സുരക്ഷയാണ് പ്രശ്‌നമെങ്കില്‍ നിഖാബിനൊപ്പം ഹെല്‌മെറ്റും നിരോധിക്കണ്ടെയെന്ന് നാസര്‍ ഫൈസി; നിഖാബ് മതം നിഷ്‌കര്‍ഷിക്കുന്നതല്ലെന്ന് വി.പി റെജീന: സംവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്

വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ സ്ഥാപനങ്ങള്‍ ഇടപെടുന്നതിനെതിരെയാണ് സമസ്ത, നിഖാബ് വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് നാസര്‍ ഫൈസി പറഞ്ഞു. മതം നിഷ്‌കര്‍ഷിക്കുന്നതല്ല നിഖാബ് എന്ന് വി.പി റെജീന.

മുസ്‌ലിം എഡ്യുക്കേഷന്‍ സൊസൈറ്റി എം.ഇ.എസിന്റെ 152 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നിഖാബ് ധരിക്കാന്‍ അനുവാദമില്ല എന്നറിയിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ ഫസല്‍ ഗഫൂര്‍ പുറത്തിറക്കിയിരുന്നു. ഇത് പല തരത്തിലുള്ള സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതെ വിഷയത്തില്‍ ഡൂള്‍ ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.

വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശം പോലെ തന്നെ ധരിക്കാനുമുണ്ട്. ഒരു പെണ്‍കുട്ടിക്ക് മുഖം പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ അത് പാടില്ല എന്ന് പറയുന്നതിനെതിരെയാണ് ഞങ്ങള്‍. സമസ്ത ആരോടും നിഖാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല എന്നും നാസര്‍ ഫൈസി പറഞ്ഞു.

ശ്രീലങ്കന്‍ സര്‍ക്കാര്‍ മുഖാവരണം നിരോധിച്ച വാര്‍ത്തയെ താന്‍ മറ്റൊരു തരത്തിലാണ് കാണുന്നത് എന്ന് വി.പി റെജീന പറഞ്ഞു. വസ്ത്രം ഭക്ഷണം തുടങ്ങിയവയിലൊക്കെ ഭരണഘൂടം ഇടപെടുന്നത് ശരിയായ പ്രവണതയല്ല. എന്നാല്‍ ഇസ്‌ലാമില്‍ മൂടുപടത്തെ കുറിച്ച് പറയുന്നില്ല എന്നും റെജീന കൂട്ടിച്ചേര്‍ത്തു. ഇതിന് ആധാരമായി ഖുര്‍ആനിലെ സൂക്തവും റെജീന ചൂണ്ടിക്കാട്ടി.

സൂക്തം പറയുന്നത് ‘നിങ്ങള്‍ അനുവാദമില്ലാതെയും ഉചിതമായ സമയത്തിനു കാത്തു നില്‍ക്കാതെയും പ്രവാചകന്റെ ഭവനത്തിലേക്ക് പ്രവേശിക്കരുത്. നിങ്ങള്‍ ക്ഷണിക്കപ്പെടുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ചെല്ലുക. കഴിച്ചു കഴിഞ്ഞാല്‍ അധികം നേരം സംഭാഷണത്തിലേര്‍പ്പെടാതെ പിരിഞ്ഞു പോവുക. നിങ്ങളോട് പിരിഞ്ഞു പോകുവാന്‍ പറയാന്‍ അള്ളാഹു ആഗ്രഹിക്കുന്നില്ല. എന്തെന്നാല്‍ അള്ളാഹു സത്യത്തിനെ ഭയമില്ലാത്തവനാകുന്നു. പ്രവാചകന്റെ ഭാര്യയോട് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് മറക്ക് പുറകില്‍ നിന്ന് പറയുക.’

ഇവിടെ മറ ഒരു വസ്ത്രമല്ല. പകരം ഇസ്ലാമില്‍ ഉപയോഗിക്കാവുന്ന വലിയ മാനങ്ങളുള്ള ഒരു പ്രയോഗമാണ്. മാത്രമല്ല അത് സ്ത്രീയോടൊ പുരുഷനൊടൊ അല്ല പറഞ്ഞത്. അത് എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണ്. അതിനെയാണ് ഇന്ന് കാണുന്ന രീതിയില്‍ വളച്ചൊടിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് എന്നാണ് വി.പി റെജീന പറഞ്ഞത്.