രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ കേന്ദ്ര കൃഷിമന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കയാണ്. കേന്ദ്ര സര്‍ക്കാര്‍ വിഷക്കമ്പനിക്ക് അനുകൂലമായ നിലപാടുമായി മുന്നോട്ട് പോകുമ്പോഴും കേരളത്തില്‍ വി.എം സുധീരനെന്ന കോണ്‍ഗ്രസ് നേതാവ് എന്‍ഡോസള്‍ഫാനെതിരെ ശക്തമായ നിലപാടെടുക്കുകയാണ്.
എന്നാല്‍ ശ്രദ്ധേയമായ കാര്യം സുധീരന്റെ പ്രസ്താവനകളെല്ലാം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് കേന്ദ്ര കൃഷിമന്ത്രാലയത്തെയാണെന്നതാണ്. അഥവാ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സിനെ കുറ്റവിമുക്തനാക്കി കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്ന എന്‍.സി.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് സുധീരന്റെ ഇടപെടലുകള്‍. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് പ്രഖ്യാപിതമാണ്. സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ നാം അത് കണ്ടതാണ്.
കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി കൃഷിവകുപ്പിന് സ്വന്തം നിലയില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കഴിയില്ല. ഇനി നല്‍കിയാല്‍ തന്നെ സര്‍ക്കാറിന് ഇടപെട്ട് അത് തിരുത്തിക്കാന്‍ കഴിയും. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ തിരുത്തല്‍ ശക്തിയാകാന്‍ ശ്രമിക്കാതെ കൃഷിവകുപ്പിനെ മാത്രം പ്രതിക്കൂട്ടില്‍ കയറ്റുന്ന സുധീരന്റെ നിലപാട് ആത്മാര്‍ത്ഥതയുള്ളതാണോ?. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു.
എം.ബി രാജേഷ്, ഡി.വൈ.എഫ്.ഐ പ്രസിഡന്റ്
സുധീരന്റെ നിലപാട് കേന്ദ്രഗവണ്‍മെന്റിന്റെ കള്ളത്തരങ്ങളെ മറച്ചുവയ്ക്കുന്നതാണ്. അദ്ദേഹം കൃഷിമന്ത്രാലയത്തെ കുറ്റപ്പെടുത്തുകയാണ്. എന്‍ഡോസള്‍ഫാന്‍ ലോബികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ ഹരജിയ്‌ക്കെതിരെ കൃഷിമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലം കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകൂടിയാണ്. നമുക്കറിയാം സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ കൃഷിമന്ത്രാലയത്തിനുമാത്രമായി അത്തരമൊരു നിലപാട് കോടതിയെ അറിയിക്കാനാവില്ല.
നേരത്തെ സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാനുവേണ്ടി ലോബിയിംങ് നടത്തുകയായിരുന്നു. അന്താരാഷ്ട്രതലത്തില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ വേണ്ടെന്ന നിലപാട് ഉയര്‍ന്നപ്പോള്‍, ഇന്ത്യ ഒറ്റപ്പെടുമെന്ന സ്ഥിതിവന്നപ്പോള്‍ ഗത്യന്തരമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റിയത്.
പിന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ യു.ഡി.എഫ് സംഘം ഇന്ന് പ്രധാനമന്ത്രിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു. ശരത് പവാറിനെ പോയി കാണാനാണ് പ്രധാനമന്ത്രി അവരോട് പറഞ്ഞത്. സത്യവാങ്മൂലം പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നാണ് ഞാനറിഞ്ഞത്. പവാറിനെ പോയി കണ്ടിട്ടും കാര്യമില്ല. ഇവരെല്ലാം എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. നേരത്തെ കോണ്‍ഗ്രസ് മന്ത്രി ജയറാം രമേശും എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഞാന്‍ പറഞ്ഞുവരുന്നത് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച് നിലപാടില്‍ കൃഷിമന്ത്രാലയത്തെ മാത്രം കുറ്റപ്പെടുത്താനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ കൃഷിമന്ത്രാലയത്തിന് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നത് ഇന്ത്യയിലെ ഏത് സാധാരണക്കാര്‍ക്കും അറിയുന്ന കാര്യമാണ്. അപ്പോള്‍ വി.എം സുധീരനെപ്പോലെ അനുഭവസമ്പത്തുള്ള ഒരു നേതാവിന് ഇക്കാര്യം അറിയില്ലെന്നു പറയാനാവില്ല. അദ്ദേഹം പൊട്ടന്‍കളിക്കുകയാണ്. ഒരു ഭാഗത്ത് ഇരയോടൊപ്പം കരയുകയും മറുഭാഗത്ത് വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന രീതിയാണ് സുധീരന്‍ ഇപ്പോള്‍ പിന്തുടരുന്നത്.
