ഞാൻ കാരണം അദ്ദേഹത്തിന്റെ പേര് താഴ്ന്നുപോകരുത്, ഉയർത്തണമെന്നാണ് ആഗ്രഹം’; രാജൻ പി. ദേവിന്റെ കൊച്ചുമകൻ ഡോൺ മൈക്കിൾ
Malayalam Cinema
ഞാൻ കാരണം അദ്ദേഹത്തിന്റെ പേര് താഴ്ന്നുപോകരുത്, ഉയർത്തണമെന്നാണ് ആഗ്രഹം’; രാജൻ പി. ദേവിന്റെ കൊച്ചുമകൻ ഡോൺ മൈക്കിൾ
അജ്മല്‍ കെ
Sunday, 23rd August 2026, 3:29 pm

മലയാളത്തിന്റെ പ്രിയ നടൻ രാജൻ പി. ദേവിന്റെ കൊച്ചുമകനെന്ന നിലയിൽ സിനിമയിലെത്തുന്നതിൽ അഭിമാനത്തോടൊപ്പം ഉത്തരവാദിത്തവും ഭയവുമുണ്ടെന്ന് പുതുമുഖ നായകൻ ഡോൺ മൈക്കിൾ. രാജൻ പി. ദേവിനെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇന്നുമുണ്ടെന്നും തന്റെ പ്രവർത്തികളിലൂടെ അദ്ദേഹത്തിന്റെ പേര് കൂടുതൽ ഉയർത്തണമെന്നാണ് ആഗ്രഹമെന്നും ഡോൺ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ലോ ആൻഡ് ഓർഡറിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘എനിക്ക് അതിൽ ഭയമുണ്ട്. പക്ഷെ അതിലേറെ സന്തോഷവുമുണ്ട്. ഡാഡിച്ചനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഇവിടെയുണ്ട്. അവരുടെ സ്നേഹം എന്റെ പ്രവർത്തി കൊണ്ട് മോശമാകാതിരിക്കണം. എന്റെ പ്രവർത്തി കൊണ്ട് എന്തെങ്കിലും ഗുണം ചെയ്യണം എന്ന ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ പേര് ഞാൻ കാരണം എവിടെയും താഴ്ന്നുപോകാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ആ പേര് ഒന്ന് ഉയർത്തണം. എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്തിട്ട് അദ്ദേഹത്തിന്റെ പേര് എന്റെ കൂടെ ചേർത്ത് വെക്കണം,’ ഡോൺ മൈക്കിൾ പറഞ്ഞു.

ഡോൺ മൈക്കിൾ. Photo: Screengrab/ Youtube.com

സിനിമയിലേക്ക് വരാനുള്ള തന്റെ ആഗ്രഹത്തെ ആദ്യം പിതാവ് ശക്തമായി എതിർത്തിരുന്നെന്നും ഡോൺ വ്യക്തമാക്കി. ബിസിനസുകാരനായ പിതാവിന് സിനിമയോട് പ്രത്യേകിച്ച് താത്പര്യമില്ലായിരുന്നെന്നും, നേരത്തെ ഒരു സിനിമ നിർമിച്ച് നഷ്ടം സംഭവിച്ചതാണ് അതിന് പ്രധാന കാരണമെന്നും നടൻ പറഞ്ഞു.

‘അച്ഛന് ഞാൻ സിനിമയിലേക്ക് വരുന്നതിൽ ഭയങ്കര എതിർപ്പായിരുന്നു. അച്ഛൻ ബിസിനസുകാരനാണ്. ഞാൻ പ്ലസ്ടു കഴിഞ്ഞപ്പോൾ അഭിനയം പഠിക്കണമെന്ന് പറഞ്ഞപ്പോൾ നടക്കില്ലെന്നാണ് പറഞ്ഞത്. അച്ഛൻ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തിരുന്നു. അത് പരാജയപ്പെട്ടതിന്റെ നഷ്ടം അച്ഛനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അച്ഛന് ഒരു പേടിയുണ്ടായിരുന്നു,’ ഡോൺ പറഞ്ഞു.

താൻ ചെറുപ്പം മുതലേ സിനിമയോട് വലിയ താത്പര്യമുള്ളയാളായിരുന്നെന്നും, അമ്മയുടെ പിന്തുണ ഉണ്ടായിരുന്നെന്നും ഡോൺ വ്യക്തമാക്കി. കുടുംബത്തിലെ ഏക മകനായതിനാൽ തന്നെക്കുറിച്ച് വീട്ടുകാർക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നുവെന്നും ഡോൺ മൈക്കിൾ പറഞ്ഞു.

എന്നാൽ അഭിനയമാണ് തനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ളതെന്നും, അതിൽ തനിക്ക് എത്രത്തോളം കഴിവുണ്ടെന്നോ എത്രത്തോളം വിജയിക്കാനാകുമെന്നോ ഇപ്പോൾ അറിയില്ലെന്നും ഡോൺ പറയുന്നു. അവസരം ലഭിച്ചാൽ കഴിവിന്റെ പരമാവധി പരിശ്രമിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

‘എനിക്ക് ചെയ്യാൻ ഇഷ്ടമുള്ളത് അഭിനയമാണ്. എനിക്ക് എത്രത്തോളം കഴിവുണ്ടെന്നോ എത്രത്തോളം അത് സക്സസ് ആകുമെന്നോ എനിക്കറിയില്ല. ഞാൻ ഒന്ന് കാൽവെച്ചാലേ അറിയൂ. എന്നെ ഒന്ന് കാൽവെക്കാൻ അനുവദിച്ചാൽ മാത്രം മതി. ഞാൻ ശ്രെമിക്കും പരിശ്രമിച്ചുകൊണ്ടേയിരിക്കും. തോറ്റുപോയാലും വീണ്ടും ശ്രമിക്കും. എനിക്ക് ഇത് തന്നെയാണ് ഇഷ്ടം. എനിക്ക് പറ്റുന്ന പണി ഇത് തന്നെയാണ്. ബിസ്സിനെസ്സ് ചെയ്യാനോ കണക്ക് നോക്കാനോ എനിക്ക് അറിയില്ല,’ ഡോൺ മൈക്കിൾ പറഞ്ഞു.

‘ലോ ആൻഡ് ഓർഡർ. Photo: Screengrab/Youtube.com

രഞ്ജിത്ത് സംവിധാനം ചെയ്ത് ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന മാസ് ആക്ഷൻ ത്രില്ലറാണ് ‘ലോ ആൻഡ് ഓർഡർ’. പ്രകാശ് വർമ്മയും അഭിരാമിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒരു പൊലീസ് ഓഫീസറും അഞ്ച് യുവ റിക്രൂട്ട്‌മെന്റുകളും ക്രിമിനൽ ലോകത്തെ നേരിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഡോൺ മൈക്കിൾ വേഷമിടുന്നത്. ചിത്രം സെപ്റ്റംബർ നാലിന് തിയേറ്ററുകളിലെത്തും.

Content Highlight: Don Michael talks about his grandfather, Rajan p. Dev

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.