Administrator
Administrator
‘മാരന്റെ രാജി കോണ്‍ഗ്രസ് സ്വയം കുഴിച്ച കുഴി’
Administrator
Thursday 7th July 2011 4:30pm

MARANകേന്ദ്ര ടെക്‌സ്റ്റയില്‍സ് മന്ത്രി ദയാനിധിമാരന്‍ രാജിവെക്കേണ്ടി വന്ന സാഹചര്യം കോണ്‍ഗ്രസ്സിനെയും കേന്ദ്ര സര്‍ക്കാറിനെയും വീണ്ടും പ്രതിക്കൂട്ടിലാക്കുകയാണ്. രണ്ട് യു.പി.എ സര്‍ക്കാറുകളുടെയും കാലത്ത് രാജ്യത്ത് മന്ത്രിമാര്‍ നടത്തിയ പകല്‍ക്കൊള്ളകളാണ് ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ടെലികോം മന്ത്രിയായിരുന്ന എ.രാജക്ക് സ്‌പെക്ട്രം കേസില്‍ നേരത്തെ തന്നെ രാജിവെക്കേണ്ടി വന്നു. സി.ബി.ഐ അറസ്റ്റ് ചെയ്ത രാജയിപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. കനിമൊഴി എം.പിയും ഇതേ അഴിമതിക്കേസില്‍പ്പെട്ട് രാജക്കൊപ്പം ജയിലില്‍ കഴിയുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര കമ്പനി കാര്യ സെക്രട്ടറി മുരളി ദിയോറ രാജി വെച്ചതിനും പിന്നിലും സി.എ.ജി കണ്ടെത്തിയ അഴിമതിയാണ്.

ടു.ജി സ്‌പെക്ട്രം അഴിമതി നടത്തിയ എ.രാജയാണ് അഴിമതിയിലെ രാജാവെന്നായിരുന്നു നാം കരുതിയിരുന്നത്. എന്നാല്‍ രാജയെ വെല്ലുന്ന അഴിമതിയാണ് മുന്‍ ടെലികോം മന്ത്രികൂടിയായ മാരന്‍ നടത്തിയതെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. ആരുടെയൊക്കെ കൈകളിലാണ് അഴിമതിയുടെ കറ പുരണ്ടിരിക്കുന്നതെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ഓരോ ദിവസത്തെയും സംഭവങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു വിഷയത്തെക്കുറിച്ച് ഡൂള്‍ന്യൂസ് ഇന്ന് മുതല്‍ ‘ലഞ്ച് ബ്രേക്ക്’ എന്ന പേരില്‍ ചര്‍ച്ച തുടങ്ങുകയാണ്. പ്രമുഖരുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കുമിത്. പ്രമുഖരുടെ പ്രതികരണങ്ങളില്‍ അവസാനിക്കേണ്ടതല്ല ഈ ചര്‍ച്ച, ചര്‍ച്ചയില്‍ വായനക്കാര്‍ക്കും പങ്കെടുക്കാം.


സ്വയം കുഴിച്ച കുഴിയില്‍ കോണ്‍ഗ്രസ്
(ജെ ഗോപീകൃഷ്ണന്‍-സ്‌പെക്ട്രം അഴിമതിക്കേസ് പുറത്ത് കൊണ്ട് വന്ന മാധ്യമപ്രവര്‍ത്തകന്‍)

J-GOPIKRISHNANടു ജി സ്‌പെക്രട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ രാജി വെക്കേണ്ടി വന്ന സാഹചര്യത്തില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കാനാണ് കോണ്‍ഗ്രസ് 2001 മുതലുള്ള ടെലികോം ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പറഞ്ഞത്. അതാണ് ഇപ്പോള്‍ സര്‍ക്കാറിന് തന്നെ തിരിച്ചടിയായിരിക്കുന്നത്. ബി.ജെ.പിയെ കുടുക്കാനാണ് അന്വേഷണം 2001ലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും കുടുങ്ങിയത് ദയാനിധി മാരനാണ്.

