എന്നാ അടിയാ അടിച്ചു കൂട്ടുന്നേ... ടെസ്റ്റ് താരമെന്നൊക്കെ പറഞ്ഞിട്ട് ഇതിപ്പോള്‍ വീണ്ടും വീണ്ടും ഇയാള്‍ ഫോര്‍മാറ്റ് മറക്കുകയാണല്ലോ
Sports News
എന്നാ അടിയാ അടിച്ചു കൂട്ടുന്നേ... ടെസ്റ്റ് താരമെന്നൊക്കെ പറഞ്ഞിട്ട് ഇതിപ്പോള്‍ വീണ്ടും വീണ്ടും ഇയാള്‍ ഫോര്‍മാറ്റ് മറക്കുകയാണല്ലോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd August 2022, 9:36 pm

റോയല്‍ ലണ്ടന്‍ കപ്പില്‍ വെടിക്കെട്ട് തുടര്‍ന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ടൂര്‍ണമെന്റില്‍ സസക്‌സ് – മിഡില്‍സെക്‌സ് മത്സരത്തിലായിരുന്നു പൂജാര വീണ്ടും നൂറടിച്ച് ടീമിന്റെ നട്ടെല്ലായത്.

കേവലം 75 പന്തിലായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് സൂപ്പര്‍ സ്റ്റാറിന്റെ സെഞ്ച്വറി നേട്ടം. സെഞ്ച്വറിക്ക് ശേഷം 15 പന്തുകൂടി ഗ്രൗണ്ടില്‍ നിന്ന പൂജാര 132 റണ്‍സ് തന്റെ പേരിലാക്കിയ ശേഷമായിരുന്നു കളം വിട്ടത്.

പൂജാരയ്ക്ക് പുറമെ ഓപ്പണര്‍ അസ്ലോപ്പും സെഞ്ച്വറി നേടിയിരുന്നു. 155 പന്തില്‍ നിന്നും 19 ഫോറും അഞ്ച് സിക്‌സറുമടക്കം പുറത്താവാതെ 189 റണ്‍സാണ് അസ്ലോപ് നേടിയത്.

കഴിഞ്ഞ മത്സരത്തില്‍ സസക്‌സിനായി തിളങ്ങിയ അലി ഓറിന് കാര്യമായ സംഭാവന ടീം സ്‌കോറിലേക്ക് നല്‍കാന്‍ സാധിച്ചില്ല. 28 പന്തില്‍ നിന്നും 20 റണ്‍സാണ് താരം എടുത്തത്. പിന്നാലെയെത്തിയ ടോം ക്ലാര്‍ക്കും മടങ്ങിയതോടെ ക്രീസിലെത്തിയ പൂജാര വെടിക്കെട്ടിന് തിരികൊളുത്തി.

ഒരു ഭാഗത്ത് നിന്ന് പൂജാരയും മറുതലക്കല്‍ നിന്ന് അസ്ലോപ്പും ഒരു ദാക്ഷിണ്യവുമില്ലാതെ മിഡില്‍സെക്‌സ് ബൗളര്‍മാരെ അടിച്ചൊതുക്കി. 90 പന്തില്‍ നിന്നും 20 ഫോറും രണ്ട് സിക്‌സറുമുള്‍പ്പടെ 146.67 സ്‌ട്രൈക്ക് റേറ്റിലായിരുന്നു പൂജാരയുടെ വെടിക്കെട്ട്.

ടീം സ്‌കോര്‍ 335ല്‍ നില്‍ക്കവെ മാക്‌സ് ഹാരിസിന്റെ പന്തില്‍ മാക്‌സ് ഹോള്‍ഡന് ക്യാച്ച് നല്‍കിയായിരുന്നു പൂജാര മടങ്ങിയത്.

ഒടുവില്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സായിരുന്നു സസക്‌സ് അടിച്ചുകൂട്ടിയത്.

റോയല്‍ ലണ്ടന്‍ കപ്പില്‍ പൂജാരയുടെ മൂന്നാം സെഞ്ച്വറിയാണിത്. നേരത്തെ വാര്‍വിക്‌ഷെയറിനും സറേക്കുമെതിരെയായിരുന്നു പൂജാര സെഞ്ച്വറി നേടിയത്.

ഇതോടെ എട്ട് കളിയില്‍ മൂന്ന് സെഞ്ച്വറിയടക്കം 102.33 ശരാശരിയില്‍ 614 റണ്‍സാണ് പൂജാര നേടിയത്. 116.28 ആണ് താരത്തിന്റെ പ്രഹരശേഷി. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനാണ് പൂജാര.

മിഡില്‍സെക്‌സ് നിരയില്‍ പത്ത് ഓവറില്‍ 98 റണ്‍സ് വഴങ്ങി മാക്‌സ് ഹാരിസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പത്ത് ഓവറില്‍ 32 റണ്‍സ് വഴങ്ങി വലാല്ലവിറ്റ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മിഡില്‍സെക്‌സ് 18 ഓവറില്‍ മൂന്ന് വിക്കറ്റിന് 104 എന്ന നിലയിലാണ്. മാര്‍ക് സ്‌റ്റോണ്‍മാന്‍, സ്റ്റീഫന്‍ എസ്‌കിനാസി, സാം റോബ്‌സണ്‍ എന്നിവരുടെ വിക്കറ്റാണ് മിഡില്‍സെക്‌സിന് നഷ്ടമായിരിക്കുന്നത്.

 

Content Highlight: Cheteshwar Pujara smashes yet another century in Royal London Cup