വിജയകുമാരിയുടെത് മനുഷ്യത്വമില്ലാത്ത അതിനീച ഇടപെടല്‍; സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ്: ഡോ. വത്സലന്‍ വാതുശേരി
Kerala
വിജയകുമാരിയുടെത് മനുഷ്യത്വമില്ലാത്ത അതിനീച ഇടപെടല്‍; സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ്: ഡോ. വത്സലന്‍ വാതുശേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2025, 9:46 pm

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതീയ അധിക്ഷേപ വിവാദത്തില്‍ സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.എന്‍ വിജയകുമാരിക്ക് എതിരെ കാലടി സര്‍വകലാശാല പ്രൊഫസറും എഴുത്തുകാരനുമായ ഡോ. വത്സലന്‍ വാതുശേരി.

സര്‍വകലാശാലകളും എല്ലാ വിദ്യാലയങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണെന്നും അവരെ ഭരിക്കാനോ ഭാവി കുളം തോണ്ടാനോ ഉള്ള ഇടങ്ങളല്ലെന്നും വത്സലന്‍ വാതുശേരി വിജയകുമാരിയെ ഓര്‍മിപ്പിച്ചു.

ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനെ ജാതീയമായി അധിക്ഷേപിച്ചതിന് പുറമെ വിദ്യാര്‍ത്ഥിയുടെ പ്രബന്ധത്തിന്റെ ഓപണ്‍ ഡിഫന്‍സ് അലങ്കോലമാക്കാന്‍ വിജയകുമാരി ശ്രമിക്കുകയും ചെയ്ത സംഭവം പുറത്തെത്തിയതിന് പിന്നാലെയായിരുന്നു വാതുശേരിയുടെ വിമര്‍ശനം.

ഫേസ്ബുക്കില്‍ കുറിച്ച വിമര്‍ശന പോസ്റ്റില്‍ സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  വേണ്ടിയുള്ളതാണെന്നും വിജ്ഞാനോല്പാദനവും വിജ്ഞാന വിതരണത്തിനുമായി കെട്ടിപ്പടുത്ത സംവിധാനമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിജയകുമാരിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു തലമുറയെ അതിന് സജ്ജരാക്കാന്‍ വേണ്ടിയാണ് സര്‍വകലാശാല എന്ന സംവിധാനം. അതിനു വേണ്ടി ചുമതലപ്പെടുത്തപ്പെട്ട വിദഗ്ധര്‍ മാത്രമാണ് അധ്യാപകര്‍. ഗവണ്‍മെന്റ് ശമ്പളം കൊടുത്ത് അധ്യാപകരെ നിയമിച്ചിരിക്കുന്നത് വരും തലമുറകളുടെ പ്രാപ്തി വികസിപ്പിച്ചെടുക്കാന്‍ വേണ്ടിയാണ്.

അല്ലാതെ അവരുടെ യജമാനരാവാനോ ഭരിക്കാനോ അവരുടെ ഭാവി കുളംതോണ്ടാനോ അല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇക്കാര്യം മറന്നുകൊണ്ട് അധ്യാപകര്‍ക്ക് വേണ്ടിയുള്ളതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് ചില അധ്യാപകര്‍ ധരിച്ചു നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തങ്ങള്‍ എന്നല്ല തങ്ങള്‍ക്ക്  വേണ്ടി വിദ്യാര്‍ത്ഥികള്‍ എന്നാണ് അവരുടെ ഭാവം. പ്രൊഫസര്‍ വിജയകുമാരിയെ നയിക്കുന്നത് ആ ഭാവമാണെന്നും ഡോ. വാതുശേരി പറഞ്ഞു.

വിപിന്‍ വിജയന്റെ പ്രബന്ധം പരിശോധിച്ച പരിശോധകര്‍ പ്രബന്ധം പി.എച്ച്.ഡി ബിരുദത്തിന് അര്‍ഹമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഓപണ്‍ ഡിഫന്‍സിനിനിടെ വിജയകുമാരി നടത്തിയ അന്യായമായ ഇടപെടലുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പ് മേധാവിയുടെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് പ്രൊഫ. വിജയകുമാരി കയറി പ്രബന്ധത്തിനെതിരെ കുറ്റപത്രം ഇറക്കിയത് അക്കാദമിക് എത്തിക്‌സോ മര്യാദയോ കേവലം മനുഷ്യത്വമോ പോലുമില്ലാത്ത അതിനീചമായ ഒരു ഇടപെടലാണെന്നും വാതുശേരി പറഞ്ഞു.