ബി.ജെ.പി നേതാവ് പ്രമോദ് മഹാജനെക്കുറിച്ച് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ബി.ജെ.പിക്ക് പ്രശ്‌നമുണ്ടാകില്ല. ബി.ജെ.പിയെ കുടുക്കാനാണ് അന്വേഷണം 2001ലേക്ക് നീട്ടിയതെങ്കിലും ഇതിനിടയില്‍ മാരന്‍ കിടക്കുന്നത് കാണാന്‍ കപില്‍ സിപലിനെപ്പോലെ വലിയ നിയമ വിദഗ്ധരുണ്ടായിട്ടും കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല.

ഇപ്പോള്‍ ദയാനിധി മാരനാണ് രാജിവെക്കേണ്ടി വന്നത്. എന്നാലിത് മാരനില്‍ മാത്രം ഒതുങ്ങുന്നതല്ല. അന്നത്തെ ധനമന്ത്രിയുടെ എതിര്‍പ്പുണ്ടായിട്ടും മാരന്റെ ഇടപാടുകള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകാരം നല്‍കിയെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സി.ബി.ഐയും കോടതിയും കേസിനെ ഏത് വിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

രാജിവെച്ചത് ഗത്യന്തരമില്ലാത്തതിനാല്‍
(പി.രാജീവ്- സി.പി.ഐ.എം രാജ്യസഭാ എം.പി)

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ ഭരിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍തന്നെ സി.ബി.ഐ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചത് കൊണ്ട്, മറ്റ് ഗത്യന്തരമില്ലാതായപ്പോഴാണ് മാരന്‍ രാജിവച്ചത്. രണ്ടാമത്തെ മന്ത്രിയാണ് കേന്ദ്ര മന്ത്രി സഭയില്‍ നിന്നും അഴിമതിയുടെ പേരില്‍ പുറത്ത് പോവുന്നത്. അത് കൊണ്ട് തന്നെ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഗവണ്‍മെന്റിനെ നയിക്കുന്ന പ്രധാനമന്ത്രിയെ ഒഴിവാക്കാന്‍ പറ്റില്ല. പ്രധാനമന്ത്രി തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.

ഗവണ്‍മെന്റ് പിന്തുടരുന്ന പുതിയ സാമ്പത്തിക നയങ്ങളാണ് അഴിമതിക്ക് ആക്കം കൂട്ടുന്നത്. പ്രകൃതി വിഭവങ്ങളെ സ്വകാര്യ വത്കരിക്കുകയാണ് ഗവണ്‍മെന്റ ചെയ്യുന്നത്. സ്‌പെക്ട്രം അഴിമതിതന്നെ ഇത്തരത്തില്‍ പെട്ട ഒന്നാണല്ലോ. ഇത്തരം നയങ്ങളില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോവണം. ശക്തമായ ലോക്പാല്‍ ബില്‍ നടപ്പില്‍ വരുന്നതോടെ അഴിമതികള്‍ക്ക് തടയിടാന്‍ കഴിയുമെന്ന് പ്രത്യാശിക്കാനെ ഇപ്പോള്‍ കഴിയൂ.

കോണ്‍ഗ്രസിന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല
(വി.ഡി സതീശന്‍(കോണ്‍ഗ്രസ് എം.എല്‍.എ)

മാരന്റെ രാജി കോണ്‍ഗ്രസിനെ യാതൊരു തരത്തിലും ബാധിക്കില്ല. ഐക്യമുന്നണി സര്‍ക്കാരിന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. യു.പി.എ സര്‍ക്കാരിനും ഇത് ബാധകമാണ്. യു.പി.എയ്ക്കുനേരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ക്കിരയായവരെല്ലാം തന്നെ ഘടകകക്ഷിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ആരോപണങ്ങള്‍ സ്‌പെസിഫിക്കായതിനാല്‍ രാജിവയ്ക്കുക എന്നതാണ് ധാര്‍മ്മിക മര്യാദ. അത് അവര്‍ സ്വയം ചെയ്യേണ്ടതാണ്. ഘടകകക്ഷിയായതിനാല്‍ കോണ്‍ഗ്രസിന് നിര്‍ബന്ധിക്കാനാവില്ല. അവരെല്ലാം തന്നെ രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

യു.പി.എ മന്ത്രസഭയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയാണ് ഈ ആരോപണങ്ങളുണ്ടായതെന്നതിനാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കോണ്‍ഗ്രസ് ഇവര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി സ്വീകരിക്കും. അഴിമതി തുടച്ചുനീക്കാന്‍ ശക്തമായ സംവിധായനങ്ങള്‍ ഉണ്ടാക്കും.

