ആരോപണങ്ങളുടെ മുനയൊടിച്ച് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍: ഡ്രഗ് ടെസ്റ്റ് ഫലം നെഗറ്റീവ്
World News
ആരോപണങ്ങളുടെ മുനയൊടിച്ച് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍: ഡ്രഗ് ടെസ്റ്റ് ഫലം നെഗറ്റീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 10:24 pm

ഹെല്‍സിങ്കി: സുഹൃത്തുക്കള്‍ക്കൊപ്പം സ്വകാര്യ വസതിയില്‍ നടത്തിയ പാര്‍ട്ടിയുടെ വീഡിയോ പുറത്താവുകയും വിവാദത്തിന് വഴിവെക്കുകയും ചെയ്തതിന് പിന്നാലെ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ നടത്തിയ ഡ്രഗ് ടെസ്റ്റിന്റെ ഫലം നെഗറ്റീവ്.

‘ഓഗസ്റ്റ് 19ന് നടന്ന ഡ്രഗ് ടെസ്റ്റില്‍ ഒരു തരത്തിലുള്ള ഡ്രഗുകളുടെ സാന്നിധ്യവും കണ്ടെത്താനായിട്ടില്ല. ടെസ്റ്റിന്റെ ഫലം നെഗറ്റീവാണ്, സമഗ്രമായ ടെസ്റ്റാണ് നടന്നത്,’ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

സന്ന മരിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുകയും പാട്ട് പാടുകയും ചെയ്ത് ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. പ്രധാനമന്ത്രി ഡ്രഗ് ടെസ്റ്റ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെ താന്‍ ടെസ്റ്റ് നടത്തിയതായി സന്ന മരിന്‍ വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തിയത്. ടെസ്റ്റിന്റെ ഫലം പുറത്തുവന്നതോടെ പ്രധാനമന്ത്രിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു രാജ്യത്ത് ഉയര്‍ന്നിരുന്നത്. രാജ്യം ഭരിക്കാതെ പ്രധാനമന്ത്രി പാര്‍ട്ടി നടത്തുകയാണ്, ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇത് എന്നൊക്കെയാണ് ഉയരുന്ന വിമര്‍ശനം.

അതേസമയം, തനിക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങളിലും ആരോപണങ്ങളിലും മരിന്‍ ഡ്രഗ് ടെസ്റ്റിന്റെ ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കിടെ മാത്രമാണ് താന്‍ മദ്യപിച്ചതെന്നും മറ്റൊരു സമയത്തും യാതൊരു ലഹരികളും ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. വീഡിയോ എടുക്കുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ വീഡിയോ പ്രചരിച്ചതില്‍ ദുഃഖവും നിരാശയുമുണ്ടെന്നും ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

മറ്റെല്ലാവരെയും പോലെ ഒഴിവുസമയം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചിലവഴിക്കാറ്. താന്‍ ഡാന്‍സ് കളിച്ചുവെന്നും പാട്ട് പാടിയെന്നും അത് തീര്‍ത്തും നിയമവിധേയമായ കാര്യമാണെന്നും സന്ന മരിന്‍ പറഞ്ഞിരുന്നു. തന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് തോന്നിയിട്ടില്ലെന്നും താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അതുപോലെ തന്നെ എന്നും തുടരുമെന്നുമാണ് മരിന്‍ പ്രതികരിച്ചത്.

സോഷ്യല്‍ ഡെമോക്രാറ്റ് ലീഡറായ 36കാരിയായ സന്ന മരിന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. സംഗീത പരിപാടികളില്‍ നിരന്തരം പങ്കെടുക്കാറുള്ള മരിന്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്ത കോണ്‍ടാക്ടായ ശേഷവും ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെ സന്ന മരിന്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.