പി എച്ച്. ഡി. എടുക്കുന്ന സമയത്ത് തന്നെ ഗവേഷകന്‍ സര്‍വ്വജ്ഞപീഠം കയറാന്‍ പ്രാപ്തനാവണമെന്നില്ലെന്നും എഴുതിയ പ്രബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കിട്ടുന്ന ഒരു ബിരുദം മാത്രമാണ് പി.എച്ച്.ഡിയെന്ന് വിപിന്‍ വിജയന് വിഷയത്തില്‍ പാണ്ഡിത്യമില്ലെന്ന ആരോപണത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.


വിപിന്‍ വിജയന്റെ പ്രബന്ധം ബിരുദത്തിന് അര്‍ഹമാണെന്ന് പരിശോധകന്മാര്‍ വിലയിരുത്തിക്കഴിഞ്ഞിട്ടുള്ളതാണെന്നും വാതുശേരി ഫേസ്ബുക്കില്‍ കുറിച്ചു.

വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനും അവര്‍ക്ക് ഗുണം വരുത്താനും അതുവഴി രാഷ്ട്ര പുരോഗതിയില്‍ അവരെ പങ്കുചേര്‍ക്കാനുമാണ് തനിക്ക് ശമ്പളം തരുന്നത് എന്ന ബോധം എപ്പോഴും ഉണ്ടാവണം. ഇക്കാര്യങ്ങള്‍ ഒരിക്കലും മറന്ന് പോകരുതെന്നും വാതുശേരി കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ഡോ. വത്സന്‍ വാതുശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ്. കേരള സര്‍വകലാശാലയില്‍ വിപിന്‍ വിജയന്‍ എന്ന ഗവേഷകന്റെ പ്രബന്ധത്തിനെതിരെ പ്രൊഫസര്‍ സി.എന്‍. വിജയകുമാരി നടത്തിയ പരാമര്‍ശങ്ങളുടെയും ഓപ്പണ്‍ ഡിഫന്‍സില്‍ അവര്‍ നടത്തിയ മര്യാദകെട്ട പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. കലാശാലാതലത്തില്‍ 34 വര്‍ഷം അധ്യാപകനായിരുന്ന ആളാണ് ഞാന്‍.

രണ്ട് സര്‍വകലാശാലകളിലായി 14 വര്‍ഷവും കോളേജില്‍ 20 വര്‍ഷവും. സര്‍വകലാശാലയില്‍ പ്രൊഫസറും വകുപ്പ് അധ്യക്ഷനും ഡീനും ആയിരുന്നു. നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ വിലയിരുത്തുകയും നാല്പതോളം ഓപ്പണ്‍ ഡിഫന്‍സുകളില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ അനുഭവങ്ങളുടെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് ഞാന്‍ ചില കാര്യങ്ങള്‍ പറയുന്നത്.

പ്രൊഫസര്‍ വിജയകുമാരിയെപ്പോലുള്ള അധ്യാപകരോട് എനിക്ക് പറയാനുള്ള പ്രധാനപ്പെട്ട കാര്യം, സര്‍വകലാശാലകള്‍ (എല്ലാ വിദ്യാലയങ്ങളും) വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ളതാണ് എന്നതാണ്. അക്കാദമിക് മേഖലയിലെ അധ്യാപകര്‍ അടക്കമുള്ള സര്‍വ്വ ആളുകളും അതിനുശേഷമേ വരുന്നുള്ളൂ. വിജ്ഞാനോല്പാദനവും വിജ്ഞാന വിതരണവുമാണ് സര്‍വ്വകലാശാലകളില്‍ നടക്കേണ്ടത്. ഒരു തലമുറയെ അതിന് സജ്ജരാക്കാന്‍ വേണ്ടിയാണ് സര്‍വ്വകലാശാല എന്ന സംവിധാനം. അതിനു വേണ്ടി ചുമതലപ്പെടുത്തപ്പെട്ട വിദഗ്ദ്ധര്‍(?) മാത്രമാണ് അധ്യാപകര്‍.

ഗവണ്‍മെന്റ് ശമ്പളം കൊടുത്ത് അധ്യാപകരെ നിയമിച്ചിരിക്കുന്നതും പല ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നതും വരുംതലമുറകളുടെ പ്രാപ്തി വികസിപ്പിച്ചെടുക്കാന്‍ വേണ്ടിയാണ്. അല്ലാതെ അവരുടെ യജമാനരാവാനോ ഭരിക്കാനോ അവരുടെ ഭാവി കുളംതോണ്ടാനോ അല്ല.

