| Monday, 13th October 2025, 8:24 pm

ഡോ. ഹുസാം അബു സഫിയ; ഇസ്രഈലിന്റെ തോക്കിന് മുമ്പിലും ചങ്കുറപ്പോടെ നിന്ന ഗസയുടെ ഡോക്ടര്‍

ആര്യ. പി

2024 അവസാനം വരെ, വടക്കന്‍ ഗസയില്‍ പ്രവര്‍ത്തിച്ച അവസാനത്തെ മെഡിക്കല്‍ സെന്ററുകളില്‍ ഒന്നായിരുന്നു കമാല്‍ അദ്വാന്‍ ആശുപത്രി.

2023 ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രഈലിന്റെ എല്ലാ ഒഴിപ്പിക്കല്‍ നിര്‍ദേശങ്ങളും അവഗണിച്ച് രോഗികള്‍ക്കായി തന്റെ ആശുപത്രി തുറന്നിട്ട ഫലസ്തീനികളുടെ പ്രിയപ്പെട്ട ശിശുരോഗവിദഗ്ദ്ധന്‍, ഡോ. ഹുസാം അബു സഫിയ.

Dr. Hussam Abu Safiya

2023 ഒക്ടോബര്‍ 25ന് ഇസ്രഈലി സൈന്യം ആശുപത്രിയിലേക്ക് ഇരച്ചുകയറി, അദ്ദേഹത്തിന്റെ മകനെ കൊലപ്പെടുത്തി, ആശുപത്രിയില്‍ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.

ആഴ്ചകള്‍ക്ക് ശേഷം, ഇസ്രഈല്‍ സൈന്യം അബു സഫിയയേയും അറസ്റ്റ് ചെയ്തു. ഗസയിലും ലോകമെമ്പാടുമായി നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും മെഡിക്കല്‍ അസോസിയേഷനുകളും അബു സഫിയയുടെ മോചനം ആവശ്യപ്പെട്ട് വലിയ ക്യാമ്പയിന്‍ നടത്തിവരികയാണ്.

ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഒപ്പം ഹൃദ്രോഗവും അണുബാധയും. ഇതിനൊന്നും ചികിത്സ നല്‍കാതെ ഇസ്രഈല്‍ അദ്ദേഹത്തെ നരകയാതന അനുഭവിപ്പിക്കുകയാണെന്ന് ഡോക്ടറുടെ അഭിഭാഷകന്‍ ഗൈദ് ഖാസിം പറഞ്ഞിരുന്നു.

ഇസ്രഈല്‍ സൈനിക ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുകയാണ് 51കാരനായ ഡോ. ഹുസാം അബു സഫിയ.

‘ആശുപത്രിയില്‍ നിന്ന് സൈനിക ക്യാമ്പുകളില്‍ ഒന്നിലേക്ക് കൊണ്ടുപോയ ശേഷം അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. കൈകള്‍ ബന്ധിച്ചു, വസ്ത്രങ്ങള്‍ അഴിക്കാന്‍ നിര്‍ബന്ധിച്ചു’  ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച അല്‍ മെസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിലെ അഭിഭാഷകന്‍ സമീര്‍ അല്‍-മനാമ പറയുന്നത് ഇങ്ങനെയാണ്.

ജയിലില്‍ അദ്ദേഹം ക്രൂരമര്‍ദനത്തിന് ഇരയായതായ റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ജയിലില്‍ വെച്ച് ഹൃദയാഘാതം നേരിട്ട അദ്ദേഹത്തിന് ഇസ്രഈല്‍ ചികിത്സ നിഷേധിച്ചു.

2025 ജനുവരി 9ന് ഓഫര്‍ ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തെ 25 ദിവസത്തേക്ക് ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ഇസ്രഈല്‍ സൈന്യവും ഇസ്രായേലി ഇന്റലിജന്‍സും പൊലീസും തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും ചെയ്തു.

തനിക്കെതിരായ എല്ലാ കുറ്റങ്ങളും നിഷേധിച്ചിട്ടും, അയാളില്‍ നിന്ന് കുറ്റസമ്മതം നടത്തുന്നതിനായി ഇസ്രഈല്‍ സൈന്യം ഇലക്ട്രിക് സ്റ്റിക് ഉപയോഗിച്ച് ഡോക്ടറെ മര്‍ദിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തന്നെ ലോകത്തോട് പറഞ്ഞിട്ടുണ്ട്.

അബു സഫിയയുടെ അറസ്റ്റിന് ‘നിയമപരമായ ഒരു ന്യായീകരണവുമില്ല’. ഏത് ആരോപണത്തിനും തെളിവ് ആവശ്യമാണ്, തെളിവില്ലാത്തിടത്തോളം കാലം ഡോക്ടര്‍ ഹുസാമിനെതിരെ ഒരു നടപടിയും എടുക്കാനാവില്ലെന്ന് അഭിഭാഷകര്‍ പറയുമ്പോഴും ഇത്തരത്തില്‍ കുറ്റംചെയ്യാത്ത ആയിരക്കണക്കിന് മനുഷ്യരെ ശിക്ഷിക്കുന്ന ഇസ്രഈലിന്റെ നടപടിയെ ചോദ്യം ചെയ്യാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകുന്നില്ല.

വടക്കന്‍ ഗസയിലെ ഉപരോധത്തിനിടെ ആശുപത്രി വിട്ടുപോകണമെന്ന ഇസ്രഈല്‍ സൈനികരുടെ നിരന്തര ഭീഷണികള്‍ അവഗണിച്ച് പരിമിതമായ സാഹചര്യത്തിലും പരിക്കേറ്റ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഹുസാം അബു.

ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്ത് തടങ്കല്‍പ്പാളയത്തിലേക്കും  സൈനിക ജയിലുകളിലേക്കും കൊണ്ടുപോയ നൂറുകണക്കിന് മെഡിക്കല്‍ പ്രൊഫഷണലുകളില്‍ ഒരാള്‍. ഇത്തരത്തില്‍ ഇസ്രഈല്‍ പിടിച്ചുകൊണ്ടുപോയ ആയിരക്കണക്കിന് മനുഷ്യരെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നതും വസ്തുതയാണ്.


അബു സഫിയയുടെ 33 പേജുള്ള മെഡിക്കല്‍ ഫയല്‍ തനിക്ക് ലഭിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നില വഷളായിട്ടും അതില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ടതിന്റെ റിപ്പോര്‍ട്ട് ഒന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നുണ്ട്.

രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലെന്ന പേരില്‍ കുറ്റം ചുമത്താതെയും, ഓരോ ആറുമാസത്തിലും പുതുക്കാവുന്നതുമായ തുറന്ന തടങ്കല്‍ അനുവദിക്കുന്ന, നിയമപ്രകാരമാണ് അബു സഫിയയെപ്പോലുള്ള ആയിരക്കണക്കിന് ആളുകളെ തടവിലാക്കിയിരിക്കുന്നത്.

‘നിയമവിരുദ്ധ പോരാട്ടത്തിനെതിരായ നടപടി’ എന്ന് കുറ്റമാണ് ചുമത്തുന്നത്. ഈ നിയമ പ്രകാരം യുദ്ധത്തടവുകാര്‍ക്ക് ലഭിക്കേണ്ട ഒരു സംരക്ഷണവും ഇവര്‍ക്ക് കിട്ടില്ല. 2002 ല്‍ നടപ്പിലാക്കിയ ഈ നിയമം ഗസയില്‍ നിന്നുള്ള ഫലസ്തീനികളെ വിചാരണ കൂടാതെ തടവിലാക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം അഭിഭാഷകനെ അനുവദിക്കാതെ ‘യുദ്ധാവസാനം വരെ’ അദ്ദേഹത്തിന്റെ തടങ്കല്‍ നീട്ടിയിട്ടുണ്ടെന്ന വിവരവും ഇതിനിടെ പുറത്തുവരുന്നുണ്ട്.

അതിനിടെ നെതര്‍ലാന്‍ഡ്‌സിലെ ഡോക്ടേഴ്‌സ് ഫോര്‍ ഗസ ഹുസാം അബു സഫിയിയെ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പ്രൈസിനായി നാമനിര്‍ദേശം ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ അസാധാരണമായ ധൈര്യവും രോഗികളോടുള്ള അചഞ്ചലമായ സമര്‍പ്പണവും ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും മാനുഷിക തത്വങ്ങളോട് പുലര്‍ത്തിയ പ്രതിബദ്ധതയും മാനിക്കപ്പെടണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു നോബേലിന് നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. 35,000 പേര്‍ ഒപ്പിട്ട ഒരു ആഗോള നിവേദനവും നൊബേല്‍ കമ്മിറ്റിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളഞ്ഞ് കടുത്ത ഇസ്രഈല്‍ അനുകൂലിയും അതി തീവ്ര വലതുപക്ഷ വാദിയുമായ മരിയ കൊരീന മച്ചാഡോയ്ക്കാണ് ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം സമ്മാനിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം.

Content Highlight:  Dr. Hussam Abu Safiya; The Gaza doctor who stood firm in the face of Israeli gunfire

സൈത്തൂണിന്റെ മക്കള്‍

ഭാഗം ഒന്ന്: ഹിന്ദ് റജബ്; 302 വെടിയുണ്ടകള്‍, ഇസ്രഈല്‍ കൊന്നുകളഞ്ഞ അഞ്ചു വയസുകാരി

ഭാഗം രണ്ട്: റിഫാത്ത് അല്‍ അറൈര്‍; ഗസയുടെ പ്രിയപ്പെട്ട കവി

ഭാഗം നാല്: ഡോ. സൂഫിയാന്‍ തയെ; ഗസയുടെ അധ്യാപകന്‍… ശാസ്ത്രജ്ഞന്‍

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more