സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനിടെ കയ്യടിച്ചു; രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഡോ. ഹന്ന യാസ്മിന് താക്കീത്
Kerala
സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനിടെ കയ്യടിച്ചു; രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഡോ. ഹന്ന യാസ്മിന് താക്കീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th October 2025, 12:07 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനിടെ കയ്യടിച്ചതില്‍ ഡോ. ഹന്ന യാസ്മിന്‍ വയലിന് താക്കീത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിലാണ് മലപ്പുറം ഹോമിയോ ഡി.എം.ഒ കൂടിയായ ഹന്നാ യാസ്മിന് താക്കീത് ലഭിച്ചത്.

ഹന്ന യാസ്മിന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ടിരുന്ന പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് താക്കീത് ഉത്തരവില്‍ പറയുന്നത്. ഭാവിയില്‍ ഹന്നയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്.

വികസന സമിതി യോഗത്തിനിടെയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. 2023 ജൂണ്‍ മൂന്നിന് കളക്‌ട്രേറ്റിൽ വെച്ചാണ് ഈ പരിപാടി നടന്നത്. ഹന്ന യാസ്മിന്റെ ഉള്‍പ്പെടെ മൊഴി എടുത്ത ശേഷമാണ് അച്ചടക്കനടപടി.

അതേസമയം ഹന്ന നല്‍കിയ മൊഴി പ്രകാരം, 54 കിലോമീറ്റര്‍ സ്വയം വാഹനമോടിച്ചാണ് ഡോക്ടര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. രാവിലെ ആരംഭിച്ച യോഗം രണ്ട് മണിയായിട്ടും അവസാനിച്ചിരുന്നില്ല.

എന്തുകൊണ്ടാണ് യോഗം അവസാനിക്കാത്തതെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സദസിലുള്ളവര്‍ പെട്ടെന്ന് കയ്യടിച്ചത്. യോഗം അവസാനിക്കുകയാണെന്ന് കരുതി താനും അപ്പോള്‍ കയ്യടിച്ചുവെന്നാണ് ഹന്ന പറയുന്നത്.

പിന്നീടാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോഴാണ് ആളുകള്‍ കയ്യടിച്ചതെന്ന് മനസിലായതെന്നും ഹന്ന യാസ്മിന്റെ മൊഴിയിലുണ്ട്. കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ അടക്കം പങ്കെടുത്ത വേദിയിലാണ് സംഭവം ഉണ്ടായത്.

വിശദീകരണം ശരിവെച്ച് നടപടി ഒഴിവാക്കണമെന്ന് ഹന്ന യാസ്മിന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്റെ നടപടി.

Content Highlight: Dr. Hanna Yasmin gets warning after two years for clapping while criticizing the govt