ഗ്രാന്‍ഡ് പ്രീ റിലീസ് ഇവന്റുമായി കളംനിറയുകയാണ് ഡി.ക്യു. കേരളം പോലെ ദുല്‍ഖറിന് വലിയ റീച്ചുള്ള മാര്‍ക്കറ്റാണ് ആന്ധ്ര.

തിങ്ങിനിറഞ്ഞ സദസ്സാണ് ദുല്‍ഖറിനെ വരവേറ്റത്. തെലുങ്ക് സിനിമ ചെയ്തതിന് ശേഷമാണ് താന്‍ ഹിന്ദിയിലേക്കെല്ലാം പോയതെന്നും ഇവിടുന്ന ലഭിക്കുന്ന സ്‌നേഹം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. തെലുങ്ക് നാട് തന്റെ മറ്റൊരു കുടുംബം പോലെയാണെന്നും ഇവിടുള്ളവര്‍ തനിക്ക് പ്രിയപ്പെട്ടവരാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഈ സിനിമക്ക് വേണ്ടി നിങ്ങളെല്ലാവരും കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. നല്ലൊരു സിനിമ നിങ്ങളിലേക്ക് എത്തിക്കുകയാണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഇതില്‍ ഒരുപാട് സര്‍പ്രൈസുകള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്. ഈ സിനിമയുടെ ട്രെയ്‌ലര്‍ കണ്ടിട്ട് തെലുങ്കിലെ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു.

‘ഇതില്‍ പ്രത്യേകിച്ച് കഥയൊന്നുമില്ലെന്ന് തോന്നുന്നല്ലോ’ എന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, അവരോടും നിങ്ങളോടും പറയാനുള്ളത്, ഈ ട്രെയ്‌ലറില്‍ കണ്ടതൊന്നുമല്ല സിനിമയുടെ കഥ. വേറെയും ഒരുപാട് സര്‍പ്രൈസുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഫാന്റസിയും എക്‌സ്പിരിമെന്റുമെല്ലാം ചേര്‍ന്ന് ഒരു തെലുങ്ക് ഫ്‌ളേവറിലാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. നിങ്ങള്‍ക്ക് ഉറപ്പായും ഐ ആം ഗെയിം ഇഷ്ടമാകുമെന്ന് കരുതുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.

ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണിത്.  കയദു ലോഹര്‍, ആന്റണി വര്‍ഗീസ് പെപ്പെ, മിഷ്‌കിന്‍, കതിര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി വലിയൊരു താരനിരയും ടെക്‌നിക്കല്‍ ക്രൂവും ചിത്രത്തിലുണ്ട്. സെപ്റ്റംബര്‍ മൂന്നിന് ഐ ആം ഗെയിം തിയേറ്ററുകളിലെത്തും.

Content Highlight: Dulquer Salmaan about I’m Game movie and trailer

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം