സെഞ്ച്വറി പോലും അടിക്കാത്തവര്‍ നിരന്നു നില്‍ക്കുമ്പോള്‍ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിയുമായി ബ്രാന്‍ഡ് L... കോമ്പറ്റീഷന്‍ കൊടുക്കാന്‍ പോലും ആരുമില്ലല്ലോ
Malayalam Cinema
സെഞ്ച്വറി പോലും അടിക്കാത്തവര്‍ നിരന്നു നില്‍ക്കുമ്പോള്‍ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിയുമായി ബ്രാന്‍ഡ് L... കോമ്പറ്റീഷന്‍ കൊടുക്കാന്‍ പോലും ആരുമില്ലല്ലോ
അമര്‍നാഥ് എം.
Thursday, 28th May 2026, 3:20 pm

മോളിവുഡില്‍ വീണ്ടും കളക്ഷന്റെ കാര്യത്തില്‍ റെക്കോഡിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 3 ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ തിളക്കത്തിലേക്ക് നടന്നുകയറിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടാണ് ദൃശ്യം 3യുടെ ഈ റെക്കോഡ് നേട്ടം. കേരളത്തില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്.

കരിയറിലെ മൂന്നാമത്തെ 200 കോടിയാണ് ദൃശ്യം 3യിലൂടെ മോഹന്‍ലാല്‍ തന്റെ പേരിലാക്കിയത്. കഴിഞ്ഞവര്‍ഷത്തെ വന്‍ വിജയമായ എമ്പുരാനിലൂടെയാണ് താരം കരിയറിലെ ആദ്യ 200 കോടി ചിത്രം സ്വന്തം പേരിലാക്കിയത്. പിന്നാലെയെത്തിയ തുടരും ഈ നേട്ടം ആവര്‍ത്തിച്ചു. തുടര്‍ച്ചയായി രണ്ട് 200 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള താരമായും മോഹന്‍ലാല്‍ മാറി.

ദൃശ്യം 3 Photo: Aashirvad Cinemas/ Facebook

ഇപ്പോഴിതാ മൂന്നാമതും ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. വെറും 14 മാസത്തെ ഗ്യാപ്പിലാണ് മൂന്ന് 200 കോടി ചിത്രങ്ങളും മോഹന്‍ലാലിന്റേതായി വന്നത്. മലയാളത്തില്‍ ഇതുവരെ 100 കോടി പോലും നേടാനാകാത്ത താരങ്ങളുള്ളപ്പോഴാണ് മോഹന്‍ലാല്‍ ഈ റെക്കോഡിലെത്തിയത്.

എന്നാല്‍ ദൃശ്യം 3 200 കോടി നേടിയിട്ടും ആരാധകര്‍ക്കിടയില്‍ വലിയ ആഘോഷമൊന്നും കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ലോകഃയെയും കേരള ബോക്‌സ് ഓഫീസില്‍ വാഴ 2നെയും ദൃശ്യം 3 മറികടക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബലിപെരുന്നാള്‍ അവധിയും ദൃശ്യം 3ക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

കേരളത്തില്‍ നിന്ന് മാത്രം 100 കോടിയും ദൃശ്യം 3 ലക്ഷ്യം വെക്കുന്നുണ്ട്. തുടരുമിന് ശേഷം ഈ നേട്ടം ദൃശ്യം 3 ആവര്‍ത്തിക്കുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. മോളിവുഡിലെ ഏറ്റവും വലിയ ബ്രാന്‍ഡ് മോഹന്‍ലാലാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്നാണ് ആരാധകരുടെ കമന്റുകള്‍. താരത്തിന് കടുത്ത കോമ്പറ്റീഷന്‍ നല്‍കാന്‍ മലയാളത്തില്‍ വേറെ ആരുമില്ലെന്നും കമന്റുകളുണ്ട്.

മലയാളത്തിലെ ആദ്യത്തെ 50, 100, 150 കോടി ചിത്രങ്ങള്‍ മോഹന്‍ലാലിലൂടെയാണ് പിറന്നത്. 100 കോടി ക്ലബ് സ്വപ്‌നമായി മാത്രം നിന്ന മോളിവുഡിന് ആദ്യദിവസം തന്നെ 50 കോടി നേടാനാകുമെന്ന് തെളിയിച്ചത് മോഹന്‍ലാലാണ്. ഇന്‍ഡസ്ട്രിയില്‍ പുതിയ റെക്കോഡ് ഇടുന്നതും അതിനെ തകര്‍ക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

Content Highlight: Drishyam 3 entered in 200 crore club within one week

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം