ടൊവിനോ ഒരു റെയര്‍ സ്‌പെസിമെന്‍; താരത്തിനെതിരെയുള്ള ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവും: ഡോ. ബിജു
Entertainment
ടൊവിനോ ഒരു റെയര്‍ സ്‌പെസിമെന്‍; താരത്തിനെതിരെയുള്ള ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവും: ഡോ. ബിജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th May 2024, 7:56 am

നടന്‍ ടൊവിനോ തോമസിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് പോസ്റ്റുമായി വന്നത് വലിയ വാര്‍ത്തയായിരുന്നു. താന്‍ സംവിധാനം ചെയ്യുകയും ടൊവിനോ നിര്‍മാണ പങ്കാളിയാവുകയും ചെയ്ത വഴക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട ആരോപണമായിരുന്നു അത്.

ടൊവിനോ ഈ സിനിമ റിലീസ് ചെയ്യാന്‍ സഹകരിക്കുന്നില്ലെന്നും ചിത്രം തിയേറ്ററില്‍ എത്തിയാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്നാണ് പറയുന്നതെന്നുമായിരുന്നു സനല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ടൊവിനോ ഇതിന് മറുപടിയുമായി വന്നിരുന്നു.

ഇപ്പോള്‍ ടൊവിനോയെ പിന്തുണച്ച് വന്നിരിക്കുകയാണ് സംവിധായകന്‍ ഡോ. ബിജു. സാംസ്‌കാരിക കലാ സാമൂഹിക ബോധമുള്ള ഒരു നടനാണ് ടൊവിനോയെന്നാണ് അദ്ദേഹം തന്റെ എഫ്.ബി. പോസ്റ്റില്‍ കുറിച്ചത്. അങ്ങനെ ഒരു നടന്‍ തന്റെ ഏതെങ്കിലും സിനിമ പുറത്തിറങ്ങാന്‍ തടസം സൃഷ്ടിക്കുമെന്ന നിലയിലുള്ള ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവും ആണെന്നാണ് ഡോ. ബിജു പറയുന്നത്.

ഇത്തരം വ്യാജ ആരോപണങ്ങള്‍ പുതിയ ചെറുപ്പക്കാര്‍ക്ക് അക്കാദമിക് സിനിമകള്‍ ചെയ്യുവാന്‍ താരങ്ങളെ സമീപിക്കുന്നതില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. ടൊവിനോ ഒരു റെയര്‍ സ്‌പെസിമെനാണെന്നും വീണ്ടും വീണ്ടും ഏതു രീതിയിലും പാകപ്പെടുത്താന്‍ തക്ക ശേഷിയുള്ള ഒരു അസാധ്യനടനും താരവുമാണെന്നും ഡോ. ബിജു എഫ്.ബി. പോസ്റ്റില്‍ കുറിച്ചു.

എഫ്.ബി പോസ്റ്റിന്റെ പൂര്‍ണരൂപം;

അദൃശ്യ ജാലകങ്ങള്‍ സിനിമ ചെയ്യുമ്പോള്‍ അതിന്റെ അക്കാദമിക്കല്‍ സ്വഭാവത്തെ പറ്റി പൂര്‍ണമായും ബോധ്യമുള്ള ഒരു നടന്‍ ആയിരുന്നു ടൊവിനോ തോമസ്. എന്റര്‍ടൈന്‍മെന്റ് എന്ന നിലയില്‍ സിനിമ കാണാന്‍ എത്തുന്ന തിയേറ്റര്‍ ഓഡിയന്‍സിന് വേണ്ടിയുള്ള ഒരു സിനിമയല്ല ഇതെന്ന കൃത്യമായ ധാരണ സംവിധായകനും, നിര്‍മാതാക്കള്‍ക്കും, ടൊവിനോക്കും ഉണ്ടായിരുന്നു. തൊട്ടുമുമ്പില്‍ തല്ലുമാല പോലെ ഒരു സിനിമയുടെ വലിയ തിയേറ്റര്‍ വിജയത്തിന്റെ സമയത്താണ് ടൊവിനോ അദൃശ്യ ജാലകങ്ങള്‍ ചെയ്യുന്നത്. സാധ്യമാകുമ്പോള്‍ ഒക്കെ അക്കാദമിക് സിനിമകളില്‍ കൂടി ഭാഗമാകുക എന്നത് ആയിരുന്നു ടൊവിനോയുടെ ആഗ്രഹം.

സിനിമയുടെ തിയേറ്റര്‍ വിജയത്തിനപ്പുറം അക്കാദമിക് ആയ ഒരു സിനിമ ലോകമെമ്പാടും ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള സാധ്യത, മലയാളത്തിന്റെയും ഇന്ത്യയുടേയും അഭിമാനമായി ലോകമെമ്പാടും സഞ്ചരിക്കുന്ന ഒരു സിനിമാ ശ്രമത്തിന്റെ ഭാഗമാവുക, ഒപ്പം വ്യത്യസ്തമായ ഴോണറുകളില്‍ ഉള്ള സിനിമകള്‍ ചെയ്യുക ഇതൊക്കെ ആണ് ടൊവിനോയ്ക്ക് ഈ സിനിമയോടുള്ള താത്പര്യം. കച്ചവട സിനിമയില്‍ മലയാളത്തിലെ ഒരു യുവ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ നില്‍ക്കുന്ന ഒരു നടന്‍ തിയേറ്ററുകളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കാന്‍ സാധ്യതയില്ല എന്നുറപ്പുള്ള ഒരു സിനിമയില്‍ തീര്‍ത്തും ഡീ ഗ്ലാമറസ് ആയ യാതൊരു നായക പരിവേഷവും ഇല്ലാത്ത ഒരു വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറാവുക എന്നത് ഒരു ചെറിയ കാര്യമല്ല.

അത് ആ സിനിമയുടെ പ്രമേയത്തോടും സംവിധായകനോടുമുള്ള ഒരു വിശ്വാസം കൂടിയാണ്. തിയേറ്ററില്‍ ഓടില്ല എന്നതിന്റെ പേരില്‍ മുഖ്യധാരാ നടപ്പു രീതികള്‍ പിന്തുടരുന്ന മാധ്യമങ്ങളും, കാണികളും, ഫാന്‍സും കളിയാക്കാന്‍ സാധ്യത ഉണ്ട് എന്നത് കൃത്യമായി അറിഞ്ഞു കൊണ്ട് തന്നെ അത്തരം ഒരു സിനിമയുടെ നിര്‍മാണ പങ്കാളി കൂടി ആയി ടൊവിനോ എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ സിനിമയുടെ ഓഡിയന്‍സ് തിയേറ്ററില്‍ അല്ല, മറിച്ചു ചലച്ചിത്ര മേളകളിലും ഒ.ടി.ടിയിലും ആണ് എന്ന കൃത്യമായ ധാരണ സംവിധായകനും നിര്‍മാതാക്കള്‍ക്കും ടൊവിനോക്കും ഉണ്ടായിരുന്നു. എല്ലനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവുവും, മൈത്രി മൂവി മേക്കേഴ്സും, ടൊവിനോ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്.

മലയാളത്തിലെ ഒരു സാധാരണ ആര്‍ട്ട് ഹൗസ് സിനിമയെക്കാളും വളരെ വലിയ ബജറ്റില്‍ ആണ് അദൃശ്യ ജാലകങ്ങള്‍ സിനിമ പൂര്‍ത്തിയാക്കിയത്. ഒരു നടന്‍ എന്ന നിലയിലും ഒരു മനുഷ്യന്‍ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ഒക്കെ ടൊവിനോയുടെ സഹകരണവും പെരുമാറ്റവും സമാനതകള്‍ ഇല്ലാത്തത് ആയിരുന്നു. ചിത്രീകരണ സമയത്തു മാത്രമല്ല ഈ നിമിഷം വരെയും അത് അങ്ങനെ തന്നെയാണ്. സിനിമ പൂര്‍ത്തിയായ ശേഷം ആദ്യ പ്രദര്‍ശനം ഏതെങ്കിലും പ്രധാന ചലച്ചിത്ര മേളകളില്‍ നടത്തുന്നതിനായി ഏതാനും ചലച്ചിത്ര മേളകള്‍ക്ക് അയച്ചു കൊടുത്തിരുന്നു. അപ്പോഴേക്കും നെറ്റ്ഫ്‌ളിക്‌സ് സിനിമയുടെ ഒ.ടി.ടി. റൈറ്റ്‌സ് വളരെ വലിയ ഒരു തുകയ്ക്ക് സ്വന്തമാക്കി. സെപ്തംബര്‍ മാസത്തേക്ക് റിലീസ് ഷെഡ്യൂള്‍ ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു.

അതേസമയത്താണ് ലോകത്തെ പ്രധാനപ്പെട്ട ആദ്യ 14 ചലച്ചിത്ര മേളകളില്‍ ഒന്നായ എസ്റ്റോണിയയിലെ താലിന്‍ ബ്‌ളാക്ക് നൈറ്റ് ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കുന്നത്. മേള നവംബര്‍ മാസത്തിലാണ്. അവിടെ ആദ്യ പ്രദര്‍ശനം വേണമെന്നത് മേളയുടെ നിബന്ധനയും ആണ്. നെറ്റ്ഫ്‌ളിക്‌സ് സെപ്തംബറില്‍ റിലീസ് ഷെഡ്യൂള്‍ ചെയ്തതിനാല്‍ അത് മാറ്റിയില്ലെങ്കില്‍ ഫെസ്റ്റിവല്‍ പ്രീമിയര്‍ സാധ്യമാകില്ല എന്ന അവസ്ഥയായി. നിര്‍മാതാക്കള്‍ക്ക് ഒപ്പം ടൊവിനോ കൂടി നെറ്റ്ഫ്‌ളിക്‌സുമായി സംസാരിച്ചിട്ടാണ് റിലീസ് ഡേറ്റ് നവംബറില്‍ താലിനിലെ പ്രദര്‍ശനത്തിന് ശേഷം എന്നത് സാധ്യമാക്കിയത്. താലിനിലെ മേളയില്‍ പങ്കെടുത്തത് ഞാനും, നിര്‍മാതാവ് രാധികാ ലാവുവും, ടൊവിനോയും ഉള്‍പ്പെടെ ആണ്.

ഒ.ടി.ടി റിലീസിന് മുന്‍പ് തിയേറ്റര്‍ റിലീസ് മാന്‍ഡേറ്ററി ആണ് എന്നതിനാല്‍ നവംബറില്‍ ഒരാഴ്ചത്തെ തിയേറ്റര്‍ റിലീസ് മാത്രമാണ് ഞങ്ങള്‍ ഷെഡ്യൂള്‍ ചെയ്തത്. റിലീസിന് ശേഷം രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്തു. വളരെ വലിയ ഒരു തുകയ്ക്ക് സെയില്‍ ആയ ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍. സിനിമ പിന്നീടും നിരവധി മേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴും ഒട്ടേറെ മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നു. പോര്‍ച്ചുഗലിലെ ഫന്റാസ്‌പ്പോര്‍ട്ടോ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക് ലഭിച്ചു. ഒരു സിനിമയുടെ സ്വഭാവം എന്താണ്, അതിന്റെ സാധ്യതകള്‍ എന്തൊക്കെയാണ് എന്ന കാര്യങ്ങളില്‍ കൃത്യമായ ധാരണയും കാഴ്ചപ്പാടുമുള്ള ഒരു നടന്‍ ആണ് ടൊവിനോ. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി, നെടുമുടി വേണു, തിലകന്‍, ഭാരത് ഗോപി തുടങ്ങിയ നടന്മാര്‍ ആയിരുന്നു മുഖ്യധാരാ സിനിമകള്‍ക്ക് ഒപ്പം ആര്‍ട്ട് ഹൗസ് സിനിമകളിലും അഭിനയിച്ചിരുന്നത്.

ഇപ്പോഴത്തെ യുവ നിരയിലെ സൂപ്പര്‍ താര നടന്മാരില്‍ ആ ഒരു രീതി പിന്തുടരുന്നത് ടൊവിനോയാണ്. മുഖ്യധാരാ സിനിമകള്‍ക്ക് ഒപ്പം അക്കാദമിക് സിനിമകളും ഇടയ്ക്കിടെ ഉണ്ടാവുക എന്നതും, അത്തരം സിനിമകളിലും മുഖ്യധാരാ താരങ്ങള്‍ പങ്കാളികളാകുക എന്നതും സിനിമയുടെ കലാത്മക ധാരയ്ക്ക് ഏറെ പ്രധാനമാണ്. അത്തരത്തിലുള്ള സാംസ്‌കാരിക കലാ സാമൂഹിക ബോധമുള്ള ഒരു നടനാണ് ടൊവിനോ തോമസ്. അങ്ങനെ ഒരു നടന്‍ തന്റെ ഏതെങ്കിലും സിനിമ പുറത്തിറങ്ങാന്‍ തടസം സൃഷ്ടിക്കും എന്ന നിലയിലുള്ള ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവും ആയിരിക്കും എന്നതില്‍ തര്‍ക്കം ഇല്ല.


അത്തരം വ്യാജ ആരോപണങ്ങള്‍ പുതിയ ചെറുപ്പക്കാര്‍ക്ക് അക്കാദമിക് സിനിമകള്‍ ചെയ്യുവാന്‍ താരങ്ങളെ സമീപിക്കുന്നതില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കും. മലയാളത്തിലെ ആര്‍ട്ട് ഹൗസ് സിനിമാ ധാര അല്ലെങ്കിലേ നിരവധി കാരണങ്ങള്‍ കൊണ്ട് പ്രതിസന്ധിയില്‍ ആണ്. അതിന്റെ കൂടെ ഇത്തരം അനാവശ്യ വിവാദങ്ങള്‍ നടന്മാരെ അക്കാദമിക് സിനിമകള്‍ ചെയ്യുന്നതില്‍ നിന്നും അകറ്റാന്‍ മാത്രമേ ഇടയാക്കൂ. അത് മലയാളത്തിലെ ആര്‍ട്ട് ഹൗസ് സിനിമാ ധാരയ്ക്ക് ഗുണകരമാവില്ല. ഏതായാലും ടൊവിനോയ്ക്ക് ഒപ്പം ഒരു സിനിമ ചെയ്യുകയും മേളകളില്‍ ഒന്നിച്ചു പങ്കെടുക്കുകയും ചെയ്ത ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒന്ന് പറയാം. ടൊവിനോ ഒരു റെയര്‍ സ്‌പെസിമെനാണ്. വീണ്ടും വീണ്ടും ഏതു രീതിയിലും പാകപ്പെടുത്താന്‍ തക്ക ശേഷിയുള്ള ഒരു അസാധ്യനടനും താരവുമാണയാള്‍. ലോക സിനിമകളെ പറ്റി കൃത്യമായ ബോധ്യമുള്ള ഒരു നടന്‍. സൂപ്പര്‍ താരത്തിനപ്പുറം നമ്മുടെ സുഹൃത്ത് എന്ന നിലയില്‍ എപ്പോഴും ഒപ്പമുണ്ടാകുന്ന ഒരു മനുഷ്യന്‍. അയാള്‍ക്ക് അയാള്‍ അഭിനയിച്ച ഒരു സിനിമയും പുറത്തിറങ്ങുന്നതിന് തടസം സൃഷ്ടിക്കാന്‍ സാധിക്കില്ല.

Content Highlight: Dr Biju Supports Tovino Thomas In Sanal Kumar Sasidharan Issue Related Vazhakk Movie