തിരുവനന്തപുരം: ചെറിയ അണലികളെക്കൊണ്ട് നാവില്‍ കൊത്തിച്ച് ആളുകള്‍ ലഹരിക്കായി ഉപയോഗിക്കാറുണ്ടെന്ന തന്റെ പഴയ പ്രസ്താവന തിരുത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തന്റെ പരാമര്‍ശം വസ്തുതാപരമായി ശരിയല്ലെന്നും ഡോ. ഷിംന അസീസ് ചൂണ്ടിക്കാണിച്ച പിഴവ് താന്‍ തുറന്ന മനസോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി
അപകടകരമായ ലഹരി ഉപയോഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മുന്‍പ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
എന്നാല്‍, വിഷപ്പാമ്പുകളുടെ കടി ലഹരി നല്‍കില്ലെന്നും മറിച്ച് അണലിയെപ്പോലുള്ള പാമ്പുകളുടെ കടിയേറ്റാല്‍ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോ. ഷിംന അസീസ് ശാസ്ത്രീയമായി വിശദീകരിച്ചിരുന്നു. മാധ്യമങ്ങളിലൂടെ ഈ തിരുത്ത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ചെന്നിത്തല തന്റെ ഭാഗത്തെ തെറ്റ് തിരുത്തുകയായിരുന്നു.
തെറ്റ് തിരുത്തിയതിനോടൊപ്പം തന്നെ, ലഹരിവിരുദ്ധ ദൗത്യമായ ‘തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ടിന്റെ’ ഭാഗമായി ‘തൂഫാന്‍ വാരിയര്‍’ ആകാന്‍ ഡോ. ഷിംന അസീസിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
ലഹരിക്കെതിരായ പോരാട്ടം തന്റെ വ്യക്തിജീവിതത്തിലും പൊതുപ്രവര്‍ത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുള്ള ഒന്നാണെന്നും, യു.ഡി.എഫ് അധികാരം ലഭിച്ചാല്‍ ലഹരിയുടെ വേരറുക്കും എന്ന വാഗ്ദാനം പാലിച്ച് ‘തൂഫാന്‍’ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാമ്പുകളെ ഉപയോഗിക്കുന്നത് പോലുള്ള അത്യന്തം അപകടകരമായ ലഹരി ഉപയോഗങ്ങള്‍ സമൂഹത്തിലുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ ഗൗരവത്തോടെയാണ് കാണുന്നത്.
ഇത്തരം ലഹരി കേന്ദ്രങ്ങളെക്കുറിച്ചോ ഉപയോഗങ്ങളെക്കുറിച്ചോ യഥാര്‍ത്ഥ വിവരങ്ങള്‍ അധികാരികളെ അറിയിക്കാന്‍ പൊതുജനങ്ങള്‍ മടിക്കരുതെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
Content Highlight: ‘Drug use is a result of being bitten by a viper’; Home Minister corrects mistake in statement