ഇക്കാര്യം മറന്നുകൊണ്ട് അധ്യാപകര്‍ക്ക് വേണ്ടിയുള്ളതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് ചില അധ്യാപകര്‍ ധരിച്ചു വശായി നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തങ്ങള്‍ എന്നല്ല തങ്ങള്‍ക്കുവേണ്ടി വിദ്യാര്‍ഥികള്‍ എന്നാണ് അവരുടെ ഭാവം. പ്രൊഫസര്‍ വിജയകുമാരിയെ നയിക്കുന്നത് ആ ഭാവമാണ്.

അതുകൊണ്ട് സര്‍വ്വകലാശാലയുടെ എത്തിക്‌സിന് തന്നെ എതിരാണ് അവരുടെ സമീപനം. തനിക്ക് താല്പര്യമില്ലാത്ത വിദ്യാര്‍ത്ഥിയാണെങ്കില്‍ അവന്റെ ഭാവിതന്നെ കുളം തോണ്ടും എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു സംവിധാനത്തിന്റെ നടത്തിപ്പുകാരിയാണ് എന്നത് അവരുടെ പെരുമാറ്റത്തെ ഒരു ക്രിമിനല്‍ കുറ്റം തന്നെ ആക്കുന്നുണ്ട്. ഇത്തരമൊരു സംവിധാനത്തില്‍ തുടരാന്‍ താന്‍ യോഗ്യയല്ല എന്ന് അവര്‍ സ്വയം തെളിയിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്ന അധ്യാപകര്‍ ആരുമാവട്ടെ, അവര്‍ സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റാന്‍ യോഗ്യരല്ല.

എന്നെ ഞെട്ടിച്ച ഒരു കാര്യം ഓപ്പണ്‍ ഡിഫന്‍സിലെ പ്രൊഫസര്‍ വിജയകുമാരിയുടെ വ്യവസ്ഥാനുസൃതമല്ലാത്ത ഇടപെടലാണ്. ആ വീഡിയോ ഞാന്‍ കണ്ടു. വിപിന്‍ വിജയന്റെ പ്രബന്ധം പരിശോധിച്ച പരിശോധകര്‍ പ്രബന്ധം പി.എച്ച്. ഡി ബിരുദത്തിന് അര്‍ഹമാണെന്ന് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു.

അതിന്റെ അടിസ്ഥാനത്തില്‍ ഒരു പരിശോധകന്‍ ചെയര്‍മാനായി വന്ന് ഓപ്പണ്‍ ഡിഫന്‍സ് നടത്തുകയും ഗവേഷകന്റെ അര്‍ഹത ഉറപ്പിക്കുകയും ചെയ്തു കഴിഞ്ഞു. അതിനുശേഷമാണ് വകുപ്പ് മേധാവിയുടെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് പ്രൊഫ. വിജയകുമാരി കയറി പ്രബന്ധത്തിനെതിരെ ഒരു കുറ്റപത്രം ഇറക്കുന്നത്.

അക്കാദമിക് എത്തിക്‌സോ മര്യാദയോ കേവലം മനുഷ്യത്വമോ പോലുമില്ലാത്ത അതിനീചമായ ഒരു ഇടപെടല്‍. എത്രയോ യൂണിവേഴ്‌സിറ്റികളില്‍ ഓപ്പണ്‍ ഡിഫന്‍സ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവവും അറിവും വച്ചുകൊണ്ട് ഞാന്‍ പറയട്ടെ, പ്രൊഫസര്‍ വിജയകുമാരി ചെയ്തത് തികച്ചും തെറ്റായ ഒരു കാര്യമാണ്.

ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ പാടില്ലാത്ത വ്യവസ്ഥാ ലംഘനമാണ്. ഓപ്പണ്‍ ഡിഫന്‍സ് സംബന്ധിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കുക, ചെയര്‍പേഴ്‌സനെ സദസ്സിനു മുമ്പാകെ പരിചയപ്പെടുത്തുക എന്നീ കാര്യങ്ങളില്‍ കവിഞ്ഞ് ഒരു റോളും വകുപ്പ് മേധാവിക്ക് ഇല്ല. വിദ്യാര്‍ത്ഥി ഓപ്പണ്‍ ഡിഫന്‍സ് നേരിടുന്നതിന് സാക്ഷ്യം വഹിക്കുക എന്നതില്‍ കവിഞ്ഞ ഒരു റോളും (അനിവാര്യ ഘട്ടങ്ങളില്‍ ചില വിശദീകരണങ്ങള്‍ നടത്താം എന്നത് ഒഴികെ) റിസര്‍ച്ച് ഗൈഡിനും ഇല്ല. ചെയര്‍മാനു മുകളില്‍ ഒരു അധികാരവും ഡീനിനും ഇല്ല.

