ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ഒറ്റ ചിത്രത്തിലൂടെ ഡൊമിനിക് അരുണ്‍ എന്ന പേരും എല്ലായിടത്തും മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങി. തരംഗത്തിന് ശേഷം ഡൊമിനിക് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലോകഃ . ഇപ്പോള്‍ ലോകഃ യിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഡൊമിനിക് അരുണ്‍.
ആദ്യ സിനിമ വിജയിക്കാത്തതിന്റെ നിരാശയില്‍നിന്ന് കരകയറാന്‍ കുറച്ച് സമയമെടുത്തുവെന്ന് അദ്ദേഹം പറയുന്നു. പിന്നീട് എഴുതിയ പല തിരക്കഥകളും വലിയ പ്രോജക്ടുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അവയില്‍ ഒരു സിനിമ മുന്നോട്ട് പോയേനെ. എന്നാല്‍, കൊവിഡ് വില്ലനായി. 3 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലോകഃ യുടെ ചര്‍ച്ചകള്‍ തുടങ്ങുന്നത്. പിന്നീട് ഇത് മാത്രമായിരുന്നു മനസില്‍,’ അരുണ്‍ പറയുന്നു.
നിര്‍മാതാവായി ദുല്‍ഖര്‍ സല്‍മാന്‍ ഈ പ്രോജക്ടിലേക്ക് വന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പല നിര്‍മാതാക്കളുമായും ലോകഃ യുടെ തിരക്കഥ ചര്‍ച്ച ചെയ്തിരുന്നുവെന്നും ആരും നോ പറഞ്ഞില്ലെന്നും എന്നാല്‍ സ്ത്രീകേന്ദ്രീകൃത സിനിമ എന്നതും സിനിമയ്ക്ക് ആവശ്യമായി വരുന്ന വലിയ മുടക്കുമുതലും പലരിലും സംശയം ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.
‘ഛായാഗ്രാഹകന്‍ നിമിഷ് രവിയാണ് ദുല്‍ഖര്‍ സല്‍മാനോട് ഇങ്ങനെ ഒരു ഐഡിയ ഉണ്ടെന്ന് ആദ്യം പറയുന്നത്. ഫുള്‍ സ്‌ക്രിപ്റ്റുമായാണ് അദ്ദേഹത്തെ കാണാന്‍ പോയത്. കഥ കേട്ടപ്പോള്‍ തന്നെ ദുല്‍ഖര്‍ ഓണ്‍ ബോര്‍ഡായി. സിനിമയെ എങ്ങനെയാണു വളര്‍ത്താന്‍ ഉദ്ദേശിക്കുന്നതെന്ന കൃത്യമായ ബോധ്യം ദുല്‍ഖറിന് കിട്ടി. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ സംഭവിക്കുമായിരുന്നോ എന്നു സംശയമാണ്,’ അരുണ്‍ പറഞ്ഞു.
ദുല്‍ഖറിനോട് പറഞ്ഞതിന് ശേഷം മമ്മൂട്ടിയോടും കഥ പറഞ്ഞുവെന്നും സിനിമയെപ്പറ്റിയുള്ള കൃത്യമായ ബോധ്യം ആദ്യം മുതല്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മൂത്തോന്റെ കാര്യം പറഞ്ഞപ്പോള്‍ ആദ്യത്തെ സിനിമ ചെയ്തിട്ടു വാ എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും ഡൊമിനിക് കൂട്ടിച്ചേര്‍ത്തു.
‘എന്നാല്‍ സിനിമ പൂര്‍ത്തിയാക്കി അദ്ദേഹത്തിന്റെ ശബ്ദം ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചു. അദ്ദേഹം ആ കഥാപാത്രമാകാന്‍ ഇഷ്ടപെടുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ഡൊമിനിക് അരുണ്‍ പറയുന്നു.
Content highlight: Dominic Arun talks about lokah cinema and Dulquer