മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം ഏറ്റവും എക്‌സൈറ്റ് ചെയ്യിച്ച സിനിമയാണ് ലോകഃയെന്ന് ആ നടന്‍ പറഞ്ഞത് ഞാന്‍ അറിഞ്ഞു: ഡൊമിനിക് അരുണ്‍
Malayalam Cinema
മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം ഏറ്റവും എക്‌സൈറ്റ് ചെയ്യിച്ച സിനിമയാണ് ലോകഃയെന്ന് ആ നടന്‍ പറഞ്ഞത് ഞാന്‍ അറിഞ്ഞു: ഡൊമിനിക് അരുണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th September 2025, 5:06 pm

മലയാളത്തില്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. തരംഗത്തിന് ശേഷം ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ്. റിലീസ് ചെയ്ത് 13ാം ദിനം 200 കോടി എന്ന മാന്ത്രിക സംഖ്യ സ്വന്തമാക്കാനും ചിത്രത്തിന് സാധിച്ചു. മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ലോകഃ മാറുമെന്നാണ് പലരും കരുതുന്നത്.

ആദ്യചിത്രമായ തരംഗം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ശേഷം ഏഴ് വര്‍ഷത്തോളം സമയമെടുത്താണ് ഡൊമിനിക് അരുണ്‍ തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കിയത്. മികച്ച കണ്ടന്റുണ്ടെങ്കില്‍ ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും കണ്ടന്റാണ് യഥാര്‍ത്ഥ താരമെന്നും ഡോമിനിക് വീണ്ടും തെളിയിച്ചു. ചിത്രത്തിന്റെ റിലീസിന് ശേഷം ലഭിച്ച മറക്കാനാകാത്ത പ്രശംസയെക്കുറിച്ച് സംസാരിക്കുകയാണ് ഡൊമിനിക് അരുണ്‍.

‘പടം കണ്ടിട്ട് സലിംകുമാറേട്ടന്‍ വിളിച്ചിരുന്നു. ഇപ്പോള്‍ അത് പറഞ്ഞാല്‍ പൊങ്ങച്ചമൊകുമോ എന്ന് എനിക്കറിയില്ല. പക്ഷേ, എനിക്കത് ഒരുപാട് സന്തോഷം നല്‍കിയ കാര്യമാണ്. ‘നിങ്ങള്‍ എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്ക് ഈ പടം ഒന്നുകൂടെ കാണാന്‍ തോന്നുന്നുണ്ട്. ആ ലോകത്ത് നിന്ന് പുറത്തുവരാന്‍ തോന്നുന്നില്ല’ എന്നായിരുന്നു സലിമേട്ടന്‍ പറഞ്ഞത്.

പുള്ളി പറഞ്ഞത് കേട്ട് താങ്ക്യൂ ചേട്ടാ എന്ന് പറഞ്ഞ് ഞാന്‍ കട്ട് ചെയ്തു. കുറച്ചുകഴിഞ്ഞ് ചന്തു എനിക്ക് മെസ്സേജയച്ചിരുന്നു. ‘മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം അച്ഛനെ ഒരുപാട് എക്‌സൈറ്റ് ചെയ്യിച്ച പടമാണ് ഇതെന്ന് പറഞ്ഞു’ എന്നായിരുന്നു ആ മെസ്സേജില്‍. അത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. പടത്തിന് കിട്ടിയ ഏറ്റവും മികച്ച പ്രശംസകളിലൊന്നാണത്,’ ഡൊമിനിക് അരുണ്‍ പറയുന്നു.

കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവരാണ് ലോകഃയിലെ പ്രധാന താരങ്ങള്‍. അഞ്ച് ഭാഗങ്ങളുള്ള കഥയിലെ ആദ്യ ചിത്രമായാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര ഒരുങ്ങിയത്. മലയാളികള്‍ കേട്ടുവളര്‍ന്ന കഥയെ ഇന്നത്തെ ലോകവുമായി ബ്ലെന്‍ഡ് ചെയ്താണ് ചിത്രം ഒരുക്കിയത്. 30 കോടി ബജറ്റിലൊരുക്കിയ ചിത്രം ഇന്ത്യയൊട്ടുക്ക് ചര്‍ച്ചയാവുകയാണ്.

ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Dominic Arun shares the comment of Salim Kumar after Lokah movie