സജീദ് ഖാലിദ്, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി
എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാണ്. ഉടനടി നിരോധിക്കേണ്ട ആവശ്യമില്ലെന്നാണ് അത്. 11 വര്‍ഷത്തിനുള്ളില്‍ ആഗോള നിരോധനം വരുന്ന മുറയ്ക്കു മാത്രമാണ് ആ നിലയ്ക്ക് രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടുക.
ഈ നിലപാട് കാസര്‍കോഡും മുതലമടയിലും കേരളത്തില്‍തന്നെ മറ്റ് പലയിടങ്ങളിലുമായി എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരോടുള്ള കടുത്ത അവഹേളനമാണ്. വി.എം സുധീരനെപ്പോലുള്ള ജനകീയ വിഷയങ്ങളില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു നേതാവ് കേവലം ഒരു പ്രസ്ഥാവനയിലൂടെ മാത്രം പ്രതികരിക്കേണ്ട വിഷയമല്ല ഇത്. കേന്ദസര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്വമുള്ള ഒരു നേതാവെന്ന നിലക്ക് കേന്ദ്രസര്‍ക്കാരിനെ തിരുത്താന്‍ വേണ്ടുന്ന തരത്തിലുള്ള ശബ്ദം ഉയര്‍ത്തുക എന്നതാണ് സുധീരന്‍ ചെയ്യേണ്ടത്.
കേരളത്തിലെ ആരോഗ്യമന്ത്രി കാസര്‍കോഡു ദുരന്തമുണ്ടായത് എന്‍ഡോസള്‍ഫാന്‍ മൂലമാണോ എന്ന സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ ഇക്കാര്യത്തിലുള്ള നിലപാട് സംശയകരമാണ്. പ്രസ്ഥാവനകള്‍ കൊണ്ട് മാത്രം മുഖം രക്ഷിച്ചെടുക്കുക എന്നതില്‍ നിന്ന് സുധീരന് തിരുത്തല്‍ ശക്തിയാകാന്‍ കഴിമോ എന്നത് ആകാംഷാപൂര്‍വ്വം നോക്കുകയാണ്

കെ.പി കുഞ്ഞിക്കണ്ണന്‍, കോണ്‍ഗ്രസ് നേതാവ്
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വി.എം സുധീരന്‍ സ്വീകരിക്കുന്ന നിലപാട് തീര്‍ത്തും വ്യക്തിപരമാണ്. സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ സുധീരന്‍ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. കേരളാ കോണ്‍ഗ്രസ് നേതാവായിട്ടോ, കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയിലോ അല്ല അദ്ദേഹം പ്രതികരിക്കുന്നത്. അദ്ദേഹം സ്വന്തം നിലപാട് വെളിവാക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം ഉയര്‍ത്തിയ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിഗണന പാര്‍ട്ടിയും നല്‍കിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പൂര്‍ണ ഉത്തരവാദിത്തം കൃഷിവകുപ്പിനാണ്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ മറ്റ് ജില്ലകളില്‍ ഇതുകൊണ്ട് യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ക്ക് കാരണം അവിടെ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതാണെന്നുമാണ് കൃഷിവകുപ്പ് പറയുന്നത്. സ്വാഭാവികമായും കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ് കൃഷിവകുപ്പ് എന്നുള്ളതുകൊണ്ട് അവര്‍ക്കും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
പക്ഷെ കൃഷിവകുപ്പാണ് ഈ അശാസ്ത്രീയ നിലാപാട് സ്വീകരിച്ചതെന്നതിനാലാണ് വി.എം സുധീരന്‍ കൃഷിവകുപ്പിനെ കുറ്റപ്പെടുത്തുന്നത്. അവര്‍ സ്വീകരിച്ച നിലപാടാണ് മാറ്റേണ്ടത്.

എം.ഷാജര്‍ഖാന്‍, സാമൂഹ്യപ്രവര്‍ത്തകന്‍
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ശക്തമായ നിലപാടെടുത്തയാളാണ് വി.എം.സുധീരന്‍. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ തോല്‍ക്കണമെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് വരുമ്പോള്‍ ഒളിഞ്ഞോ തെളിഞ്ഞോ ഗവണ്‍മെന്റിനെ സഹായിക്കേണ്ടി വരും.അത് രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട കാര്യമാണ്.
കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാറായാലും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. സാമൂഹ്യ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നതോടൊപ്പം കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങളെ തുറന്ന് കാട്ടുന്ന സുധീരമായ നിലപാട് സുധീരന്‍ എടുക്കുമെന്ന് കരുതിയിരുന്നു.
പൊതുവില്‍ എന്‍ഡോസള്‍ഫാനെ എതിര്‍ക്കുമ്പോഴും ശരദ് പവാറിന്റെ ലോബിയിങ്ങിനെ പരസ്യമായി തള്ളി പറഞ്ഞ് സുധീരന്‍ രംഗത്ത് വരേണ്ടിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം പതിനൊന്ന് വര്‍ഷത്തേക്ക് മാത്രമായി വിലക്കിയത് രാഷ്ട്രീയ പരമായ വഞ്ചനയാണ്. തത്വപരമായി നിലപാടെടുക്കുകയാണെങ്കില്‍ കേന്ദസര്‍ക്കാറിനെ എതിര്‍ക്കേണ്ടിവരും. ബി ഒ ടി യില്‍ സമരസപ്പെടുന്ന നിലപാടാണ് എടുത്തത്. സുധീരന്‍ സത്യസന്ധനും നിലപാടുമുള്ള ആളാണ്. പക്ഷെ രാഷ്ട്രീയ വിഷയത്തില്‍ സമരസപ്പെടുന്നയാളാണ് അദ്ധേഹം. സമരസത്തിന്റെ വഴിയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ളത് മാത്രമായി പോകരുത്.

ജേക്കബ് ലാസര്‍, പി.യു.സി.എല്‍ പ്രവര്‍ത്തകന്‍
കോണ്‍ഗ്രസ്സ് നേതാവായിരിക്കെ തന്നെ കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളില്‍ പൊതുവികാരങ്ങള്‍ക്കനുസരിച്ച് നിലപാടെടുത്തയാളാണ് വി.എം സുധീരന്‍. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാത്രമല്ല കരിമണല്‍ വിഷയത്തിലും സമൂഹത്തിന്റെ നാവായാണ് അദ്ദേഹം നിന്നത്.
സുധീരന്റെ നിലപാട് പാര്‍ട്ടിയുടെ പ്രതിഛായക്ക് ഗുണകരമാവുകയാണ് ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ പറഞ്ഞിരുന്നു. അത്‌കൊണ്ട് സുധീരന്റെ നിലപാട് കാപട്യമായി കാണേണ്ടതില്ല. നൂറു കണക്കിന് സുധീരന്മാര്‍ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. അങ്ങിനെയെങ്കില്‍ അതൊരു ഇടതുപക്ഷ സംഘടനയായി മാറും.
സര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ നയമല്ല, വിഷ നയമാണ് വേണ്ടത്. വിഷം രാജ്യത്തിന് ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം. ഇനി ആവശ്യമുണ്ടെങ്കില്‍ അത് എത്ര, എവിടെ ഉപയോഗിക്കണം എന്ന് പരിശോധിക്കണം. രാജ്യത്ത് എത്രത്തോളം കാര്‍ഷിക ഉല്‍പാദനം നടക്കുന്നുണ്ട്, അതിന് എത്രത്തോളം വിഷം ആവശ്യമുണ്ട്. എവിടെയൊക്കെയാണ് അത് ഉപയോഗിക്കുന്നത്. ഇതെല്ലാം പരിശോധിക്കണം.
ഇക്കാര്യങ്ങളെല്ലാം നാം വ്യക്തിപരമായ ഉപയോഗത്തിന്റെയും വ്യക്തിപരമായ നഷ്ടങ്ങളുടെയും രീതിയിലാണ് വിലയിരുത്തുന്നത്. അത് ശരിയല്ല. മൂര്‍ഖന്‍ പാമ്പ് കടിച്ച് ഒരാള്‍ മരിച്ചാല്‍ ആ മൂര്‍ഖനെ കൊല്ലുന്നതു പോലെ മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. വിഷമുള്ള അണലി അപ്പുറത്ത് കിടക്കുന്നുണ്ട്. റൗണ്ട് അപ്പ് എന്ന മാരക വിഷം ഇപ്പോള്‍ കേരളത്തില്‍ കളനാശിനിയായി ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ഇത് ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം.
വി.എം സുധീരന്റെ മറുപടി
എന്‍ഡോസള്‍ഫാന്‍ ലോബി ആദ്യം മുതലേ സ്വീകരിച്ചുവരുന്ന ഒരു നിലപാടുണ്ട്. ആ നിലപാട് എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്നും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നുമാണ്. കച്ചവട ലാക്കോടുകൂടി മാത്രമാണ് അവരുടെ സര്‍വ നീക്കങ്ങളും എക്കാലത്തും ഉണ്ടായിട്ടുള്ളത്. അവരുടെ ഏജന്‍സിയെപ്പോലെ, അവരുടെ യഥാര്‍ത്ഥ വക്താവായി കൃഷിമന്ത്രാലയം മാറുന്നൊരവസ്ഥയാണ് ഇതേവരെ കാണുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സുപ്രീംകോടതിയില്‍ കൃഷിമന്ത്രാലയത്തിന്റെ ഡയറക്ടര്‍ കൊടുത്തിട്ടുള്ള സത്യവാങ്മൂലം. ഇത് ശരിക്ക് പറഞ്ഞാല്‍ തിരുത്തപ്പെടേണ്ടതാണ്. കേന്ദ്രഗവണ്‍മെന്റെിനെ സംബന്ധിച്ചിടത്തോളം കൃഷിമന്ത്രാലയം പറയുന്നതൊരു അന്തിമ വാക്കാണ് എന്ന വിശ്വാസം എനിക്കില്ല. ചുമതലപ്പെട്ടവര്‍ എന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു സത്യവാങ്മൂലം കൊടുത്തൂവെന്നെയുള്ളൂ. അതേസമയത്ത് കേന്ദ്രഗവണ്‍മെന്റ് ഇതിനോട് പൂര്‍ണമായി യോജിക്കുകയോ ഇല്ലയോ എന്നതാണ് കാതലായിട്ടുള്ള പ്രശ്‌നം. യോജിക്കരുത് എന്നാണ് ഞങ്ങളെപ്പോലുള്ളവര്‍ ശക്തമായി ആവശ്യപ്പെടുന്നത്.
എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന ആരോഗ്യ സാമൂഹ്യപ്രശ്‌നങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള സംഗതിയാണ്. ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, ഇതിനെയൊക്കെ സമ്പൂര്‍ണമായി അവഗണിച്ചുകൊണ്ട് എന്റോസള്‍ഫാന് അനുകൂലമായി ഏതൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടോ അതിനെ മാത്രം ആശ്രയിച്ച് കൃഷിമന്ത്രാലയം നടത്തിവരുന്ന ഈ നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
കൃഷിമന്ത്രാലയത്തിന്റെ ഈ നിലപാട് തിരുത്തപ്പെടേണ്ടതാണ്. അത് തിരുത്താന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറായിട്ടില്ലെങ്കില്‍ അത് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ടുപോകുക. അത് ഗവണ്‍മെന്റിനെ തന്നെ വളരെ മോശമായി ബാധിക്കും. വളരെ പ്രതീക്ഷയോടെ യു.പി.എ സര്‍ക്കാരിനെ നോക്കികാണുന്ന ജനതയെ നിരാശപ്പെടുത്തുമത്. നാടിന് നല്ലതല്ല. അതുകൊണ്ട് ഈ കാര്യത്തില്‍ ജാഗ്രത പാലിച്ചുകൊണ്ട് കേന്ദ്രകൃഷിമന്ത്രാലയം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. കേരളത്തിലെ എം.പിമാര്‍ ഇന്ന് പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. എം.പിമാര്‍ ഒറ്റക്കെട്ടായി നിന്ന് മന്ത്രിമാരുടെ സഹായത്തോടെയും സത്യവാങ്മൂലം തിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
ഇപ്പോള്‍ ഏറ്റവും അവസാനമായി ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട് വന്നു. ഇത് ഐ.സി.എം.ആറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലേക്കാണ് എത്തിച്ചിട്ടുള്ളത്. സര്‍ക്കാര്‍ കെ.പി.സി.സിയുടെ സമിതിയും ഈ വിഷയത്തെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ദിവസം ഈ സമിതിയും സര്‍ക്കാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ആസമയത്ത് ഈ വിഷയം ഉന്നയിച്ചിരുന്നു. ഞാന്‍ തന്നെയാണ് വിഷയം ഉന്നയിച്ചത്. സുപ്രീംകോടതിയിലെ കേസില്‍ കേരളം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് സംസ്ഥാന മുഖ്യമന്ത്രി കാര്യങ്ങള്‍ നീക്കുന്നുണ്ട്. ഞാനിന്ന് രാവിലെയും അദ്ദേഹവുമായി സംസാരിച്ചിരുന്നു. സംസ്ഥാനത്തിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കുന്നതിന് ആവശ്യമായ നടപടി അദ്ദേഹം സ്വീകരിച്ചതായി കാണാം. കൃഷിമന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിനോട് യോജിപ്പില്ല, അത് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൃഷിമന്ത്രാലയത്തിന് കത്തയക്കണമെന്ന തീരുമാനവും എടുത്തിട്ടുണ്ട്.
എന്‍ഡോസള്‍ഫാന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഷേക് സിങ്‌വിയെ കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ കാണേണ്ടതില്ല. അദ്ദേഹം അഭിഭാഷകനാണ്. അഭിഭാഷകന്‍ എന്ന നിലയില്‍ ഏത് വക്കാലത്തും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അതേസമയത്ത് തന്നെ കോണ്‍ഗ്രസിന്റെ വക്താവായി അദ്ദേഹം തുടരുന്ന കാലത്തോളം ജനദ്രോഹപരമായ നിലപാട് സ്വീകരിച്ചുവരുന്ന സ്ഥാപിതതാല്‍പര്യങ്ങളുടെ പ്രതിനിധികളായിട്ടുള്ള കമ്പനികളുടേയോ ശക്തികളുടേയോ വക്കാലത്തുകള്‍ ഏറ്റെടുക്കാന്‍ പാടില്ല. അങ്ങനെ അദ്ദേഹം അത് ഏറ്റെടുക്കണമെങ്കില്‍ ആദ്യം വേണ്ടത് സ്വയം ഈ വക്താവ് സ്ഥാനത്തുനിന്നും അദ്ദേഹം ഒഴിയണം. അത് തുടരുകയാണെങ്കില്‍ ഈ വക്താവ് സ്ഥാനത്തുനിന്നും അദ്ദേഹത്തെ ഒഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിക്കണം. അങ്ങേയറ്റം രാഷ്ട്രീയ അനൗചിത്യമാണ് സിംഗ്‌വിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നതില്‍ സംശയമില്ല. നേരത്തെ തന്നെ ലോട്ടറി കേസില്‍ അദ്ദേഹം ഇടപെട്ടതിന് കേന്ദ്രനേതൃത്വം വക്താവ് സ്ഥാനത്തുനിന്നും നീക്കം ചെയ്തതായിട്ടുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് താല്‍ക്കാലികമായിരുന്നു. ഏതായാലും അദ്ദേഹം ചെയ്തത് അങ്ങേയറ്റം തെറ്റാണെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തെ പോലുള്ളവരെ വക്താവ് സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്.
മറ്റ് ലഞ്ച് ബ്രേക്കുകള്‍






