ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെട്ടത് ഇവരെ; ബ്രേക്കിംഗ് ബാഡ് മുതല്‍ പാരസൈറ്റ് വരെ
Entertainment
ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെട്ടത് ഇവരെ; ബ്രേക്കിംഗ് ബാഡ് മുതല്‍ പാരസൈറ്റ് വരെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th March 2021, 2:36 pm

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ദൃശ്യത്തിന്റെ ആദ്യ ഭാഗം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്തിരുന്നു. ചിത്രം വലിയ വിജയം നേടുകയും ചെയ്തു.

ഹോളിവുഡില്‍ നിന്നും ദൃശ്യം റീമേക്ക് ചെയ്യാനായി സമീപിച്ചിരുന്നുവെന്ന് ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ചെയ്ത ജോര്‍ജുകുട്ടിയുടെ റോളിലേക്ക് ഹോളിവുഡ് നടി ഹിലരി സ്വാങ്കിനെയാണ് തന്നെ സമീപിച്ച നിര്‍മ്മാതാവ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദൃശ്യം ഹോളിവുഡിലെത്തിയാല്‍ ഏത് ചിത്രത്തിന്റെ കാസ്റ്റിനെയാണ് അഭിനയിപ്പിക്കേണ്ടതെന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.

പാരസൈറ്റ് മുതല്‍ ബ്രേക്കിംഗ് ബാഡ് വരെ നിരവധി സിനിമകളുടെയും സീരീസുകളുടെയും അഭിനേതാക്കളെ പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രങ്ങളാണ് മിക്കവരും നിര്‍ദേശിക്കുന്നത്.

ബ്രേക്കിംഗ് ബാഡ്

കൊലപാതകവും അത് മറച്ചുവെക്കാനായി ജോര്‍ജുകുട്ടി നടത്തുന്ന ബുദ്ധിപൂര്‍വ്വമായ ശ്രമങ്ങളുമാണ് ദൃശ്യത്തിന്റെ പ്രധാന പ്ലോട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ബ്രേക്കിംഗ് ബാഡ് കാസ്റ്റിനെ ദൃശ്യത്തിനായി നിര്‍ദേശിക്കുന്നത്. സീരിസിലെ കേന്ദ്ര കഥാപാത്രമായ വാള്‍ട്ടര്‍ വൈറ്റിന് ജോര്‍ജുകുട്ടിയുമായി സാമ്യമുണ്ടെന്നാണ് ഈ ആരാധകരുടെ വാദം. വാള്‍ട്ടര്‍ വൈറ്റായെത്തിയ ബ്രയാന്‍ ക്രാന്‍സ്റ്റണിന്റെ അഭിനയം കൂടിയാകുമ്പോള്‍ റീമേക്ക് ഗംഭീരമാകുമെന്നും ഇവര്‍ പറയുന്നു. ആരോണ്‍ പോളിനെ വരുണ്‍ പ്രഭാകറായും ഹാങ്ക് ഷ്രാഡറെ സഹദേവനായും ഗസ് ഫ്രിംഗിനെ ഗീതാ പ്രഭാകറുമായും റീകാസ്റ്റ് ചെയ്യാമെന്നും പറയുന്നു.

റോസ്മണ്ട് പൈക്ക്

ഗോണ്‍ ഗേള്‍, ഐ കെയര്‍ എ ലോട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനം ചൂണ്ടിക്കാട്ടി റോസ്മണ്ട് പൈക്കാണ് ജോര്‍ജുകുട്ടിയാകാന്‍ നിര്‍ദേശം വരുന്ന മറ്റൊരു താരം. പുരുഷന് മാത്രമേ കുടുംബത്തെ രക്ഷിക്കാന്‍ കഴിയൂവെന്ന പാട്രിയാര്‍ക്കല്‍ ചിന്തകളില്‍ നിന്നുള്ള മോചനം കൂടിയാകും റോസ്മുണ്ടിന്റെ കാസ്റ്റിംഗിലൂടെ നേടാനാകുക എന്നും ആരാധകര്‍ പറയുന്നു. ഹിലരി സ്വാങ്കിനെയും ഇവര്‍ സ്വാഗതം ചെയ്യുന്നു. കെയ്റ്റ് ബ്ലാന്‍ചെറ്റ്, സാറ പോള്‍സണ്‍ എന്നിവരെയാണ് ഗീതാ പ്രഭാകറിന്റെ റോളിലേക്ക് നിര്‍ദേശിക്കുന്നത്.

മാര്‍വല്‍/ഡി.സി

അയണ്‍ മാനായെത്തുന്ന റോബര്‍ട്ട് ഡൗണി ജൂനിയറിനെയാണ് ജോര്‍ജുകുട്ടിയായി മറ്റു ചിലര്‍ സങ്കല്‍പ്പിക്കുന്നത്. വണ്ടര്‍ വുമണും ബ്ലാക് വിഡോയുമൊക്കെ ദൃശ്യത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളായി ആളുകള്‍ നിര്‍ദേശിക്കുന്നുണ്ട്. ക്യാപ്റ്റന്‍ അമേരിക്കയ്ക്കയെയും ജോര്‍ജുകുട്ടി ഫാന്‍സിന്റെ പരിഗണനയിലുണ്ട്.

പാരസൈറ്റ്

ജോര്‍ജുകുട്ടിയെയും പാരസൈറ്റിലെ സോംഗ് കാംഗ് ഹോയെയുമാണ് താരതമ്യം ചെയ്തുകൊണ്ടാണ് മറ്റു കമന്റുകള്‍. രണ്ട് പേരും തങ്ങളേക്കാള്‍ ഉയര്‍ന്ന തട്ടിലുള്ളവര്‍ക്കെതിരെ പോരാടാന്‍ നിര്‍ബന്ധിതരാകുകയാണെന്നും കുടുംബത്തെ സംരക്ഷിക്കാനും നിലനില്‍പ്പിനുമായി ഇവര്‍ക്ക് പലതും ചെയ്യേണ്ടി വരികയാണെന്നും ഇവര്‍ പറയുന്നു.

ഇനിയും ഒരുപാട് കാസ്റ്റിംഗ് നിര്‍ദേശങ്ങള്‍ ദൃശ്യത്തിന്റെ ഹോളിവുഡ് പതിപ്പിനായി ആരാധകര്‍ നിര്‍ദേശിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Drishyam 2 in Hollywood, Breaking Bad, Parasite, Marvel, DC cast suggested by fans