ഓപ്പണ്‍ ഡിഫന്‍സിന്റെ നിയന്ത്രണം പൂര്‍ണമായും ചെയര്‍പേഴ്‌സണ് ആണ്. എന്നിരിക്കെ എന്ത് അധികാരത്തിലാണ് ചെയര്‍മാനെയും മറികടന്ന് പ്രൊഫസര്‍ വിജയകുമാരി ഓപ്പണ്‍ ഡിഫന്‍സില്‍ സംസാരിച്ചത്? അവര്‍ അവഹേളിച്ചത് വിദ്യാര്‍ത്ഥിയെ മാത്രമല്ല ഓപ്പണ്‍ ഡിഫന്‍സിന് എത്തിയ ചെയര്‍മാനെയും സര്‍വകലാശാലയെ ത്തന്നെയുമാണ്. പ്രൊഫസര്‍ വിജയകുമാരി അക്കാദമിക് സംവിധാനത്തിനും സര്‍വ്വകലാശാലയ്ക്കും ഒരു അപമാനമാണ്.


ഇത്തരം അധ്യാപകരെ അവരുടെ പരിധികളെപ്പറ്റി ഓര്‍മ്മപ്പെടുത്തേണ്ടതും പരിധി കടക്കുന്നവരെ നിയന്ത്രിക്കേണ്ടതും സര്‍വ്വകലാശാലയുടെ ചുമതലയാണ്. വിദ്യാര്‍ത്ഥിയെയും ഓപ്പണ്‍ ഡിഫന്‍സ് ചെയര്‍മാനെയും അവഹേളിച്ചതിന് അവര്‍ നടപടി നേരിടേണ്ടതും ഉണ്ട്

ഒരു കാര്യം കൂടി. ഗവേഷകന് ഗവേഷണ വിഷയത്തില്‍ പാണ്ഡിത്യം ഇല്ല എന്നതാണ് പ്രൊഫസര്‍ വിജയകുമാരിയുടെ ഒരു ആരോപണം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പി എച്ച്. ഡി. എടുക്കുന്ന സമയത്ത് തന്നെ ഗവേഷകന്‍ സര്‍വ്വജ്ഞപീഠം കയറാന്‍ പ്രാപ്തനാവണമെന്നില്ല.

എഴുതിയ പ്രബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കിട്ടുന്ന ഒരു ബിരുദം മാത്രമാണ് പി എച്ച്. ഡി. (വിപിന്‍ വിജയന്റെ പ്രബന്ധം അതിന് അര്‍ഹമാണെന്ന് പരിശോധകന്മാര്‍ വിലയിരുത്തിക്കഴിഞ്ഞിട്ടുള്ളതാണ്) അതിനുശേഷമാണ് പലപ്പോഴും തന്റെ ഗവേഷണ വിഷയത്തില്‍പ്പോലും ഒരു നല്ല സ്‌കോളറാവാന്‍ അവന് സാധിക്കുക.

മികച്ച സ്‌കോളര്‍മാര്‍ക്ക് മാത്രമേ പി എച്ച്. ഡി. കൊടുക്കാവൂ എന്നു ശഠിച്ചാല്‍ അതിന് അര്‍ഹതയുള്ളവരായി എത്ര പേരുണ്ടാകും എന്ന് ആലോചിക്കണം. പി എച്ച്. ഡി. എടുത്ത കാലത്തുതന്നെ സംസ്‌കൃതത്തില്‍ താനൊരു മഹാപണ്ഡിതയായി ക്കഴിഞ്ഞിരുന്നു എന്ന് പ്രൊഫസര്‍ വിജയകുമാരിക്കു തന്നെ അവകാശപ്പെടാനാകുമോ?

സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന അധ്യാപകര്‍ക്ക് ആദ്യത്തെ കടപ്പാട് വിദ്യാര്‍ത്ഥികളോടാണ്.(സര്‍ക്കാരിനോടുള്ള കടപ്പാട് എന്നാല്‍ ജനങ്ങളോടുള്ള കടപ്പാടാണ്) അവരെ പഠിപ്പിക്കാനും അവര്‍ക്ക് ഗുണം വരുത്താനും അതുവഴി രാഷ്ട്ര പുരോഗതിയില്‍ അവരെ പങ്കുചേര്‍ക്കാനുമാണ് തനിക്ക് ശമ്പളം തരുന്നത് എന്ന ബോധം എപ്പോഴും ഉണ്ടാവണം. ഇക്കാര്യങ്ങള്‍ ഒരിക്കലും മറന്ന് പോകരുത്.

Content Highlight: Dr. CN Vijayakumari’s intervention is inhumane and vile; Universities are for students: Dr. Valsalan Vathussery