ഈ പ്രശ്‌നം കോണ്‍ഗ്രസ് ഡി.എം.കെ ബന്ധത്തിന് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് കരുതുന്നില്ല. ഉണ്ടാവുകയാണെങ്കില്‍ അത് കനിമൊഴിയെ അറസ്റ്റ് ചെയ്തപ്പോഴുണ്ടാകേണ്ടതാണ്. അപ്പോഴുണ്ടാകാത്ത പ്രശ്‌നം മാരന്റെ കാര്യത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഈ രാജികള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കുമെന്നും കരുതുന്നില്ല. ഘടകകക്ഷികള്‍ക്കുനേരെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ന്നതെന്ന് ജനങ്ങള്‍ക്ക് നന്നായി അറയാം. അതുകൊണ്ട് കോണ്‍ഗ്രസിന് ഇത് ബാധിക്കില്ല.

അഴിമതിക്കെതിരെ കോണ്‍ഗ്രസ്സിന് തണുപ്പന്‍ സമീപനം
(സി.കെ ചന്ദ്രപ്പന്‍(സി.പി.ഐ സംസ്ഥാന സെക്രട്ടറി)

സഖ്യകക്ഷിയായതുകൊണ്ടും അധികാരം നിലനിര്‍ത്താനും വേണ്ടി ഡി.എം.കെയ്ക്ക് വഴിവിട്ട സഹായം ചെയ്തു നല്‍കുന്ന കോണ്‍ഗ്രസിനെയാണ് ഇവിടെ കാണാന്‍ കഴിയുക. മാരനെതിരെയും, മുന്‍പ് രാജയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ തണുപ്പന്‍ സമീപനമാണ് കോണ്‍ഗ്രസ് എടുത്തത്. അവസാനം വരെ കാത്തിരുന്നു.

രാജയ്ക്ക് സ്‌പെക്ട്രം ഇടപാടില്‍ പങ്കുണ്ടെന്ന് പ്രധാനമന്ത്രിയ്ക്ക് കൃത്യമായി അറിയാമായിരുന്നു. രാജ അദ്ദേഹത്തിനയച്ച കത്തുകള്‍ അത് വിശദമാക്കുന്നുണ്ട്. എന്നിട്ടും രാജയ്‌ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാന്‍ പ്രധാനമന്ത്രി അമാന്തം കാണിക്കുകയാണ് ഉണ്ടായത്.

ഇപ്പോള്‍ മാരന്റെ കാര്യത്തിലും അതാണ് സംഭവിച്ചിരിക്കുന്നത്. മാരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് ദിവസങ്ങളായി. ഇതുവരെ അതിനെക്കുറിച്ച് യാതൊരു നിലപാടും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞദിവസം മാരനെതിരെ തെളിവുണ്ടെന്ന് കാണിച്ച് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുപോലും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാനുള്ള ധൈര്യം കേന്ദ്രസര്‍ക്കാര്‍ കാണിച്ചിട്ടില്ല. മാരന്‍ സ്വമേധയാ രാജിവച്ച് പോകുന്നതും കാത്തിരിക്കുകയാണ് ഉണ്ടായത്.

ഇതിനുപുറമേ കഴിഞ്ഞദിവസം കള്ളപ്പണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ നടത്തുന്നതില്‍ വീഴ്ചയുണ്ടെന്ന് പറഞ്ഞ് സുപ്രീംകോടതി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. സുപ്രീംകോടതി തന്നെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിലും വലിയ അപമാനം കോണ്‍ഗ്രസിന് ഉണ്ടാവാനില്ല.

ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് അധികാരം നിലനിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ് ഡി.എം.കെയ്ക്ക് എന്ത് സഹായവും ചെയ്തു നല്‍കുമെന്നാണ്. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്തരം തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഒരു സര്‍ക്കാരിന് യോജിച്ചതല്ല.

Advertisement