ബ്രിക്‌സിന്റെ അമേരിക്കൻ വിരുദ്ധ നയങ്ങൾ പിന്തുണക്കുന്നവർക്കെതിരെ 10 ശതമാനം അധിക തീരുവ ചുമത്തും; ഭീഷണിയുമായി ട്രംപ്
BRICS
ബ്രിക്‌സിന്റെ അമേരിക്കൻ വിരുദ്ധ നയങ്ങൾ പിന്തുണക്കുന്നവർക്കെതിരെ 10 ശതമാനം അധിക തീരുവ ചുമത്തും; ഭീഷണിയുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th July 2025, 12:59 pm

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടുള്ള ബ്രിക്സ് കൂട്ടായ്മയിലെ രാജ്യങ്ങൾക്ക് നേരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിക്സ് കൂട്ടായ്മയുടെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന രാജ്യങ്ങൾക്കെതിരെ 10 ശതമാനം അധിക തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഭീഷണിയുയർത്തിയത്.

‘ബ്രിക്‌സിന്റെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി പൊരുത്തപ്പെടുന്ന ഏതൊരു രാജ്യത്തിനെതിരെയും 10 ശതമാനം അധിക തീരുവ ഈടാക്കും. ഇതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല,’ ട്രംപ് എഴുതി.

'Iran is a threat in the Middle East', will attack more if peace is not achieved: Trump

അതേസമയം, ബ്രിക്സിന്റെ അമേരിക്ക വിരുദ്ധ നിലപാടുകൾ എന്തെല്ലാമാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എപ്പോഴാണ് തീരുവ ചുമത്തുകയെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളും അദ്ദേഹം നൽകിയിട്ടില്ല. നേരത്തെ, ഉഭയകക്ഷി വ്യാപാരത്തിൽ നിന്ന് യു.എസ് ഡോളർ ഉപേക്ഷിച്ചാൽ ബ്രിസ്‌കിന് മേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇന്ത്യ, സൗത്ത് ആഫ്രിക്ക, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്‌സ് ഉച്ചകോടി ബ്രസീലിൽ നടന്നുകൊണ്ടിരിക്കെയാണ് ട്രംപ് പുതിയ ഭീഷണി ഉയർത്തിയത്. കഴിഞ്ഞ മാസം യു.എസും ഇസ്രഈലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെ ഉച്ചകോടിയിൽ രാജ്യങ്ങൾ അപലപിച്ചിരുന്നു.

ഗസ മുനമ്പിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ബ്രിക്‌സ് ആവശ്യപ്പെട്ടു. മിഡിൽ ഈസ്റ്റിലുടനീളമുള്ള സംഘർഷങ്ങൾക്ക് ഉചിതമായ പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് ഭരണകൂടം ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് നേരെ ഉയർന്ന തീരുവ പ്രഖ്യാപിച്ചിരുന്നു. പിന്നീടത് 90 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചിരുന്നു. അതിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും.

Content Highlight: Donald Trump warns of additional 10 percent tariff on countries aligning with  ‘Anti – American policies’ of BRICS